ട്വന്റി 20 ലോകകപ്പിൽ വീണ്ടും അട്ടിമറി; സ്കോട്ട്‍ലൻഡിനോട് കീഴടങ്ങി വെസ്റ്റിൻഡീസ്
text_fieldsഹൊബാർട്ട്: ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ദിവസവും വമ്പൻ അട്ടിമറി. രണ്ടു തവണ ജേതാക്കളായ വെസ്റ്റിൻഡീസിന് കാലിടറിയപ്പോൾ വിജയഭേരി മുഴക്കിയത് സ്കോട്ട്‍ലൻഡ്. ഗ്രൂപ് ബിയിൽ 42 റൺസിനായിരുന്നു സ്കോട്ട്‍ലൻഡിന്റെ ജയം. അതേ ഗ്രൂപ്പിൽ സിംബാബ്‍വെ 31 റൺസിന് അയർലൻഡിനെയും തോൽപിച്ചു.
കഴിഞ്ഞദിവസം ശ്രീലങ്കയെ മലർത്തിയടിച്ച നമീബിയയിൽനിന്ന് പാഠമുൾക്കൊണ്ടപോലെയായിരുന്നു സ്കോട്ട്‍ലൻഡിന്റെ കളി. ആദ്യം ബാറ്റുചെയ്ത് അഞ്ചിന് 160 റൺസ് നേടിയ സ്കോട്ട്‍ലൻഡ് വിൻഡീസിന്റെ വമ്പനടിക്കാരെ 18.3 ഓവറിൽ 118ലൊതുക്കി. മൂന്നു വിക്കറ്റ് വീഴ്ത്തിയ മാർക്ക് വാറ്റും രണ്ടു വിക്കറ്റ് വീതമെടുത്ത ബ്രാഡ് വീലും മൈക്കൽ ലീസ്കും ചേർന്നാണ് കരീബിയക്കാരെ മെരുക്കിയത്. ജാസൺ ഹോൾഡർ (38) മാത്രമാണ് പിടിച്ചുനിന്നത്. കെയ്‍ൽ മെയേഴ്സ് (20), ബ്രൻഡൻ കിങ് (17), എവിൻ ലൂയിസ് (14) എന്നിവർക്ക് മികച്ച തുടക്കം മുതലാക്കാനാവാതെ പോയപ്പോൾ നായകൻ നികോളാസ് പുരാൻ (5), ഷമർ ബ്രുക്സ് (4), റോവ്മാൻ പവൽ (5) തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തി. നേരത്തേ 53 പന്തിൽ പുറത്താവാതെ 66 റൺസടിച്ച ജോർജ് മുൻസിയാണ് സ്കോട്ട്‍ലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്.
രണ്ടാം മത്സരത്തിൽ സിംബാബ്‍വെ ഏഴിന് 174 റൺസടിച്ചപ്പോൾ അയർലൻഡിന് ഒമ്പതിന് 143 റൺസെടുക്കാനേ ആയുള്ളൂ. 48 പന്തിൽ 82 റൺസടിച്ചുകൂട്ടിയ സിക്കന്ദർ റാസയാണ് സിംബാബ്‍വെ നിരയിൽ തിളങ്ങിയത്. മറുപടി ബാറ്റിങ്ങിൽ ഐറിഷ് നിരയിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല. മൂന്നു വിക്കറ്റുമായി ബ്ലസിങ് മുസറബാനിയാണ് കൂടുതൽ നാശം വിതച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.