സൂര്യയാൻ 2
text_fieldsഡർബൻ: ആദ്യ ദൗത്യം വിജയകരമായി പൂർത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തിൽ സൂര്യകുമാർ യാദവിന് കീഴിൽ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരക്ക്. ഇന്ന് ഡർബൻ നഗരത്തിൽ കിങ്സ്മീഡ് മൈതാനത്താണ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം. ട്വന്റി20ക്കായി ഇന്ത്യ 17 അംഗ സംഘവുമാണ് ദക്ഷിണാഫ്രിക്കയിലെത്തിയിരിക്കുന്നത്. ഇയ്യിടെ സമാപിച്ച ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ 4-1നായിരുന്നു ജയം.
ടീമിലെ സ്ഥിരം സാന്നിധ്യങ്ങളായ രവീന്ദ്ര ജദേജയും മുഹമ്മദ് സിറാജും ശുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും സൂര്യയുടെ സംഘത്തിലുണ്ട്. യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്വാദുമായിരുന്നു ഓസീസിനെതിരെ ഓപണർമാർ. ഗിൽ തിരിച്ചെത്തിയതിനാൽ അന്തിമ സാധ്യത ആർക്കാണെന്ന് വ്യക്തമല്ല. ആസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച ജയ്സ്വാളും ഗെയ്ക്വാദും പുറത്തിരിക്കാനുമിടയില്ല. നാലാമനായി ക്യാപ്റ്റൻ സൂര്യകുമാർ യാദവായിരിക്കും ഇറങ്ങുക. വിക്കറ്റ് കീപ്പർമാരായി ഇഷൻ കിഷനും ജിതേഷ് ശർമയുമാണ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇഷാനാണ് മുൻതൂക്കം. അഞ്ചാമനായി ശ്രേയസ് അയ്യരും റിങ്കു സിങ്ങും പരിഗണനയിലുണ്ട്. ദീപക് ചാഹർ, അർഷ്ദീപ് സിങ്, മുകേഷ് കുമാർ എന്നിവരായിരിക്കും പേസ് ബൗളർമാർ. സ്പിന്നർമാരായി ജദേജയും രവി ബിഷ്ണോയിയുമുണ്ട്.
ആതിഥേയരിൽ നായകൻ ടെംബ ബാവുമ അവധിയിലാണ്. പകരം എയ്ഡൻ മാർക്രമാണ് ക്യാപ്റ്റൻ. ക്വിന്റൺ ഡി കോക്കും ഇറങ്ങിയേക്കില്ല. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി സൂചന നൽകിയ താരം അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പോടെ പടിയിറങ്ങിയേക്കും. ടീമിന്റെ ബൗളിങ് നെടുംതൂണായ കാഗിസോ റബാദയും ടീമിലുൾപ്പെട്ടിട്ടില്ല.
പകരക്കാരനായി നാന്ദ്രേ ബർഗറാകും എത്തുക. ബൗളിങ്ങിൽ കരുത്തുറപ്പിച്ച് ജെറാൾഡ് കൂറ്റ്സി, മാർകോ ജാൻസൺ എന്നിവരെ നിലനിർത്തിയിട്ടുണ്ട്. ലുംഗി എൻഗിഡിയും കേശവ് മഹാരാജും ടീമിലുണ്ടാകും. ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, ക്യാപ്റ്റൻ എയ്ഡൻ മാർക്രം, ഹാർഡ് ഹിറ്റിംഗ് ട്രിസ്റ്റൻ സ്റ്റബ്സ്, മാത്യു ബ്രീറ്റ്സ്കെ എന്നിവർ ഇന്ത്യൻ ബൗളർമാരെ പരീക്ഷിക്കും. ഇന്ത്യൻ സമയം വൈകീട്ട് 7.30നാണ് മത്സരം തുടങ്ങുക.
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, തിലക് വർമ, റിങ്കു സിങ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ജിതേഷ് ശർമ, രവീന്ദ്ര ജദേജ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയി, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ.
ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ഒട്ട്നിയൽ ബാർട്ട്മാൻ, മാത്യു ബ്രീറ്റ്സ്കെ, നാൻഡ്രെ ബർഗർ, ജെറാൾഡ് കോറ്റ്സി, ഡോണോവൻ ഫെരേര, റീസ ഹെൻഡ്രിക്സ്, മാർക്കോ ജാൻസെൻ, ഹെൻറിച്ച് ക്ലാസെൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ആൻഡിൽ ഫെഹ്ലുക്വായോ, തബ്രായിസ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്, ലിസാഡ് വില്യംസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.