ട്വന്റി20 ലോകകപ്പ്: നെതർലൻഡ്സിനും ശ്രീലങ്കക്കും ജയം
text_fieldsഗീലോങ് (ആസ്ട്രേലിയ): ട്വന്റി20 ലോകകപ്പിൽ നെതർലൻഡ്സിന് തുടർച്ചയായ രണ്ടാം ജയം. അഞ്ചു വിക്കറ്റിന് നമീബിയയെ തോൽപിച്ച ഓറഞ്ചുപട ഗ്രൂപ് എയിൽ നാലു പോയന്റുമായി സൂപ്പർ 12 സാധ്യത വർണാഭമാക്കി. യു.എ.ഇയെ 79 റൺസിന് പരാജയപ്പെടുത്തി ശ്രീലങ്ക ആദ്യ ജയം കരസ്ഥമാക്കി. ശ്രീലങ്കക്കും ആദ്യ കളിയിൽ അവരെ വീഴ്ത്തിയ നമീബിയക്കും രണ്ടു പോയന്റ് വീതമാണ്. യു.എ.ഇക്ക് പോയന്റില്ല.
ആദ്യം ബാറ്റുചെയ്ത നമീബിയയെ ആറിന് 122ലൊതുക്കിയ നെതർലൻഡ്സ് മൂന്നു പന്ത് ബാക്കിയിരിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകാണുകയായിരുന്നു. രണ്ടു വിക്കറ്റ് വീഴ്ത്തിയ ബാസ് ഡിലീഡും ഓരോ വിക്കറ്റ് വീതമെടുത്ത ടിം പ്രിൻഗ്ൾ, കോളിൻ ആക്കർമാൻ, പോൾ വാൻ മീകറൻ എന്നിവർ ചേർന്നാണ് നമീബിയ ബാറ്റർമാരെ തളച്ചത്. 43 റൺസെടുത്ത യാൻ ഫ്രൈലിങ്ക് ആയിരുന്നു നമീബിയയുടെ ടോപ്സ്കോറർ. മറുപടി ബാറ്റിങ്ങിൽ നെതർലൻഡ്സിനായി വിക്രംജീത് സിങ് (39), മാക്സ് ഓഡൗഡ് (35), ബാസ് ഡിലീഡ് (30 നോട്ടൗട്ട്) എന്നിവർ തിളങ്ങി.
രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങി എട്ടു വിക്കറ്റിന് 152 റൺസെടുത്ത ശ്രീലങ്ക യു.എ.ഇയെ 17.1 ഓവറിൽ 73 റൺസിന് ഔൾഔട്ടാക്കുകയായിരുന്നു. ലങ്കക്കായി ഓപണർ പാതും നിസാങ്കയാണ് (74) തിളങ്ങിയത്. എത്തിപ്പിടിക്കാവുന്ന ലക്ഷ്യം തേടിയിറങ്ങിയ യു.എ.ഇ ബാറ്റർമാരിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല. നായകൻ മലയാളി താരം സി. റിസ്വാൻ ഒരു റണ്ണിന് പുറത്തായി.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ വാനിന്ദു ഹസരംഗയും ദുഷ്മന്ത ചമീരയുമാണ് യു.എ.ഇയെ തകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.