അന്ന് വിഷാദരോഗത്തിൽ കളി നിർത്തിയ ട്രോട്ട്; ഇന്ന് അഫ്ഗാൻ കുതിപ്പിന് പിന്നിലെ ‘തലൈവർ’
text_fieldsന്യൂഡൽഹി: 2011 മാർച്ച് രണ്ട്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം. ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ഇത്തിരിക്കുഞ്ഞന്മാരായ അയർലൻഡിനെ നേരിടുന്നു. ജോനാതൻ ട്രോട്ട് 92 റൺസുമായി മുന്നിൽനിന്ന് നയിച്ചപ്പോൾ ഇംഗ്ലണ്ട് നേടിയത് 327 റൺസ് എന്ന കൂറ്റൻ സ്കോർ. പക്ഷെ, കെവിൻ ഒബ്രിയാൻ (63 പന്തിൽ 113) എന്ന അയർലൻഡ് താരം ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സൻ അടങ്ങുന്ന പേസ് നിരയെ നെഞ്ചും വിരിച്ച് നേരിട്ടപ്പോൾ ഇംഗ്ലണ്ട് തോൽവി രുചിച്ചു. മാർച്ച് 11ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശും ക്രിക്കറ്റ് കുലപതികളെ കെട്ടുകെട്ടിച്ചപ്പോൾ ഇംഗ്ലണ്ടിന് ക്വാർട്ടറിൽ മടങ്ങേണ്ടി വന്നു. ഇന്ത്യയിൽ നടന്ന ആ ലോകകപ്പിൽ 422 റൺസെടുത്ത ട്രോട്ട് ആയിരുന്നു ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ.
പിന്നീട് 2013-2014 നടന്ന ആഷസ് പരമ്പരയിലാണ് ട്രോട്ടിന്റെ പേര് വാർത്തകളിൽ നിറയുന്നത്. വിഷാദരോഗത്തെ തുടർന്ന് പരമ്പരയിൽനിന്ന് പിന്മാറിയ ട്രോട്ട് നാട്ടിലേക്ക് മടങ്ങി. ഷോർട്ട് ബാൾ നേരിടുന്നതിൽ താൻ നേരിടേണ്ടി വന്ന പ്രയാസങ്ങൾ നാൾക്കുനാൾ കൂടി വന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും പ്രധാനകാരണമായതെന്ന് പിന്നീട് ട്രോട്ട് തന്റെ ആത്മകഥയിൽ പറയുന്നുണ്ട്. ‘‘ഒരു പുരുഷൻ എന്ന നിലയിൽ എന്നെ ചോദ്യം ചെയ്യുന്നതായാണ് ഓരോ ഷോർട്ട്ബാളും എനിക്ക് തോന്നിയത്. ഞാൻ ഡക്ക് ആകുന്നതോ, ഒഴിഞ്ഞുമാറുന്നതോ ആയ ബാളുകൾ എന്റെ അന്തസ്സിനെ തന്നെ കെടുത്തുന്നു. അങ്ങേയറ്റം അപമാനപ്പെടുത്തുന്നതാണ് അത്’’, ട്രോട്ട് കുറിച്ചു.
തിരിച്ചുവരവ് സൈക്കോളജിസ്റ്റിനൊപ്പം
ആഷസ് പരമ്പരയിൽനിന്ന് വിട്ടുനിന്ന ട്രോട്ട് കളിയിലേക്ക് തിരിച്ചുവരാനായി പിന്നീട് മാസങ്ങളോളം ചെലവഴിച്ചത് സൈക്കോളജിസ്റ്റിനും മെഡിക്കൽ സംഘത്തിനുമൊപ്പമായിരുന്നു. പിന്നീട് ആഭ്യന്തര ക്രിക്കറ്റിലേക്ക് അദ്ദേഹം മടങ്ങിയെത്തി. എന്നാൽ, സസെക്സിനെതിരെ തന്റെ കൗണ്ടി വാർവിക് ഷെയറിനായി കളിച്ച അദ്ദേഹത്തെ വീണ്ടും വിഷാദരോഗം പിടികൂടി. വീണ്ടും കളിക്കളത്തിൽനിന്ന് നീണ്ട വിട്ടുനിൽക്കൽ. നിരന്തര പരിശീലനത്തിലൂടെയും ചികിത്സയിലൂടെയും തിരിച്ചുവരവിനായുള്ള ശ്രമം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ, 2015 മേയിൽ നടന്ന വെസ്റ്റീൻഡീസ് പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിൽ ട്രോട്ട് ഇടംനേടി. എന്നാൽ, തീർത്തും നിരാശജനകമായിരുന്നു ബാറ്റിങ് പ്രകടനം. ആറ് ഇന്നിങ്സുകളിൽനിന്നായി ട്രോട്ടിന് നേടാനായത് 72 റൺസ് മാത്രം. മാത്രമല്ല, മൂന്ന് തവണ പൂജ്യത്തിന് പുറത്താകുക കൂടി ചെയ്തതോടെ പരമ്പര അവസാനിച്ച അടുത്തദിവസം തന്നെ അദ്ദേഹം തന്റെ വിരമിൽ പ്രഖ്യാപിച്ചു. ‘‘ഇത് കഠിനമായ തീരുമാനമായിരുന്നു. ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്താൻ മാത്രം തലത്തിലുള്ളതായിരുന്നില്ല എന്റെ പ്രകടനം. അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചുവരാനായതിൽ അഭിമാനിക്കുന്നു. പക്ഷേ, അത് വിജയകരമാക്കി തീർക്കാൻ സാധിക്കാത്തതിൽ നിരാശയുമുണ്ട്’’. ഇംഗ്ലണ്ടുകാരുടെ സ്വന്തം ട്രോട്ടി ഒരു വാർത്തകുറിപ്പിൽ തന്റെ രാജി അറിയിച്ച് കുപ്പായം അഴിച്ചുവെച്ചു.
