ടി20 റാങ്കിങ്: സൂര്യയെ മറികടന്ന് തിലക് വർമ മൂന്നാമത്, 17 സ്ഥാനം മെച്ചപ്പെടുത്തി സഞ്ജു
text_fieldsമുംബൈ: ഐ.സി.സിയുടെ പുരുഷ ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യൻ താരം തിലക് വർമയുടെ മുന്നേറ്റം. 806 റേറ്റിങ് പോയന്റോടെ ടീം ഇന്ത്യ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്കാണ് തിലകിന്റെ കുതിപ്പ്. 788 പോയന്റുള്ള സൂര്യകുമാർ നാലാമതാണ്. എട്ടാമതുള്ള യശസ്വി ജയ്സ്വാളാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ ബാറ്റർ. ഓസീസ് താരം ട്രാവിസ് ഹെഡ് (855), ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ട് (828) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഹാർദിക് പാണ്ഡ്യ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഒന്നാമതെത്തി. ഇംഗ്ലണ്ടിന്‍റെ ലയാം ലിവിങ്സ്റ്റണാണ് പിന്നിലായത്. രവി ബിഷ്ണോയ് (എട്ട്), അർഷ്ദീപ് സിങ് (ഒമ്പത്) എന്നിവരാണ് ബോളർമാരിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ. ഇംഗ്ലിഷ് താരം ആദിൽ റാഷിദ് ഒന്നാമതാണ്.
ദക്ഷിണാഫ്രിക്കക്കെതിരെ അവസാന രണ്ട് ടി20കളിൽ സെഞ്ച്വറി നേടുകയും പരമ്പരയിലെ താരമാകുകയും ചെയ്തതോടെയാണ് തിലക് വർമ വമ്പൻ കുതിപ്പ് നടത്തിയത്. നാല് മത്സരങ്ങളിൽനിന്ന് 280 റൺസാണ് താരം അടിച്ചെടുത്തത്. ഈ വർഷമാദ്യം ഒന്നാമതുണ്ടായിരുന്ന സൂര്യ നിലവിൽ നാലാമതാണ്. പ്രോട്ടീസിനെതിരായ പരമ്പരയിൽ ബാറ്റിങ് ഓഡറിൽ സൂര്യ തന്റെ മൂന്നാം നമ്പർ പൊസിഷൻ തിലകിന് കൈമാറിയിരുന്നു. മൂന്ന് മത്സരത്തിൽ മാത്രമാണ് താരം ബാറ്റിങ്ങിനിറങ്ങിയത്. 21,4,1 എന്നിങ്ങനെയായിരുന്നു സൂര്യയുടെ സ്കോറുകൾ.
മലയാളി താരം സഞ്ജു സാംസൺ 17 സ്ഥാനം മെച്ചപ്പെടുത്തി 22-ാമത് എത്തി. ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് സെഞ്ചറികൾ നേടിയ പ്രകടനമാണ് താരത്തിന് തുണയായത്. കഴിഞ്ഞ അഞ്ച് ഇന്നിങ്സിൽ മൂന്ന് സെഞ്ച്വറിയാണ് സഞ്ജു നേടിയത്. മറ്റ് രണ്ട് ഇന്നിങ്സിൽ പൂജ്യത്തിന് പുറത്താകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.