115 മീറ്ററിൽ ഗാലറിക്കപ്പുറത്ത് ഡു പ്ലസിയുടെ കൂറ്റൻ സിക്സർ; ഐ.പി.എൽ ചരിത്രത്തിലെ അഞ്ച് അതിദീർഘ സിക്സറുകളറിയാം
text_fieldsരവി ബിഷ്‍ണോയ് എറിഞ്ഞ പന്ത് ഗാലറി കടത്തി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം ഫാഫ് ഡു പ്ലസി സ്വന്തമാക്കിയത് ഐ.പി.എൽ 2023 സീസണിലെ ഏറ്റവും നീളം കൂടിയ സിക്സർ. മിഡ്‍വിക്കറ്റിനു മുകളിലൂടെ ഗാലറിയും കടന്ന് പറന്ന പന്ത് ബംഗളൂരു ചിന്നസ്വാമി മൈതാനത്തെ ശരിക്കും ആവേശത്തിലാഴ്ത്തി. സീസണിൽ ശിവം ദുബെ നേരത്തെ നേടിയ 103 മീറ്റർ സിക്സർ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ഡു പ്ലസി അടിച്ചത് സീസണിലെ ഏറ്റവും ദൈർഘ്യമേറിയതാണെങ്കിലും ഐ.പി.എൽ ചരിത്രത്തിൽ അതിലേറെ ദൂരത്തിൽ പറത്തിയവർ വേറെയുണ്ട്.
119 മീറ്റർ പറത്തി ന്യൂസിലൻഡ് താരം റോസ് ടെയ്‍ലർ, യുവരാജ് സിങ്, ക്രിസ് ഗെയ്ൽ എന്നിവരാണ് താരതമ്യേന റെക്കോഡുകാരിൽ പിറകിൽ. തൊട്ടുമുകളിൽ 120 മീറ്റർ ദൂരം അടിച്ചുപറത്തി റോബിൻ ഉത്തപ്പ 2010 സീസണിൽ നേടിയതാണ്. 15 പന്തിൽ 23 റൺസായിരുന്നു മുംബൈക്കെതിരായ കളിയിൽ അന്ന് ഉത്തപ്പയുടെ സമ്പാദ്യം.
122 മീറ്റർ പറത്തി അതുക്കും മീതെയുണ്ട് ആദം ഗിൽക്രിസ്റ്റ്. ബാംഗ്ലൂരിനെതിരായ കളിയിൽ കിങ്സ് ഇലവൻ പഞ്ചാബിനു വേണ്ടിയായിരുന്നു ഓസീസ് താരത്തിന്റെ മാസ്മരിക പ്രകടനം. അന്ന് 192.72 സ്ട്രൈക് റേറ്റിൽ സെഞ്ച്വറിയും (55 പന്തിൽ 106) സ്വന്തം പേരിലാക്കിയാണ് ഗിൽക്രിസ്റ്റ് ക്രീസ് വിട്ടത്.
എന്നാൽ, 2008 ഐ.പി.എല്ലിൽ പ്രവീൺ കുമാർ കുറിച്ചത് അതിലേറെ മാരകമായ സിക്സർ. രാജസ്ഥാനു മുന്നിൽ ആറു വിക്കറ്റിന് 78 റൺസുമായി തകർന്നു നിൽക്കെയായിരുന്നു താരത്തിന്റെ വരവ്. രണ്ടു ഫോറും മൂന്നു സിക്സറും പ്രഹരിച്ച പ്രവീൺ കുമാറിന്റെ ബാറ്റിൽനിന്ന് പറന്ന ഒരു സിക്സർ അന്ന് ചെന്നുനിന്നത് 124 മീറ്റർ അപ്പുറത്ത്. യൂസുഫ് പത്താനായിരുന്നു അന്ന് ഇത്രയും വലിയ ശിക്ഷ ഏറ്റുവാങ്ങിയത്. ഷെയിൻ വോണിനെതിരെയും ആ കളിയിൽ പ്രവീൺ കുമാർ തുടർച്ചയായ സിക്സർ അടിച്ചു.
എക്കാലത്തെയും അതിദൂര സിക്സറിന്റെ റെക്കോഡ് 2008ൽ അന്നത്തെ ചെന്നൈ താരമായിരുന്ന ആൽബി മോർക്കൽ കുറിച്ചതാണ്- 125 മീറ്റർ ദൂരം. പ്രഗ്യാൻ ഓജയുടെ പന്താണ് അന്ന് റെക്കോഡ് തൊട്ട് ഗാലറി കടന്നുപോയത്. അതുകഴിഞ്ഞ് പിന്നെയും 15 സീസൺ ആയെങ്കിലും പണമൊഴുകുന്ന ഐ.പി.എല്ലിൽ അത്ര ദൂരത്തേക്ക് ഇതുവരെയും സിക്സർ പറന്നിട്ടില്ല. ഒരു മുട്ടിൽ കുത്തിനിന്ന് മിഡ് വിക്കറ്റിന് മുകളിലൂടെയായിരുന്നു അന്ന് ദക്ഷിണാഫ്രിക്കൻ താരം ചെപ്പോക്ക് മൈതാനത്ത് സിക്സർ പറത്തിയത്.
ഐ.പി.എൽ മാറ്റിനിർത്തിയാൽ ക്രിക്കറ്റിൽ ഏറ്റവും നീളത്തിൽ സിക്സർ പറത്തിയ റെക്കോഡിനുടമ ഷാഹിദ് അഫ്രീദിയാണ്. 2013ൽ റയാൻ മക്‍ലാറനെതിരെ ആഞ്ഞുവീശിയ താരത്തിന്റെ ബാറ്റിൽനിന്ന് പറന്ന പന്ത് യാത്ര നിർത്തിയത് 153 മീറ്റർ അകലത്തിലായിരുന്നു. ആസ്ട്രേലിയയുടെ ബ്രെറ്റ് ലീ ബൗളറായാണ് ലോകത്തെ ഞെട്ടിച്ചതെങ്കിലും അതിദീർഘ സിക്സറുകളുടെ റെക്കോഡ് പുസ്തകത്തിൽ താരത്തിന്റെ പേര് രണ്ടാമതുണ്ട്. 143 മീറ്റർ സിക്സറാണ് ബ്രെറ്റ് ലീ പറത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.