'വേഗം' മറികടക്കണം
text_fieldsപെർത്ത്: ട്വന്റി20 ലോകകപ്പിൽ പെർത്തിലെ പേസ് പിച്ചിൽ ഇന്ത്യക്ക് സൂപ്പർ 12ൽ ഞായറാഴ്ച ദക്ഷിണാഫ്രിക്കൻ വെല്ലുവിളി. ഗ്രൂപ് രണ്ടിൽ രണ്ടു കളികളിൽ രണ്ടു ജയവുമായി മുന്നേറുന്ന ഇരുടീമുകൾക്കും മത്സരം നിർണായകമാണ്.
ജയിച്ചാൽ സെമിയിലേക്കുള്ള ദൂരം രോഹിത് ശർമക്കും സംഘത്തിനും എളുപ്പമാകും. പുതുക്കിപ്പണിത ഒപ്റ്റസ് സ്റ്റേഡിയത്തിൽ ബൗൺസിനും വേഗത്തിനും കുറവില്ല. ഔട്ട്ഫീൽഡിന് വിസ്തീർണം കൂടുതലായതിനാൽ പന്ത് അതിർത്തി കടത്താൻ ബാറ്റർമാർക്ക് അധികബലം പ്രയോഗിക്കേണ്ടിവരും.
കാഗിസോ റബാദയും ആൻറിഷ് നോർട്ടിയയുമടങ്ങുന്ന വേഗവീരന്മാരെയാണ് ഇന്ത്യൻ ബാറ്റർമാർ നേരിടേണ്ടത്. മണിക്കൂറിൽ 150 കിലോമീറ്ററിലേറെയാണ് നോർട്ടിയയുടെ വേഗം. 145 കിലോമീറ്ററിൽ കുറയാതെ എറിയുന്ന റബാദയുടെ സ്വിങ് പന്തുകളും വെല്ലുവിളിയാണ്.
പാകിസ്താനെ ത്രില്ലറിലും നെതർലൻഡ്സിനെ ആധികാരികമായും തോൽപിച്ച ഇന്ത്യൻ ബാറ്റിങ് പടയാളികൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വിരാട് കോഹ്‍ലിയുടെ തിരിച്ചുവരവാണ് ആശ്വാസ ഘടകം.
ഒരു റെക്കോഡും മുൻ നായകനെ കാത്തിരിക്കുന്നു. 28 റൺസ് കൂടി നേടിയാൽ ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററാകും. 989 റൺസാണ് കോഹ്‍ലി നേടിയത്. ശ്രീലങ്കയുടെ മഹേല ജയവർധനെയുടെ പേരിലുള്ള 1016 റൺസാണ് റെക്കോഡ്.
രോഹിത് ശർമയും സൂര്യകുമാർ യാദവുമാണ് മറ്റു പ്രതീക്ഷകൾ. കെ.എൽ. രാഹുലിന് പകരം ഋഷഭ് പന്തിനെ ഇറക്കുമോയെന്ന് വ്യക്തമല്ല. അടുത്തിടെ നടന്ന മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ മേൽക്കൈ നേടിയിരുന്നു. എന്നാൽ, പെർത്തിലെ പേസ് പിച്ചിൽ ദക്ഷിണാഫ്രിക്കക്കാർ അപകടകാരികളാണ്.
ബൗളിങ്ങിൽ അർഷദീപ് സിങ്, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവരാണ് ഇന്ത്യയുടെ പേസ് പട. ഷമി മാത്രമാണ് മണിക്കൂറിൽ 140 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്നത്.
തകർപ്പൻ ഫോമിലുള്ള ക്വിന്റൺ ഡികോക്ക്, റിലീ റൂസോ, ഡേവിഡ് മില്ലർ എന്നീ ഇടൈങ്കയന്മാരെ തളച്ചാൽ ജോലി എളുപ്പമാകും. തുടർച്ചയായി രണ്ടു സെഞ്ച്വറി നേടിയ വീരനാണ് റൂസോ. ഇന്ത്യൻ സമയം വൈകീട്ട് 4.30നാണ് മത്സരം. മറ്റു മത്സരങ്ങളിൽ ബംഗ്ലാദേശ് സിംബാബ്‍വെയെയും പാകിസ്താൻ നെതർലൻഡ്സിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.