തകർന്നടിഞ്ഞ് മുൻനിര; തിലക് വർമയുടെ അർധ സെഞ്ച്വറിയിൽ കരകയറി മുംബൈ
text_fieldsബംഗളൂരു: മുൻനിര ഒന്നടങ്കം റൺസ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടപ്പോൾ തകർപ്പൻ അർധസെഞ്ച്വറിയുമായി മുംബൈക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ച് തിലക് വർമ. 46 പന്തിൽ നാല് സിക്സും ഒമ്പത് ഫോറുമടക്കം പുറത്താവാതെ 84 റൺസടിച്ച താരത്തിന്റെ മികവിൽ മുംബൈ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണെടുത്തത്.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നേടിയ ബംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മുംബൈക്കായി ഓപണറായി ഇറങ്ങിയ രോഹിത് ശർമ പത്ത് പന്ത് നേരിട്ട് ഒരു റൺസ് മാത്രമെടുത്ത് ആകാശ് ദീപിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തികിന് പിടികൊടുത്ത് മടങ്ങി. 13 പന്തിൽ 10 റൺസെടുത്ത സഹഓപണർ ഇഷാൻ കിഷനെ മുഹമ്മദ് സിറാജിന്റെ പന്തിൽ ഹർഷൽ പട്ടേലും പിടികൂടി. വൺഡൗണായെത്തിയ കാമറൂൺ ഗ്രീൻ അഞ്ച് റൺസെടുത്ത് മടങ്ങിയതോടെ മുംബൈയുടെ പ്രതീക്ഷ മുഴുവൻ സൂര്യകുമാർ യാദവിലായി. എന്നാൽ, 16 പന്തിൽ 15 റൺസെടുത്ത് സൂര്യയും മടങ്ങിയതോടെ സന്ദർശകർ നാലിന് 48 എന്ന നിലയിലായി.
തുടർന്ന് തിലക് വർമയും നേഹൽ വധേരയും ചേർന്നുള്ള കൂട്ടുകെട്ടാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 13 പന്തിൽ 21 റൺസെടുത്ത വധേരയെ കരൺ ശർമ കോഹ്‍ലിയുടെ കൈയിലെത്തിച്ചു. തുടർന്നെത്തിയ ടിം ഡേവിഡ് (നാല്), ഹൃത്വിക് ഷൊകീൻ (അഞ്ച്) എന്നിവർ വേഗം മടങ്ങിയപ്പോൾ അർഷദ് ഖാൻ ഒമ്പത് പന്തിൽ 15 റൺസെടുത്ത് തിലക് വർമക്ക് മികച്ച പിന്തുണ നൽകി. ബംഗളൂരുവിനായി കരൺ ശർമ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, റീസ് ടോപ്‍ലി, ആകാശ്ദീപ്, ഹർഷൽ പട്ടേൽ, മൈക്കൽ ബ്രേസ്വെൽ എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.