‘ട്രൊസാർഡാണ് എന്‍റെ ധോണി’; ഫുട്ബാളിനോടുള്ള ആരാധന തുറന്നുപറഞ്ഞ് ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ആശ ശോഭന
text_fieldsമുംബൈ: ഫുട്ബാളിനോടുള്ള ആരാധന തുറന്നുപറഞ്ഞ് ഇന്ത്യൻ വനിത ക്രിക്കറ്റിലെ മലയാളി താരം ആശാ ശോഭന. ട്വന്‍റി20 ലോകകപ്പിൽ കന്നിക്കിരീടമെന്ന സ്വപ്നവുമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് കളത്തിലിറങ്ങുന്നത്.
കരുത്തരും രണ്ട് തവണ റണ്ണറപ്പുകളുമായ ന്യൂസിലൻഡാണ് ഗ്രൂപ് എ പോരാട്ടത്തിൽ ഹർമൻപ്രീത് കൗറിന്റെയും സംഘത്തിന്റെയും എതിരാളികൾ. ആശക്കു പുറമെ ടീമിലെ മറ്റൊരു മലയാളി സാന്നിധ്യമാണ് സജന സജീവൻ. അടുത്തിടെ പ്രീമിയർ ലീഗ് ഇന്ത്യ അവരുടെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ വനിത ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരമായ ആശ ആഴ്സണലാണ് തന്‍റെ ഇഷ്ട ടീമെന്ന് വെളിപ്പെടുത്തുന്നുണ്ട്.
ക്ലബിന്‍റെ ബെൽജിയം മുന്നേറ്റതാരം ലിയാൻഡ്രോ ട്രൊസാർഡിന്‍റെ കടുത്ത ആരാധിക കൂടിയാണ് ഈ ലെഗ് സ്പിന്നർ. ഫിനിഷർ താരമായാണ് ട്രൊസാർഡിനെ വിശേഷിപ്പിക്കുന്നത്. ‘ട്രൊസാർഡാണ് എന്‍റെ എം.എസ്. ധോണി. വരുന്നു മത്സരം പൂർത്തിയാക്കുന്നു. നിർണായക സമയങ്ങളിൽ ടീമിനായി ഗോൾ നേടുകയും മത്സരങ്ങൾ ജയിപ്പിക്കുകയും ചെയ്യുന്നു’ -ആശ വിഡിയോയിൽ പറയുന്നു.
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷറായി വാഴ്ത്തപ്പെടുന്ന താരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ കൂടിയായ ധോണി. സിക്സറടിച്ച് മത്സരം ഫിനിഷ് ചെയ്യാന്‍ ധോണിക്ക് പ്രത്യേക കഴിവുതന്നെയുണ്ടായിരുന്നു. കഴിഞ്ഞ ഐ.പി.എല്ലിൽ ഉത്തർപ്രദേശ് വാരിയേഴ്സിനെതിരെ അഞ്ച് വിക്കറ്റ് നേടിയശേഷം ആശ ഫുട്ബാളിലെ പ്രസിദ്ധമായ ‘ഗ്ലാസസ് ഗോളാഘോഷം’ ഗ്രൗണ്ടിലും നടത്തിയിരുന്നു. ഐ.പി.എല്ലിൽ അഞ്ചു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന് റെക്കോഡും താരം സ്വന്തമാക്കി. 33ാം വയസ്സിലാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ആദ്യമായി ആശയെത്തുന്നത്. ബംഗ്ലാദേശിനെതിരായ ട്വന്‍റി20 പരമ്പരയിലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന ഏറ്റവും പ്രായ കൂടിയ താരം കൂടിയാണ്.
ഐ.പി.എല്ലിലെ തകർപ്പൻ പ്രകടനമാണ് താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത്. വനിത ഐ.പി.എൽ 2024ൽ 12 വിക്കറ്റുകളാണ് താരം നേടിയത്. ലെഗ് സ്പിന്നർ കരിയറിലെ പ്രഥമി ട്വന്‍റി20 ലോകകപ്പാണ് കളിക്കാൻ പോകുന്നത്. ഇന്ത്യക്ക് ആദ്യ ട്വന്‍റി20 ലോകകപ്പ് കിരീടം നേടി കൊടുക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് താരം പറഞ്ഞിരുന്നു. മുമ്പ് കേരളത്തിന് കളിച്ചിട്ടുള്ള ആശ പുതുച്ചേരിക്കാണ് കഴിഞ്ഞ സീസണില്‍ ഇറങ്ങിയത്. വരുന്ന സീസണില്‍ റെയില്‍വേക്കായി കളിക്കും. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.