ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയിലെ അവസാന ട്വന്റി20 ഇന്ന്
text_fieldsകേപ്ടൗൺ: തിലക് വർമ ഒറ്റക്ക് അടിച്ചെടുത്തത് ഹെന്റിക് ക്ലാസനും പിറകെ മാർകോ ജാൻസണും ചേർന്ന് തിരിച്ചുപിടിക്കാൻ നടത്തിയ ശ്രമം 11 റൺസിനരികെ വീണ മൂന്നാം ട്വന്റി20ക്ക് തുടർച്ച കുറിച്ച് പരമ്പര നേടാൻ ഇന്ത്യ. രണ്ടാം നിരയുടെ പ്രകടനസ്ഥിരതയെ കുറിച്ച ആധികൾക്കിടെയാണ് ഭാഗ്യമൈതാനമായ വാണ്ടറേഴ്സിൽ ഇന്ന് പരമ്പരയിലെ അവസാന ട്വന്റി മത്സരം.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്ന സൂചനകളുമായിട്ടായിരുന്നു മൂന്നാം ട്വന്റി20യിൽ സെഞ്ചൂറിയനിൽ ഇന്ത്യൻ വിജയം. ട്വന്റി20 കരിയറിലെ കന്നി സെഞ്ച്വറി കുറിച്ച തിലക് വർമ 56 പന്തിൽ 107 റൺസ് നേടി പുറത്താകാതെ നിന്നതാണ് മത്സരത്തിലെ ഹൈലൈറ്റ്. 25 പന്തിൽ അർധ സെഞ്ച്വറി കുറിച്ച അഭിഷേക് ശർമക്കൊപ്പം മികച്ച തുടക്കം കുറിച്ച തിലക് അവസാന പന്തുവരെയും പിടിച്ചുനിന്ന് ഇന്ത്യൻ ബാറ്റിങ്ങിന്റെ കപ്പൽ ഉലയാതെ നിർത്തി. മധ്യനിര ബാറ്റിങ് വീണ്ടും പതറിയ ദിനത്തിൽ അരങ്ങേറ്റം ഗംഭീരമാക്കി രമൺദീപ് സിങ് ആണ് സ്കോർ 200 കടത്തിയത്. ആറു പന്തിൽ 15 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.
ആദ്യ ട്വൻറി20യിൽ സെഞ്ച്വറിയുമായി ഞെട്ടിക്കുകയും പിന്നീട് രണ്ടു കളികളിലും പൂജ്യത്തിന് ക്ലീൻ ബൗൾഡാകുകയും ചെയ്ത സഞ്ജു സാംസൺ ഒരിക്കലൂടെ ജാൻസന്റെ കളിപ്പാവയാകുമോയെന്ന ചോദ്യവും തുറിച്ചുനോക്കുന്നു.
2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാകിസ്താനെ വീഴ്ത്തി കിരീടം ചൂടിയ ഓർമകളുറങ്ങുന്ന വേദിയാണ് വാണ്ടറേഴ്സ്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ട്വന്റി20 കരിയറിൽ കന്നി സെഞ്ച്വറി കുറിച്ചതും ഇവിടെ വെച്ചാണ്. പ്രതീക്ഷകളേറെ ബാക്കി നൽകുന്ന ഇവിടെ വിജയം മാത്രമാണ് ടീമിന്റെ ലക്ഷ്യം.
ഏറെ പ്രതീക്ഷയോടെ ടീമിലെത്തിയ റിങ്കു സിങ്ങിന്റെ മോശം ഫോമാണ് പരിശീലകൻ വി.വി.എസ് ലക്ഷ്മണിനെ ഏറെ ആകുലപ്പെടുത്തുന്നത്. മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ റിങ്കുവിന്റെ സമ്പാദ്യം 28 റൺസ് മാത്രമാണ്. രണ്ടു കളികളിൽ ആറാമനായും ഒന്നിൽ ഏഴാമനായുമാണ് താരം ഇറങ്ങിയത്. 15 അംഗ ടീമിൽ വൈശാഖ് വിജയകുമാർ, യാഷ് ദയാൽ എന്നിവർ ഇതുവരെയും ഇറങ്ങിയിട്ടില്ല. ഇവർക്ക് അവസരമാകുമോയെന്നതും ഉത്തരം കാത്തിരിക്കുന്ന ചോദ്യം.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്, തിലക് വർമ, ജിതേഷ് ശർമ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, വിജയകുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.