അഫ്ഗാന്റെ ‘തലൈവർ’
എട്ട് വർഷങ്ങൾക്കിപ്പുറം പച്ചപ്പുൽമൈതാനത്തുനിന്ന് തലകുനിച്ച് കയറിപ്പോയ ആ പഴയ ട്രോട്ടിനെയല്ല കാണാനാവുക. ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ മൂന്നുജയവുമായി ന്യൂസിലൻഡിനും ആസ്ട്രേലിയക്കുമൊപ്പം എട്ടു പോയന്റുമായി അഞ്ചാം സ്ഥാനത്ത് നെഞ്ചുറപ്പോടെ നിൽക്കുന്ന അഫ്ഗാൻ ടീമിന്റെ ‘തലൈവർ’ ആണ് അയാളിന്ന്. ഇംഗ്ലണ്ട്, പാകിസ്താൻ, ശ്രീലങ്ക പോലുള്ള ചാമ്പ്യന്മാരെ തന്നെ അടിയറവ് പറയിച്ചപ്പോൾ കളിക്കമ്പക്കാർ ആദ്യം പറഞ്ഞത് മാറ്റിക്കൊണ്ടിരിക്കുകയാണ്. അത് അട്ടിമറിയായിരുന്നില്ല!.
2022 ജൂലൈയിലാണ് ട്രോട്ട് അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. താലിബാന്റെ അട്ടിമറിയും ആഭ്യന്തര കലാപങ്ങളും കാരണം സംഘർഷം നിറഞ്ഞുനിന്ന അഫ്ഗാന്റെ മണ്ണിൽ അയാൾ ക്രിക്കറ്റിലൂടെ പുതുവസന്തം തീർത്തു. സുരക്ഷപ്രശ്നം കാരണം ആരും തന്നെ ഏറ്റെടുക്കാൻ മടിച്ച ചുമതല അദ്ദേഹം സധൈര്യം ഏറ്റെടുക്കുകയായിരുന്നു. വരും കാലങ്ങളിലേക്ക് അഫ്ഗാൻ ക്രിക്കറ്റിന് നൽകുന്ന വലിയ ആത്‍മവിശ്വാസമായാണ് ഓരോ വിജയത്തെയും അദ്ദേഹം കാണുന്നത്. പലകാരണങ്ങളാല്‍ ദുര്‍ഘടമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണ് അഫ്ഗാന്‍ ജനത. അഫ്ഗാനിലെ പെണ്‍കുട്ടികൾക്കും ആണ്‍കുട്ടികൾക്കും ക്രിക്കറ്റ് കളിക്കാന്‍ പ്രചോദനമാകും ഓരോ വിജയമെന്നും ട്രോട്ട് പറയുന്നു.
