രണ്ട് മാസം മുമ്പ് 20 ലക്ഷത്തിന് ആർക്കും വേണ്ട; ഇപ്പോൾ സർഫ്രാസിനായി പിടിവലി
text_fieldsമുംബൈ: രാജ്കോട്ടിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച് രണ്ടിന്നിങ്സിലും അതിവേഗ അർധസെഞ്ച്വറികളുമായി താരമായ സർഫ്രാസ് ഖാനെ ടീമിലെത്തിക്കാൻ നീക്കവുമായി ഐ.പി.എല്ലിലെ പ്രമുഖ ടീമുകൾ. ഡിസംബറിൽ നടന്ന ഐ.പി.എൽ താരലേലത്തിൽ 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ ആരും വിളിച്ചെടുക്കാൻ തയാറായിരുന്നില്ല. ഇപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും താരത്തെ സ്വന്തമാക്കാൻ മത്സരത്തിലാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രാജ്കോട്ട് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയിലേക്ക് നീങ്ങവെ 62 റൺസെടുത്ത് നിർഭാഗ്യകരമായി റണ്ണൗട്ടായി മടങ്ങിയ സർഫ്രാസ് രണ്ടാം ഇന്നിങ്സിൽ 68 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയും ചെയ്തിരുന്നു. സർഫ്രാസ് എത്തുന്നത് ബാറ്റിങ് ലൈനപ്പ് ശക്തമാക്കുമെന്നാണ് കൊൽക്കത്തയുടെ മെന്ററായി ചുമതലയേറ്റ മുൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ ടീമിന് നൽകിയ ഉപദേശം. ഇപ്പോൾ തന്നെ റിങ്കു സിങ്, ശ്രേയസ് അയ്യർ, ജേസൻ റോയ്, ആന്ദ്രെ റസ്സൽ തുടങ്ങിയ കൂറ്റനടിക്കാരുള്ള ടീമാണ് കൊൽക്കത്ത.
മറുവശത്ത് ചെന്നൈ സൂപ്പർ കിങ്സും സർഫ്രാസിനായി സജീവമായി രംഗത്തുണ്ട്. ഇതിന് നായകൻ എം.എസ് ധോണി സമ്മതം മൂളുകയും ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ സർഫ്രാസ് മൂന്ന് സീസണിൽ കളിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും താരത്തിൽ താൽപര്യമുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നു.
എന്നാൽ, കൊൽക്കത്തക്കാണ് തടസ്സങ്ങളൊന്നുമില്ലാതെ താരത്തെ ടീമിലെത്തിക്കാനാവുക. എല്ലാ ഫ്രാഞ്ചൈസികൾക്കും മതിയായ പണം അവശേഷിക്കുന്നുണ്ടെങ്കിലും താരങ്ങളുടെ എണ്ണം നോക്കുമ്പോൾ കൊൽക്കത്തക്ക് മാത്രമാണ് അവസരമുള്ളത്. ഐ.പി.എല്ലിൽ ഒരു ടീമിൽ എടുക്കാവുന്ന പരമാവധി താരങ്ങളുടെ എണ്ണം 25 ആണ്. കൊൽക്കത്ത ഒഴികെ എല്ലാ ടീമുകളിലും ഇത്രയും പേരുണ്ട്. കൊൽക്കത്തയിൽ 23 പേരാണുള്ളത്. മറ്റു ടീമുകൾക്ക് ടീമിലെത്തിക്കണമെങ്കിൽ ഏതെങ്കിലുമൊരു താരത്തെ റിലീസ് ചെയ്യേണ്ടിവരും.
ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി 2015ൽ അരങ്ങേറിയ സർഫ്രാസിന് കാര്യമായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. 50 മത്സരങ്ങളിൽ ഒരു അർധ സെഞ്ച്വറിയടക്കം 585 റൺസാണ് താരത്തിന്റെ സമ്പാദ്യം. കഴിഞ്ഞ സീസണിൽ ഡൽഹി കാപിറ്റൽസ് നിരയിലുണ്ടായിരുന്ന സർഫ്രാസിന് നാല് മത്സരങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചത്. ഇതിൽ 53 റൺസ് മാത്രമായിരുന്നു സമ്പാദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.