സിറാജിനെതിരെ വർഗീയ വിദ്വേഷം ചൊരിഞ്ഞ് വീണ്ടും വർഗീയവാദികൾ
text_fieldsമുംബൈ: ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ മാസ്മരിക ബൗളിങ്ങാണ് എങ്ങും ചർച്ച. അഞ്ച് വർഷത്തിന് ശേഷം ഇന്ത്യ ഏഷ്യാ കപ്പ് കിരീടം ചൂടിയപ്പോൾ സിറാജാണ് മുന്നിൽ നിന്ന് നയിച്ചത്. ഒരോവറിൽ നാല് വിക്കറ്റുൾപ്പെടെ ആറു വിക്കറ്റുകൾ വീഴ്ത്തിയ സിറാജിന്റെ ഉജ്ജ്വല പ്രകടനമാണ് ശ്രീലങ്കയെ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോറിൽ (50) പുറത്താക്കിയത്.
ഇന്ത്യ പത്ത് വിക്കറ്റ് ജയത്തിലൂടെ കിരീടം നേടിയതിന്റെ ആഘോഷങ്ങൾക്കിടെ പതിവ് ട്രോളൻമാർ വർഗീയ വിദ്വേഷവുമായി വീണ്ടുമെത്തി. അഭിമാന നേട്ടത്തിൽ നിൽക്കുന്ന സിറാജിന്റെ മതം തന്നെയാണ് ഇത്തവണയും ഒരുകൂട്ടം വർഗീയവാദികളെ അസ്വസ്ഥമാക്കുന്നത്.
പ്രശസ്ത മാധ്യമപ്രവർത്തക റാണാ അയ്യൂബിന്റെ പോസ്റ്റിന് വന്ന മറുപടികളിൽ ഒന്ന് ഇങ്ങനെയായിരുന്നു. നെറ്റ് പ്രാക്ടീസ് എന്ന ക്യാപ്ഷനിൽ തൊപ്പി ധരിച്ച് കല്ലേറ് നടത്തുന്ന ആൾക്കൂട്ടത്തിന്റെ ചിത്രമാണ് പങ്കുവെച്ചത്. 'ചാഡ് ഇൻഫി' ഹാൻഡിലിൽ നിന്നാണ് കമന്റ്.
വിദ്വേഷം വളർത്തുന്ന മറ്റൊരു പോസ്റ്റിൽ 'കോമേടി വാലി' എന്ന പ്രൊഫൈൽ സിറാജിന്റെ കുടുംബാംഗങ്ങളെപ്പോലും ലക്ഷ്യംവെച്ചുള്ളതായിരുന്നു.
"ചെറുപ്പത്തിൽ പിതാവ് ബോംബ് എങ്ങനെ എറിയാമെന്നാണ് പഠിപ്പിച്ചത്. ഇപ്പോൾ ഞാൻ പന്ത് എങ്ങനെ എറിയാമെന്ന് പഠിച്ചു." സിറാജിന്റെ ചിത്രത്തോടൊപ്പം ചേർത്ത വരികൾ ഇതായിരുന്നു.
എന്നാൽ, വർഗീയവാദികളുടെ ഇത്തരം ട്രോളുകൾക്ക് ശക്തമായ മറുപടി നൽകി നിരവധി ക്രിക്കറ്റ് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, മതപരമായ വ്യക്തിത്വത്തിന്റെ പേരിൽ ക്രിക്കറ്റ് താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ വംശീയവും വർഗീയവുമായ അധിക്ഷേപം നേരിടുന്നത് ഇതാദ്യമല്ല. മുഹമ്മദ് ഷമിയും അർഷദീപ് സിങ്ങുമെല്ലാം നേരത്തെ ഇത്തരം ആക്രമണങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ പാകിസ്താനോട് ഇന്ത്യ തോറ്റതിന് പിന്നാലെയാണ് മുഹമ്മദ് ഷമിക്കെതിരെ വർഗീയ വിദ്വേഷം ചൊരിഞ്ഞത്. ഷമിയെ 'പാകിസ്താൻ ഏജന്റ്' എന്നും അർഷദീപിനെ 'ഖലിസ്താനി' എന്നും വിളിച്ചാണ് അധിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.