രഞ്ജി ഫൈനലിൽ കേരളത്തിന് ടോസ് ഭാഗ്യം! ബൗളിങ് തെരഞ്ഞെടുത്തു; വരുണിനു പകരം ഏദൻ ആപ്പിൾ
text_fieldsനാഗ്പുർ: രഞ്ജി ട്രോഫിയിൽ ചരിത്ര ഫൈനൽ കളിക്കുന്ന കേരളത്തിന് ടോസ് ഭാഗ്യം. കേരള നായകൻ സചിൻ ബേബി ബൗളിങ് തെരഞ്ഞെടുത്തു.
നാഗ്പുർ വി.സി.എ സ്റ്റേഡിയത്തിലാണ് മത്സരം. ഒരു മാറ്റവുമായാണ് കേരളം കളിക്കാനിറങ്ങുന്നത്. ബാറ്റർ വരുൺ നായനാരെ ഒഴിവാക്കി യുവ പേസർ ഏദൻ ആപ്പിൾ ടോമിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി. ബാറ്റിങ്ങിനെ തുണക്കുന്ന വിക്കറ്റാണെങ്കിലും ഈർപ്പവും പച്ചപ്പും ആദ്യ രണ്ടുദിനങ്ങളിൽ പേസർമാർക്ക് അനുകൂലമാകാമെന്നതിനാലാണ് ഒരു ബൗളറെ കൂടി കേരളം ടീമിലുൾപ്പെടുത്തിയത്. മൂന്നാം ദിനം മുതൽ പിച്ച് സ്പിന്നർമാരെയും തുണക്കും.
ആദ്യ സെഷനിൽ തന്നെ വിദർഭയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ പേസ് ആക്രമണത്തിലൂടെ പ്രതിരോധത്തിലാക്കാനാണ് കേരളം ലക്ഷ്യമിടുന്നതു. ഏദൻ ഉൾപ്പെടെ ടീമിൽ മൂന്നു പേസർമാരാണുള്ളത്. വിദർഭ ടീമിലും ഒരു മാറ്റമുണ്ട്. അഥർവ ടെയ്ഡെക്ക് പകരം അക്ഷയ് കർനെവർ ടീമിലെത്തി. നോക്കൗട്ട് റൗണ്ടിൽ ജമ്മു-കശ്മീരിനെതിരെ ഒറ്റ റണ്ണിന്‍റെയും ഗുജറാത്തിനെതിരെ രണ്ടു റൺസിന്‍റെയും ഇന്നിങ്സ് ലീഡ് എന്ന നൂൽപ്പാലത്തിലൂടെയാണ് ഫൈനലിലേക്കുള്ള കേരളത്തിന്‍റെ വരവ്. ബാറ്റിങ്ങിൽ സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ കുന്നുമ്മൽ, ക്യാപ്റ്റൻ സചിൻ ബേബി എന്നിവരിലാണ് കേരളത്തിന്‍റെ പ്രതീക്ഷ. അവസരത്തിനൊത്ത് ഉയരാനുള്ള ഓൾ റൗണ്ടർ ജലജ് സക്സേനയുടെ മികവും തുണയാകും.
സമീപകാലത്ത് തകർപ്പൻ ഫോമിലുള്ള വിഭർഭ, കഴിഞ്ഞ മാസം വിജയ് ഹസാരെ ട്രോഫിയിൽ ഫൈനലിസ്റ്റുകളായിരുന്നു. രഞ്ജി ട്രോഫിയിൽ 2017-18 സീസണിലും 2018-19 സീസണിലും കിരീടമുയർത്തിയ വിദർഭക്കിത് നാലാം രഞ്ജി ഫൈനലാണ്. 10 വർഷത്തിനിടെയാണ് ഈ നാലു ഫൈനലുമെന്നത് ടീമിന്‍റെ സ്ഥിരതയാർന്ന പ്രകടനത്തിന്‍റെ തെളിവുകൂടിയാണ്. നിലവിലെ ചാമ്പ്യൻമാരായ മുംബൈയെ അവരുടെ മണ്ണിൽ 80 റണ്ണിന് കീഴടക്കി മധുരപ്രതികാരം തീർത്താണ് തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് വിദർഭയെത്തുന്നത്. കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോടായിരുന്നു വിദർഭയുടെ തോൽവി. മുംബൈക്കെതിരായ ടീമിലെ 17 പേരെയും വിദർഭ നിലനിർത്തി.
കേരള നിരയിൽ സൽമാൻ നിസാർ എട്ടുകളിയിൽനിന്ന് 607 റൺസും അസ്ഹറുദ്ദീൻ ഒമ്പതു കളിയിൽനിന്ന് 601 റൺസും നേടിയിട്ടുണ്ട്. രോഹനും സച്ചിനും 400ൽ ഏറെ റൺസും നേടി. ബൗളിങ്ങിൽ എതിരാളികളെ കറക്കിവീഴ്ത്തുകയാണ് കേരളത്തിന്‍റെ രീതി. ടീമിലെ അതിഥിതാരങ്ങളായ ജലജ് സക്സേനയും മുൻ വിദർഭ ടീമംഗം കൂടിയായ ആദിത്യ സർവാതെയുമാണ് സ്പിൻനിര നയിക്കുന്നത്. ഇതിനകം ഒമ്പതു കളിയിൽനിന്ന് സക്സേന 38ഉം ആദിത്യ സർവാതെ 30 ഉം വിക്കറ്റ് പിഴുതു. മീഡിയം പേസറായ എം.ഡി നിതീഷിന് ഏഴു കളിയിൽനിന്നായി 23 വിക്കറ്റിന്‍റെ സമ്പാദ്യവുമുണ്ട്. ഇതിൽ 10 വിക്കറ്റും ജമ്മുവിനെതിരായ ക്വാർട്ടറിലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.