ട്വന്റി 20 ലോകകപ്പ്: വെസ്റ്റിൻഡീസിനും അയർലൻഡിനും ജയം
text_fieldsഹൊബാർട്ട്: ട്വന്റി20 ലോകകപ്പിൽ ആദ്യ കളി പരാജയപ്പെട്ട വെസ്റ്റിൻഡീസും അയർലൻഡും ജയത്തോടെ തിരിച്ചെത്തി. ആദ്യ മത്സരം ജയിച്ചിരുന്ന സ്കോട്ട്‍ലൻഡും സിംബാബ്‍വെയും തോൽക്കുകയും ചെയ്തു. വിൻഡീസ് 31 റൺസിന് സിംബാബ്‍വെയെയും അയർലൻഡ് ആറു വിക്കറ്റിന് സ്കോട്ട്‍ലൻഡിനെയും തോൽപിച്ചു. ഇതോടെ ഗ്രൂപ് ബിയിൽ നാലു ടീമുകൾക്കും രണ്ടു പോയന്റ് വീതമായി. വെള്ളിയാഴ്ചത്തെ അവസാന മത്സരങ്ങളിലെ വിജയികളാവും സൂപ്പർ 12ൽ പ്രവേശിക്കുക.
സിംബാബ്‍വെക്കെതിരെ ആദ്യം ബാറ്റുചെയ്ത് ഏഴിന് 153 റൺസെടുത്ത വിൻഡീസ് എതിരാളികളെ 18.2 ഓവറിൽ 122 റൺസിന് പുറത്താക്കുകയായിരുന്നു. വിൻഡീസ് ബൗളിങ്ങിൽ നാലു വിക്കറ്റുമായി അൽസാരി ജോസഫും മൂന്നു വിക്കറ്റോടെ ജാസൺ ഹോൾഡറും തിളങ്ങി. സ്കോട്ട്‍ലൻഡ് അഞ്ചിന് 176 എന്ന മികച്ച സ്കോറുയർത്തിയെങ്കിലും ആറു പന്തും ആറു വിക്കറ്റും കൈയിലിരിക്കെ അയർലൻഡ് വിജയംകാണുകയായിരുന്നു. 10 ഓവറിൽ നാലിന് 61 എന്ന നിലയിൽ പരുങ്ങിയ അയർലൻഡിനെ കർട്ടിസ് കാംഫറും (32 പന്തിൽ പുറത്താവാതെ 72) ജോർജ് ഡോക്റല്ലും (27 പന്തിൽ പുറത്താവാതെ 39) ചേർന്ന് അഭേദ്യമായ അഞ്ചാം വിക്കറ്റിൽ 57 പന്തിൽ 121 റൺസ് റൺസടിച്ചുകൂട്ടിയതാണ് അയർലൻഡിന് തുണയായത്. രണ്ടു വിക്കറ്റ് വീഴ്ത്തിയ കാംഫർ ബൗളിങ്ങിലും തിളങ്ങി.
മഴയിൽ ഒലിച്ച് ഇന്ത്യയുടെ രണ്ടാം സന്നാഹം
ബ്രിസ്ബേൻ: ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന സന്നാഹമത്സരം മഴയിൽ മുങ്ങി. കനത്ത മഴ മൂലം ഒരു പന്തുപോലുമെറിയാൻ സാധിക്കാതെയാണ് ഇന്ത്യ-ന്യൂസിലൻഡ് മത്സരം മുടങ്ങിയത്. ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് കളിയും മുടങ്ങി. അതിനുമുമ്പ് തുടങ്ങിയ അഫ്ഗാനിസ്താൻ-പാകിസ്താൻ മത്സരത്തിനിടെയാണ് മഴ തുടങ്ങിയത്. അഫ്ഗാന്റെ ഇന്നിങ്സിനുശേഷം പാകിസ്താൻ ബാറ്റിങ് തുടങ്ങിയപ്പോഴേക്കും മഴയെത്തി.
ആദ്യ സന്നാഹമത്സരത്തിൽ ഇന്ത്യ ആസ്ട്രേലിയയെ തോൽപിച്ചിരുന്നു. അതിനുമുമ്പ് വെസ്റ്റേൺ ആസ്ട്രേലിയയുമായുള്ള രണ്ടു പരിശീലനമത്സരങ്ങളിൽ ഒന്ന് ജയിക്കുകയും ഒന്ന് തോൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.