സ്വന്തം നാട്ടിൽ ട്വന്റി 20; ഇന്ത്യൻ ടീമിനെ കാണാനെത്തി ധോണി
text_fieldsറാഞ്ചി: സ്വന്തം നാട്ടിൽ അരങ്ങേറുന്ന ന്യൂസിലാൻഡിനെതിരായ ആദ്യ ട്വന്റി 20 പോരാട്ടത്തിന് മുമ്പ് ഇന്ത്യൻ ടീമിനെ സന്ദർശിച്ച് മുൻ നായകൻ മഹേന്ദ്ര സിങ് ധോണി. മത്സരം നടക്കുന്ന ജെ.എസ്.സി.എ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ‘മഹി’ എത്തിയത്. അദ്ദേഹം ഡ്രസ്സിങ് എത്തിയ വിഡിയോ ബി.സി.സി.ഐ ട്വിറ്ററിൽ പങ്കുവെച്ചു. ‘ഇന്ന് റാഞ്ചിയിൽ പരിശീലനത്തിനിടെ എത്തിയത് ആരാണെന്ന് നോക്കൂ -മഹാനായ എം.എസ് ധോണി’ എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൈയിൽ ഇളനീരുമായി നിൽക്കുന്ന ധോണിയോട് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയടക്കമുള്ള താരങ്ങൾ സംസാരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ, അവസാന നാല് ഏകദിനങ്ങളിൽ മൂന്ന് സെഞ്ച്വറി നേടിയ ശുഭ്മാൻ ഗിൽ, വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, പേസർ ശിവം മാവി, ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ, വാഷിങ്ടൺ സുന്ദർ, ഇശാൻ കിഷൻ തുടങ്ങിയവരും വിഡിയോയിൽ ഉണ്ട്.
രോഹിത് ശർമ, വിരാട് കോഹ്‍ലി തുടങ്ങിയ താരങ്ങൾക്ക് വിശ്രമം നൽകിയതിനാൽ ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ഇന്ന് നടക്കുന്ന മത്സരത്തിൽ ടീമിനെ നയിക്കുന്നത്. സൂര്യകുമാർ യാദവ് ആണ് ഉപനായകൻ. പാണ്ഡ്യയുടെ നായകത്വത്തിൽ അടുത്തിടെ ശ്രീലങ്കക്കെതിരെ നടന്ന ട്വന്റി 20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. തകർപ്പൻ ഫോമിലുള്ള ശുഭ്മാൻ ഗിൽ ഓപണറുടെ റോളിൽ എത്തിയേക്കും. പ്രിഥ്വി ഷാക്കും ടീമിൽ ഇടം ലഭിച്ചേക്കും. ഇഷാൻ കിഷൻ ആയിരിക്കും വിക്കറ്റ് കീപ്പറുടെ റോളിൽ എത്തുക. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവർക്കൊപ്പം രാഹുൽ ത്രിപാഠി, ദീപക് ഹൂഡ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്, ശിവം മാവി, യുസ്‌വേന്ദ്ര ചാഹൽ എന്നിവരായിരിക്കും ടീമിൽ ഇടം പിടിക്കുകയെന്നാണ് സൂചന.
മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ന്യൂസിലൻഡിനെതിരെ ഇറങ്ങുന്നത്. വൈകീട്ട് ഏഴിനാണ് മത്സരം. ജനുവരി 29നും ഫെബ്രുവരി ഒന്നിനുമാണ് പരമ്പരയിലെ മറ്റു മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.