ട്രെന്റ് ബോൾട്ട് സജീവ ക്രിക്കറ്റ് മതിയാക്കുന്നു
text_fieldsവെലിങ്ടൺ: ന്യൂസിലൻഡിന്റെ മുൻനിര പേസർ ട്രെന്റ് ബോൾട്ട് ദേശീയ ക്രിക്കറ്റ് ബോർഡുമായുള്ള കരാർ അവസാനിപ്പിച്ചു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനാണ് 33കാരനായ താരം ന്യൂസിലൻഡ് ക്രിക്കറ്റിൽനിന്ന് വിടുതൽ വാങ്ങിയത്. ബോൾട്ടിന് ഇനിയും ദേശീയ ടീമിൽ കളിക്കാനുള്ള അവസരമുണ്ട്. എന്നാൽ, കരാറിലുള്ള താരങ്ങൾക്കായിരിക്കും തെരഞ്ഞെടുപ്പിൽ മുൻഗണന.
മുഴുവൻ സമയ താരമെന്ന നിലയിൽ ബോൾട്ടിനെ നഷ്ടപ്പെടുന്നതിൽ വിഷമമുണ്ടെങ്കിലും തീരുമാനത്തെ മാനിക്കുന്നതായി ന്യൂസിലൻഡ് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടിവ് ഡേവിഡ് വൈറ്റ് പറഞ്ഞു. രാജ്യത്തിനുവേണ്ടി ഇനിയും കളിക്കാൻ ആഗ്രഹവും ശേഷിയുമുണ്ടെന്നും പുതിയ സാധ്യതകൾ തേടുന്നതിന് അനന്തരഫലം അറിഞ്ഞുകൊണ്ടു തന്നെ എടുത്ത തീരുമാനമാണെന്നും ബോൾട്ട് വ്യക്തമാക്കി.
ഭാര്യയെയും ചെറിയ മൂന്നു മക്കളെയും വീട്ടിൽ തനിച്ചാക്കി നിരന്തരം വിദേശത്തുൾപ്പെടെ മത്സരങ്ങൾക്ക് പോവുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേരത്തേ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിരുന്നു. ടെസ്റ്റിൽ 317, ഏകദിനത്തിൽ 169, ട്വന്റി20യിൽ 62 അന്താരാഷ്ട്ര വിക്കറ്റുകൾ നേടിയിട്ടുണ്ട് ബോൾട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.