ഒളിമ്പിക്സിൽ ട്വന്റി20? നിർദേശവുമായി ഐ.സി.സി
text_fieldsന്യൂഡൽഹി: 2028 ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ ക്രിക്കറ്റും ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കവേ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് മുന്നിൽ നിർദേശവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി).
പുരുഷ- വനിത വിഭാഗങ്ങളിൽ ആറ് രാജ്യങ്ങളെ ഉൾക്കൊള്ളിച്ചുള്ള ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റ് ഒളിമ്പിക്സിൽ നടത്താമെന്ന നിർദേശമാണ് ഐ.സി.സി മുന്നോട്ടുവെച്ചത്. ക്രിക്കറ്റ് അടക്കം പുതിയ കായിക ഇനങ്ങളെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി 2023 ഒക്ടോബറിലാണ് തീരുമാനം കൈക്കൊള്ളുക. കായിക ഇനങ്ങളുടെ അന്തിമപട്ടിക മാർച്ചിൽ പ്രസിദ്ധീകരിക്കും.
ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഐ.സി.സിയുടെ ഒളിമ്പിക് വർക്കിങ് ഗ്രൂപ്പിൽ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെയും ഉൾപ്പെടുത്തി. ഐ.സി.സി ചെയർമാൻ ഗ്രെഗ് ബാർക്ലേ, ഇന്ദ്ര നൂയി, അമേരിക്കൻ മുൻ ക്രിക്കറ്റ് പ്രസിഡന്റ് പരാഗ് മറാത്തെ എന്നിവരാണ് വർക്കിങ് കമ്മിറ്റിയിലുള്ളത്. 2036 ഒളിമ്പിക്സിന് ആതിഥ്യം വഹിക്കുകയെന്ന ഇന്ത്യയുടെ ആഗ്രഹവും ജയ് ഷായെ ഉൾക്കൊള്ളിച്ചതിന് പിന്നിലുണ്ട്.
ബേസ്ബാൾ/ സോഫ്റ്റ്ബാൾ, ഫ്ലാഗ് ഫുട്ബാൾ, ലക്രോസെ, ബ്രേക്ക് ഡാൻസിങ്, കരാട്ടേ, കിക്ക് ബോക്സിങ്, സ്ക്വാഷ്, മോട്ടോർ സ്പോർട് എന്നിവയാണ് ക്രിക്കറ്റിനെ കൂടാതെ 2028 ഒളിമ്പിക്സിൽ ഇടം പ്രതീക്ഷിക്കുന്ന കായിക ഇനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.