ഒന്നാം ട്വന്റി20; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തോൽവി
text_fieldsറാഞ്ചി: ന്യൂസിലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യകളിയിൽ ഇന്ത്യക്ക് തോൽവി. 21 റൺസിനാണ് കിവികൾ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ആറു വിക്കറ്റിന് 176 റൺസെടുത്തു. നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 155 റൺസിന് ആതിഥേയരുടെ ബാറ്റർമാർ പുറത്തായി. 50 റൺസെടുത്ത വാഷിങ്ടൺ സുന്ദറാണ് ഇന്ത്യയുടെ ടോപ്സ്കോറർ. സൂര്യകുമാർ യാദവ് 47 റൺസ് നേടി.
ഓപണർ ഡവൺ കോൺവേയും (35 പന്തിൽ 52) മധ്യനിര താരം ഡാരിൽ മിച്ചലും (30 പന്തിൽ പുറത്താകാതെ 59) ആണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. ഫിൻ അല്ലൻ 35ഉം ഗ്ലെൻ ഫിലിപ്സ് 17ഉം റൺസ് നേടി. വാഷിങ്ടൺ സുന്ദർ രണ്ടും അർഷദീപ് സിങ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഡാരിൽ മിച്ചലാണ് കളിയിലെ കേമൻ.
ടോസ് നേടിയ ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യ ബൗളിങ് തിരഞ്ഞെടുത്തെങ്കിലും തുടക്കത്തിൽ ലൈനും ലെങ്തുമില്ലാതെ അലസമായ ബൗളിങ്ങാണ് റാഞ്ചിയിലെ ഝാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ കണ്ടത്. ഡാരിൽ മിച്ചൽ അവസാന ഓവറിൽ അർഷദീപ് സിങ്ങിനെതിരെ 27 റൺസ് അടിച്ചെടുത്തു. മൂന്ന് സിക്സും ഒരു ഫോറും ഈ ഓവറിൽ പിറന്നു. 3.1 ഓവറാകുമ്പോഴേക്കും ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു. സ്കോർ ബോർഡിലുണ്ടായിരുന്നത് 15 റൺസ് മാത്രം.
ഓപണർ ഇഷാൻ കിഷനെ (ഏഴ്) മിച്ചൽ സാന്റ്നറും ശുഭ്മൻ ഗില്ലിനെ (നാല്) ബ്രേസ്വെല്ലും പുറത്താക്കി. രാഹുൽ ത്രിപാതിക്ക് ജന്മനാട്ടിൽ പൂജ്യത്തിന് പുറത്താകേണ്ടി വന്നു. നാലാം വിക്കറ്റിൽ സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും പ്രതീക്ഷകൾക്ക് വീണ്ടും ചിറകുമുളപ്പിച്ചു. 47 റൺസെടുത്ത സൂര്യകുമാർ യാദവ് പുറത്തായതിന് പിന്നാലെ ഹാർദിക് പാണ്ഡ്യയും (21) മടങ്ങി. അവസാനം വരെ പൊരുതിയ വാഷിങ്ടൺ സുന്ദറിനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. അടുത്ത മത്സരം ഞായറാഴ്ച ലഖ്നോവിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.