കിവികളെ കൂട്ടിലടക്കാൻ അഫ്ഗാൻ; സിംഹളക്ക് കടുവക്കുട്ടികൾ
text_fieldsന്യൂയോർക്: രണ്ടുതവണ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് അണിനിരക്കുന്ന ഗ്രൂപ്പ് സി മത്സരത്തിൽ ന്യൂസിലൻഡിന് അഫ്ഗാൻ പരീക്ഷ. കഴിഞ്ഞ മത്സരം ജയിച്ച് ഗ്രൂപ് പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനത്താണ് അഫ്ഗാനിസ്താൻ. ആദ്യ കളി വിജയിച്ച വെസ്റ്റിൻഡീസ് രണ്ടാമതും നിലകൊള്ളുമ്പോൾ ന്യൂസിലൻഡിന് ആദ്യ മത്സരം വിജയിച്ചേ പറ്റൂ. മഴ പരിശീലനം തടസ്സപ്പെടുത്തിയെങ്കിലും കെയ്ൻ വില്യംസണും സഹതാരങ്ങളും ശനിയാഴ്ച പാഡ് കെട്ടിയിറങ്ങുന്നത് ജയം മുന്നിൽകണ്ടുതന്നെയാണ്. ഫിൻ അലെന്റെയും രചിൻ രവീന്ദ്രയുടെയും അഫ്ഗാനെതിരെയുള്ള ഫോം മുതൽക്കൂട്ടാണ്. ന്യൂബാളിൽ വിക്കറ്റ് വീഴ്ത്താറുള്ള ട്രെന്റ് ബോൾട്ട് തന്നെയാണ് കിവികളുടെ തുറപ്പുചീട്ട്. ബാറ്റർമാർക്കെതിരെ ആദ്യ ഓവറുകളിൽ ആധിപത്യമുറപ്പിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് കിവികൾ. കൂടെ ലോകി ഫെർഗുസനും ടീം സൗത്തിയും മധ്യ ഓവറുകളിലുണ്ടാവും. കരീബിയൻ മണ്ണിൽ മികച്ച റെക്കോഡുള്ള ഇടംകൈയൻ സ്പിന്നർ മിച്ചൽ സാന്ററിന്റെ സാന്നിധ്യവും പ്രതീക്ഷ പകരുന്നു. ഉഗാണ്ടെക്കതിരെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് അഫ്ഗാൻ ഇറങ്ങുക. ഓപണർമാരായ റഹ്മത്തുല്ല ഗുർബാസ്, ഇബ്രാഹീം സദ്റാൻ എന്നിവരുടെ ഫോം പവർപ്ലേയിൽ മികച്ച സ്കോറിലെത്താൻ അഫ്ഗാനെ സഹായിക്കും. ക്യാപ്റ്റൻ റാഷിദ് ഖാന്റെ സ്പിന്നർ മാസ്മരികവും ഫാസ്റ്റ് ബൗളർമാരായ നവീനും ഫറൂഖിയും കഴിഞ്ഞ കളിയിൽ കഴിവ് തെളിയിച്ചത് അഫ്ഗാന് ആത്മവിശ്വാസം വർധിപ്പിക്കുന്നു.
അതേസമയം, ഗ്രൂപ്പ് ഡി മത്സരത്തിൽ ആദ്യ തോൽവി ഏറ്റുവാങ്ങിയ ശ്രീലങ്ക ആദ്യ മത്സരത്തിനിറങ്ങുന്ന ബംഗ്ലാ കടുവകളെ നേരിടും. ശക്തന്മാർ അണിനിരക്കുന്ന ഗ്രൂപ്പ് ഡിയിൽ ആദ്യ മത്സരം ജയിച്ച് ദക്ഷിണാഫ്രിക്കയാണ് മുന്നിൽ. നേപ്പാളിനെതിരെ ജയവുമായി നെതർലൻഡ്സാണ് രണ്ടാം സ്ഥാനത്ത്.
ഈ വർഷം ട്വന്റി 20 മത്സരങ്ങളിൽ ബംഗ്ലാദേശ് അത്ര ഫോമിലല്ലെന്നത് മാത്രമാണ് ശ്രീലങ്കയുടെ ഏക ആശ്വാസം. അമേരിക്കക്കും ശ്രീലങ്കക്കു മെതിരെയുള്ള പരമ്പര ടീം ദയനീയമായി തോറ്റിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.