
ട്വന്‍റി20 സെമി ഫൈനൽ: ആസ്ട്രേലിയക്ക് മുന്നിൽ റൺമല തീർത്ത് പാകിസ്താൻ
text_fieldsദുബൈ: ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം സെമിയിൽ പാകിസ്താനെതിരെ ആസ്ട്രേലിയക്ക് 177 റൺസ് വിജയലക്ഷ്യം. നാല് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താൻ 176 റൺസെടുത്തത്.
67 റൺസെടുത്ത മുഹമ്മദ് റിസ്വാനും 55 റൺസെടുത്ത ഫഖർ സമാനുമാണ് പാക് ഇന്നിങ്സിന്റെ നെടുംതൂണായത്. ടോസ് നേടിയ ആസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഫിഞ്ചിന്‍റെ തീരുമാനം പിഴക്കുന്ന കാഴ്ചയാണ് ആദ്യ ഓവറുകളിൽ കണ്ടത്.
ഓപണർമാരായ റിസ്വാനും ബാബർ അസമും ചേർന്ന് ഓസീസ് ബൗളിങ് നിരയെ അടിച്ചുപരത്തി. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 71 റൺസാണ് ഇരുവരും ചേർന്ന് എടുത്തത്. ഒമ്പതാം ഓവറിന്‍റെ അവസാന പന്തിൽ ആദം സാംപയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. 39 റൺസെടുത്ത ബാബർ അസമായിരുന്നു ഇര.
പിന്നീട് വന്ന ഫഖർ സമാൻ പാകിസ്താന്റെ സ്കോറിങ് വേഗത ഉയർത്തി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച് ഇടംകൈയൻ ബാറ്റ്സ്മാൻ 32 പന്തിൽനിന്ന് നാല് സിക്സറുകളുടെയും മൂന്ന് ബൗണ്ടറികളുടെയും അകമ്പടിയോടെയാണ് 55 റൺസെടുത്തത്.
ആസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് രണ്ടും ആദം സാംപയും പാറ്റ് കമ്മിൻസും ഓരോ വിക്കറ്റുകളും വീഴ്ത്തി. മത്സരത്തിൽ ജയിക്കുന്നവർ ഫൈനലിൽ ന്യുസിലാൻഡിനെ നേരിടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.