ഡഗ് ഔട്ടിലെ വൈറ്റ് ബോർഡ്
വിഷാദരോഗത്താൽ വലഞ്ഞിരുന്ന ട്രോട്ടിന് ഒരുപക്ഷേ താൻ നേരിട്ട മാനസികസംഘർഷത്തിന്റെ ആഴം എത്രത്തോളം എന്ന് കൃത്യമായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഓരോ കളിക്കാരനിലും പോസിറ്റിവ് ചിന്തകൾ നിറക്കാൻ അദ്ദേഹം അങ്ങേയറ്റം പരിശ്രമിച്ചു. അതിന് ട്രോട്ടിന് കഴിഞ്ഞു എന്നിടത്താണ് അഫ്ഗാന്റെ വിജയം. പിന്നെ കൃത്യമായ ഗെയിം പ്ലാനും. ലോകകപ്പിൽ സ്കോട്ട്‍ലൻഡിനെ മാത്രം തോൽപിച്ച അഫ്ഗാന് വമ്പൻ ടീമുകളെയും വൻ താരങ്ങളെയും സധൈര്യം നേരിടാനുള്ള ഊർജം നിറക്കുന്നതിൽ ട്രോട്ട് എന്ന പരിശീലകൻ തന്റെ ‘ക്ലാസ് ഇന്നിങ്സ്’ തന്നെയാണ് പുറത്തെടുത്തത്. ഓരോ റണ്ണിനും കൊതിക്കുന്ന ബാറ്ററും ഓരോ വിക്കറ്റിനും കൊതിക്കുന്ന ബൗളറുമായി അവർ വിജയത്തിന്റെ രുചിക്കൂട്ട് പുതുക്കികൊണ്ടിരിക്കുന്നു. ശ്രീലങ്കക്കെതിരായ മത്സരം കഴിഞ്ഞശേഷം സോഷ്യൽ മീഡിയയിൽ വൈറലായ ഈ വിജയക്കൂട്ടിന്റെ തെളിവ് ക്രിക്കറ്റ് ലോകം കണ്ടു. ഡഗ്ഔട്ടിലെ വൈറ്റ് ബോർഡിൽ ട്രോട്ട് ഇങ്ങനെ കുറിച്ചിരുന്നു. ആദ്യ 10 ഓവറിൽ 50 റൺ, 20 ഓവറിൽ 100, 40 ഓവറിൽ 200, 48 ഓവറിൽ വിജയലക്ഷ്യമായ 242ൽ എത്തുക. എന്നാൽ, കോച്ചിന്റെ തന്ത്രം 45.2 ഓവറിൽതന്നെ ബാറ്റർമാർ കളിക്കളത്തിൽ നടപ്പാക്കി.
നിങ്ങളുടെ സ്വന്തം ഗെയിം വളർത്തിയെടുക്കുകയും സ്വന്തം രീതിയിൽ കളിക്കുകയും ചെയ്യുക എന്നതാണ് ട്രോട്ട് കളിക്കാർക്ക് നൽകിയ ഉപദേശം. ടീമിന് നിങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് നോക്കൂ, അതിനനുസരിച്ച് നിങ്ങളുടെ സ്വന്തം ഗെയിം പ്ലാനിൽ കളിക്കാൻ ശ്രമിക്കുക’’.
ബൗളിങ് എന്ന കുന്തമുന
ട്വന്റി 20യിൽ ഒന്നാം റാങ്ക് ബൗളറായ റാഷിദ് ഖാൻ, ആൾ റൗണ്ടർമാരിൽ രണ്ടാം റാങ്കുകാരനായ മുഹമ്മദ് നബി, നൂർ അഹമ്മദ്, മുജീബുർ റഹ്മാൻ എന്നിവരടങ്ങുന്ന സ്പിൻതന്ത്രമാണ് പ്രധാന ആയുധം. ഇംഗ്ലണ്ടിനെതിരെ റാഷിദ്ഖാൻ തിളങ്ങുമ്പോൾ പാകിസ്താനെതിരെ അത് നൂർ അഹമ്മദ് ആകും. ഇവരാരും മികവിലേക്ക് എത്താതിരിക്കുമ്പോൾ ആ റോൾ നബി ഏറ്റെടുക്കും. ഏതെങ്കിലും ഒരു ബൗളറെ മാത്രം ആശ്രയിച്ചല്ല അഫ്ഗാൻ മുന്നോട്ടുപോകുന്നത് എന്ന് സാരം. ശ്രീലങ്കക്കെതിരെ പേസർ ഫസൽ ഹഖ് ഫാറൂഖിയാണ് വിജയത്തേര് നയിച്ചതെങ്കിൽ ആ കളിയിൽ അതിന് മുമ്പ് പാകിസ്താനെതിരെ മൂന്ന് വിക്കറ്റ് എടുത്ത നൂർ അഹമ്മദിനെ പുറത്തിരുത്തിയായിരുന്നു ആ നേട്ടം. ഇന്ത്യയിലെ പിച്ചുകളുടെ സ്വഭാവം കൃത്യമായി അറിയാവുന്ന ട്രോട്ടിന് പുണെയിൽ ശ്രീലങ്കക്കെതിരെ ഫാറൂഖി ഒരു മികച്ച ഓപ്ഷൻ ആയിരിക്കുമെന്ന കണക്കുകൂട്ടൽ തെറ്റിയില്ല. പത്ത് ഓവറിൽ 34 റൺസിന് നാലുവിക്കറ്റുമായി കളിയിലെ താരമായി ഫാറൂഖി മാറുകയും ചെയ്തു.
