പെരുങ്കളിയല്ലേ...; ട്വന്റി20 ലോകകപ്പിന് ഇന്ന് തുടക്കം
text_fieldsഇന്നിന്റെ തണുത്ത പുലരിയിലേക്ക് ഇന്ത്യ കൺതുറക്കുമ്പോൾ ഭൂമിയുടെ മറ്റൊരറ്റത്ത് കുട്ടിക്രിക്കറ്റിന്റെ പെരുങ്കളിയാട്ടം തുടങ്ങുകയായി. ആർക്കും ആരെയും എപ്പോഴും മറിച്ചിടാനാവും വിധം ഫലം അപ്രവചനീയമായ ട്വന്റി20യുടെ ആവേശത്തിനൊപ്പം ലോകകിരീടം തേടി 20 ടീമുകൾ ഇറങ്ങുന്നു. യു.എസിലും കരീബിയൻ ദ്വീപുകളിലുമായി ഒരു മാസത്തോളം അരങ്ങേറുന്ന രാപകൽപ്പോരുകളുടെ ആരവങ്ങളിലേക്ക് കണ്ണും കാതും തുറന്നിരിക്കുക. ഇന്നോളം കണ്ടതല്ല ഇനി കാണാനിരിക്കുന്നതാണ് ശരിക്കും പൂരം..!
യു.എസിലെ മൂന്നും വെസ്റ്റിൻഡീസിലെ ആറും നഗരങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ന്യൂയോർക്, ടെക്സാസ്, ഫ്ലോറിഡ എന്നിവിടങ്ങളിലായി 16 മത്സരങ്ങളും ആന്റിഗ്വ & ബർബുഡ, ബാർബഡോസ്, ഗ്രനാഡ, ഗയാന, സെന്റ് വിൻസന്റ്, ട്രിനിഡാഡ് & ടൊബാഗോ എന്നിവിടങ്ങളിൽ 39 കളികളുമാണ് നടക്കുക.
കിരീടം തേടി നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് പോരിനിറങ്ങുന്നത്. യു.എസ്, പാപ്വന്യൂഗിനി, ഉഗാണ്ട ടീമുകൾക്ക് ലോകകപ്പ് അരങ്ങേറ്റമാണ്. പാകിസ്താനും അയർലൻഡും യു.എസും കാനഡയുമടങ്ങുന്ന ഗ്രൂപ് എയിലാണ് ഇന്ത്യ. ഇന്ത്യയുടെ ഗ്രൂപ് മത്സരങ്ങളെല്ലാം യു.എസിലാണ്.
ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് രോഹിത് ശർമയുടെയും സംഘത്തിന്റെയും ആദ്യ കളി. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം ജൂൺ ഒമ്പതിന് ന്യൂയോർക്കിലാണ്.
ജൂൺ രണ്ട് മുതൽ 18 വരെയാണ് ഗ്രൂപ് പോരാട്ടങ്ങൾ. ഓരോ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാർ സൂപ്പർ എട്ടിൽ പ്രവേശിക്കും. സൂപ്പർ എട്ടിൽ നാല് വീതം ടീമുകളുടെ രണ്ട് ഗ്രൂപ്പുകളുണ്ടാവും. 19 മുതൽ 25 വരെ സൂപ്പർ എട്ട് മത്സരങ്ങൾ നടക്കും. സൂപ്പർ എട്ട് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിൽ ഇടം പിടിക്കും. സെമി മത്സരങ്ങൾ 27ന് ട്രിനിഡാഡ് & ടൊബാഗോയിലും ഗയാനയിലുമായി അരങ്ങേറും. ജൂൺ 29ന് രാത്രി ഇന്ത്യൻ സമയം എട്ടിന് ബാർബഡോസിലാണ്ഫൈനൽ.
യു.എസും കാനഡയും മുഖാമുഖം; വിൻഡീസിന് ഇന്ന് പാപ്വ ന്യൂഗിനി
ജോർജ്ടൗൺ (ഗയാന): ട്വന്റി20 ലോകകപ്പിന്റെ ഉദ്ഘാടനദിനമായ ഇന്ന് രണ്ട് മത്സരങ്ങൾ. ഇന്ത്യൻ സമയം രാവിലെ ആറിന് ഡാളസിൽ ആതിഥേയരായ യു.എസിനെ കാനഡ നേരിടുന്നുണ്ട്. രാത്രി എട്ടിന് ഗയാനയിലെ പ്രോവിഡൻസ് സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം. ഇവിടെ ആതിഥേയരായ വെസ്റ്റിൻഡീസ് അരങ്ങേറ്റക്കാരായ പാപ്വ ന്യൂഗിനിയുമായും ഏറ്റുമുട്ടും.
ഇന്ത്യക്കാർക്ക് മേധാവിത്വമുള്ള ടീമാണ് യു.എസ്. ക്യാപ്റ്റൻ മൊണാങ്ക് പട്ടേലടക്കം ഒരുപിടി താരങ്ങൾ ഇന്ത്യക്കാരായുണ്ട്. ലോകകപ്പ് ഒരുക്കമെന്നോണം ബംഗ്ലാദേശിനെതിരെ നടന്ന പരമ്പരയിൽ 2-1നായിരുന്നു അമേരിക്കക്കാരുടെ ജയം. ഈയിടെ കാനഡയെ 4-0ത്തിന് തകർത്ത ആത്മവിശ്വാസവുമുണ്ട്. ഏകദിന ലോകകപ്പ് പോലെ രണ്ടുതവണ ട്വന്റി20 ലോകകിരീടവും നേടിയവരാണ് കരീബിയൻസ്. ഇടക്കാലത്ത് നിറം മങ്ങിയെങ്കിലും കരുത്തുറ്റ നിരയുമായാണ് റോവ്മാൻ പവലും സംഘവും ലോകകപ്പിനിറങ്ങുന്നത്. തുടക്കക്കാരെന്ന നിലയിൽ പാപ്വ അത്ഭുതങ്ങൾ കാട്ടുമോ എന്നാണ് അറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.