സെഞ്ചൂറിയനിൽ അഗ്നിപരീക്ഷ
text_fieldsസെഞ്ചൂറിയൻ: ആരും കീഴടങ്ങുന്ന ഉഗ്രപ്രതാപികളായി വാണതിന്റെ രണ്ടാംനാൾ ബാറ്റിങ് മറന്ന് കളി കൈവിട്ടവർക്ക് ഇന്ന് സെഞ്ചൂറിയനിൽ കാത്തിരിക്കുന്നത് കടുത്ത പോരാട്ടം. അത്ര പരിചിതമല്ലാത്ത സൂപ്പർ സ്പോർട്ട് പാർക്ക് മൈതാനത്ത് മൂന്നാം ട്വന്റി20യിൽ ഇന്ത്യക്ക് ജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ലെങ്കിൽ, കഴിഞ്ഞ കളിയിലെ പ്രകടനമികവ് ആവർത്തിച്ച് പരമ്പരയിൽ ആധിപത്യമുറപ്പിക്കുകയാണ് പ്രോട്ടീസ് ലക്ഷ്യം.
2009നുശേഷം ഈ മൈതാനത്ത് ഒരു ട്വന്റി20 മാത്രമാണ് ഇന്ത്യ കളിച്ചത്. 2018ൽ നടന്ന മത്സരത്തിൽ ആറു വിക്കറ്റിന് തോൽക്കുകയും ചെയ്തു. അന്ന് ടീമിലുണ്ടായിരുന്നവരിൽ ഹാർദിക് പാണ്ഡ്യ മാത്രമാണ് നാലുവർഷം കഴിഞ്ഞ് വീണ്ടും ഇറങ്ങാനുള്ളത്. ബാറ്റിങ്ങിലെ വൻവീഴ്ചകൾ തന്നെയാണ് ഇന്ത്യയെ അലട്ടുന്ന വലിയ പ്രശ്നം. പ്രത്യേകിച്ച്, രണ്ടാം ട്വന്റി20 വേദിയായ കെബർഹയിലേതിനു സമാനമായി വേഗവും ബൗൺസുമുള്ള പിച്ചാണ് സെഞ്ചൂറിയൻ. കെബർഹയിൽ ദക്ഷിണാഫ്രിക്കൻ പേസർമാർക്ക് മുന്നിലാണ് ഇന്ത്യൻ ബാറ്റിങ്ങിന് ശരിക്കും മുട്ടുവിറച്ചത്. ആറു വിക്കറ്റിന് 124 റൺസിലൊതുങ്ങിയ ടീം അനായാസം തോൽവി സമ്മതിക്കുകയും ചെയ്തു. അഭിഷേക് ശർമ മുതൽ താഴോട്ട് ബാറ്റർമാർ സ്ഥിരത കാട്ടുന്നതിൽ പരാജയമാവുകയാണ്.
ആദ്യ ട്വന്റി20യിൽ സെഞ്ച്വറിത്തിളക്കവുമായി പ്രതീക്ഷ നൽകിയ സഞ്ജു സാംസൺ സംപൂജ്യനായി മടങ്ങിയെങ്കിലും ഇത്തവണ കരുത്തുകാട്ടുമെന്നു തന്നെയാണ് പ്രതീക്ഷ. തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ് തുടങ്ങിയവരൊക്കെയും തിളങ്ങണം. പാണ്ഡ്യ കഴിഞ്ഞ കളിയിൽ 39 എടുത്തെങ്കിലും 45 പന്ത് വേണ്ടിവന്നത് ടീമിന് ക്ഷീണമായി. ആദ്യ ബൗണ്ടറി കണ്ടെത്തിയതുപോലും 28ാം പന്തിലായിരുന്നു. ബൗളർമാരിൽ അർഷ്ദീപ് സിങ്, ആവേശ് ഖാൻ എന്നിവരും കൂടുതൽ മൂർച്ച കാട്ടണം. അഞ്ചു വിക്കറ്റുമായി കളം നിറഞ്ഞ വരുൺ ചക്രവർത്തിയായിരുന്നു കഴിഞ്ഞ കളിയിലെ ഹീറോ. മറുവശത്ത്, ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങും കടുത്ത സമ്മർദത്തിലാണ്. പിൻനിരയിലെ ട്രിസ്റ്റൻ സ്റ്റബ്സും ജെറാൾഡ് കൂറ്റ്സിയുമടക്കം ചേർന്നാണ് കഴിഞ്ഞ തവണ ടീമിന് ജയം സമ്മാനിച്ചത്.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്, തിലക് വർമ, ജിതേഷ് ശർമ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, വിജയകുമാർ വൈശാഖ്, ആവേശ് ഖാൻ, യാഷ് ദയാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.