ഇന്ത്യൻ പര്യടനത്തിന് മുമ്പ് ന്യൂസിലൻഡ് ക്യാപ്റ്റൻസി ഉപേക്ഷിച്ച് സൗത്തി; കിവീസിനെ ഇനി ടോം ലാഥം നയിക്കും
text_fieldsഓക്‌ലൻഡ്: ഇന്ത്യക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരക്ക് തൊട്ടുമുമ്പ് പേസ് ബളർ ടിം സൗത്തി ന്യൂസിലൻഡിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിച്ചു. ടോം ലാഥം കിവീസിന്‍റെ പുതിയ നായകനാകും. ന്യൂസിലൻഡിനെ 14 ടെസ്റ്റുകളിലാണ് സൗത്തി നയിച്ചത്. ഇതിൽ ആറു വീതം ജയവും പരാജവും നേരിട്ടപ്പോൾ രണ്ട് മത്സരത്തിൽ സമനില നേടി. തന്‍റെ കരിയറിൽ എപ്പോഴും ടീമിനാണ് മുൻഗണന നൽകിയതെന്നും ക്യാപ്റ്റൻ ഉപേക്ഷിക്കുന്നതാണ് ടീമിന് നല്ലതെന്ന് വിശ്വസിക്കുന്നതായും സൗത്തി പറഞ്ഞു.
ബൗളിങ്ങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ക്യാപ്റ്റൻസി ഉപേക്ഷിക്കുന്നതെന്നും സൗത്തി വ്യക്തമാക്കി. 35കാരനായ താരം ന്യൂസിലൻഡിനായി 102 ടെസ്റ്റ്, 161 ഏകദിന, 126 ട്വന്‍റി20 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 382 രാജ്യാന്തര വിക്കറ്റുകളാണ് താരത്തിന്‍റെ പേരിലുള്ളത്. റിച്ചാർഡ് ഹാർഡ്ലിക്ക് (431) ശേഷം ന്യൂസിലൻഡിനായി ഏറ്റവുമധികം വിക്കറ്റുകൾ പിഴുത താരം കൂടിയാണ് സൗത്തി.
2022 ഡിസംബറിൽ കെയ്ൻ വില്യംസൻ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പടിയിറങ്ങിയതോടെയാണ് സൗത്തിക്ക് നറുക്ക് വീണത്. 17 വർഷമായി കിവികൾക്കു വേണ്ടി കളിക്കുന്ന സൗത്തിയുടെ തീരുമാനത്തെ മുഖ്യപരിശീലകൻ ഗാരി സ്റ്റെഡ് അഭിനന്ദിച്ചു. തീരുമാനം ടീമിന് വേണ്ടിയാണെന്നും ടെസ്റ്റിൽ സൗത്തിയില്ലാത്ത സംഘത്തെ നിലവിൽ ചിന്തിക്കാനാവില്ലെന്നും സ്റ്റെഡ് പറഞ്ഞു.
നേരത്തെ ശ്രീലങ്കയിൽ രണ്ട് മത്സരങ്ങളടങ്ങിയ മത്സരത്തിനു ശേഷം അഫ്ഗാനിസ്ഥാനെതിരെ മത്സരിക്കാൻ കിവീസ് ടീം ഇന്ത്യയിലെത്തിയിരുന്നു. എന്നാൽ നോയിഡയിലെ കനത്ത മഴക്കു പിന്നാലെ മത്സരം ഉപേക്ഷിക്കേണ്ടിവന്നു. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ഈ മാസം 16ന് ബംഗളൂരുവിൽ തുടക്കമാകും. രണ്ടാം ടെസ്റ്റ് ഒക്ടോബർ 24 മുതൽ പുണെയിലും പരമ്പരയിലെ അവസാന ടെസ്റ്റ് നവംബർ ഒന്നുമുതൽ മുംബൈയിലും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.