അഫ്ഗാനുമായുള്ള മത്സരത്തിന് മുമ്പ് ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ട് കുറിച്ചത് 364 റൺസ് എന്ന കൂറ്റൻ സ്കോർ ആയിരുന്നു. ആ കൂറ്റനടിക്കാർക്ക് മുന്നിലാണ് അഫ്ഗാൻ എടുത്ത 284 റൺസ് പ്രതിരോധിക്കാൻ ഇറങ്ങിയത്. പക്ഷേ കൃത്യമായ ഗെയിം പ്ലാൻ അവിടെയും അവർ നടപ്പാക്കി. ബൗളിങ് ഓപൺ ചെയ്തത് തന്നെ മുജീബിന്റെ സ്പിന്നിലൂടെയായിരുന്നു. തുടക്കത്തിൽ വമ്പനടിയിലൂടെ ഇംഗ്ലണ്ട് സ്കോർ ഉയർത്താതിരിക്കാൻ പേസും സ്പിന്നും മാറി മാറി ചെയ്തത് വിജയിച്ചു. ഫാറൂഖി ബെയർസ്റ്റോയെയും മുജീബ് റൂട്ടിനെയും തുടക്കത്തിൽ തന്നെ പുറത്താക്കി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. അധികം വൈകാതെ നബിയുടെ ബാളിൽ മലാനും കൂടാരംകയറിയപ്പോൾ ഇംഗ്ലണ്ട് അപകടം മണത്തു. പക്ഷേ ഒരു തിരിച്ചുവരവിന് വിടാതെ അവരെ 215ന് എറിഞ്ഞിടാൻ അഫ്ഗാനായി.
സെഞ്ച്വറി കാത്തിരിപ്പ്
ലോകകപ്പ് മത്സരത്തിനായി അഫ്ഗാൻ ടീം കേരളത്തിൽ വന്നിറങ്ങുമ്പോൾ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കനത്ത മഴയാണ്. ദക്ഷിണാഫ്രിക്കയുമായുള്ള സന്നാഹ മത്സരത്തിന് ടോസിടാൻ പോലും അനുവദിക്കാതെ മഴ തിമിർത്തുപെയ്തു. സന്നാഹ മത്സരത്തിന് സാധിച്ചില്ലെങ്കിലും ഇന്ത്യൻ മണ്ണിന്റെ സ്വഭാവം അവർ എളുപ്പം പഠിച്ചെടുത്തു. റഹ്മാനുല്ല ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ തുടങ്ങിയ താരങ്ങൾ ബാറ്റിങ്ങിൽ കരുത്താകുമ്പോഴും ഉയർന്ന സ്കോറുകൾ കണ്ടെത്താനാകാത്തത് ക്ഷീണമാണ്. തുടർച്ചയായ ജയത്തിൽനിൽക്കുമ്പോഴും ട്രോട്ട് കഴിഞ്ഞദിവസം വിശദീകരിച്ചതും ഇതേകുറിച്ച്തന്നെ. ‘‘ടൂർണമെന്റിൽ ധാരാളം സെഞ്ച്വറികൾ കുറിക്കപ്പെടുന്നു. അതാണ് അടുത്ത അതിർത്തി. ഗുർബാസ് അടുത്തിടെ ഏതാനും സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഇബ്രാഹിമും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. അടുത്തുതന്നെ തന്റെ കളിക്കാർക്ക് ഉയർന്ന സ്കോർ നേടാനാകുമെന്നതിൽ എനിക്ക് സംശയമില്ല’’.
ട്രോട്ട് ഇത് പറയുമ്പോൾ അത് ഉടനടി കളത്തിൽ കാണാനാകുമെന്നാണ് പ്രതീക്ഷ. രണ്ട് ലോകകപ്പുകളിലായി ഒരൊറ്റ ജയം മാത്രമുള്ള ടീം ഇപ്പോൾ സെമിഫൈനലിന്റെ വാതിൽക്കൽ എത്തി നിൽക്കുമ്പോൾ ആ പ്രതീക്ഷക്ക് തിളക്കമേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.