മഗ്രാത്ത്, വാസിം അക്രം, ഡൊണാൾഡ്... ഇവരാരുമല്ല; സചിൻ ഭയന്നിരുന്ന ആ രണ്ടു ബൗളർമാർ ആരെല്ലാം?
text_fieldsക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറിന്‍റെ ബാറ്റിന്റെ ചൂടറിയാത്ത ബൗളര്‍മാര്‍ ലോക ക്രിക്കറ്റിൽ വിരളമാണ്. പേരുകേട്ട ബൗളർമാർ പന്തെറിയാൻ ഭയന്നിരുന്നതും സചിൻ ക്രീസിൽ നിൽക്കുമ്പോഴായിരുന്നു.
എന്നാൽ, സചിൻ നേരിടാൻ ഭയന്നിരുന്ന ഏതാനും ബൗളർമാരും ഉണ്ടായിരുന്നു. അവർ പേരെടുത്ത ഫാസ്റ്റ് ബൗളര്‍മാരോ, സ്പിന്‍ മാന്ത്രികരോ ആയിരുന്നില്ല എന്നതാണ് ഏറെ കൗതുകം. വിവിധ അഭിമുഖങ്ങളിലാണ് താൻ ഭയന്നിരുന്ന ബൗളർമാരുടെ പേരുകൾ സചിൻ വെളിപ്പെടുത്തിയത്. മുൻ പാക് ഓൾ റൗണ്ടർ അബ്ദുൽ റസാഖ്, അന്തരിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറും നായകനുമായ ഹന്‍സി ക്രോണിയ എന്നിവരുടെ പന്തുകളാണ് സചിൻ ഏറെ ഭയന്നിരുന്നത്.
2000-2006 കാലയളവിൽ അബ്ദുൽ റസാഖിന്‍റെ പന്തിൽ ആറു തവണയാണ് സചിൻ ഔട്ടായത്. റണ്ണെടുക്കാൻ താൻ പ്രയാസപ്പെട്ട മറ്റൊരു ബൗളറായിരുന്നു ഹാൻസി ക്രോണിയ എന്നും സചിൻ വെളിപ്പെടുത്തിയിരുന്നു. ടെസ്റ്റിൽ അഞ്ചു തവണയും ഏകദിനത്തിൽ മൂന്നു തവണയും ദക്ഷിണാഫ്രിക്കൻ താരത്തിന്‍റെ പന്തിൽ സചിൻ പുറത്തായിട്ടുണ്ട്. തന്‍റെ പന്തുകൾ നേരിടാൻ പ്രയാസം തോന്നിയെന്ന സചിന്‍റെ വാക്കുകൾ വലിയ അംഗീകാരമായാണ് കാണുന്നതെന്ന് അടുത്തിടെ അബ്ദുൽ റസാഖ് ഒരു പോഡ്കാസ്റ്റ് ഷോയിൽ പറഞ്ഞിരുന്നു.
ക്രോണിയ പന്തെറിയുമ്പോൾ തനിക്ക് ബാറ്റിങ് ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സചിൻ വെളിപ്പെടുത്തിയിരുന്നു. ‘സത്യസന്ധമായി പറഞ്ഞാൽ, പലവട്ടം ഞാന്‍ ക്രോണിയയുടെ പന്തിൽ പുറത്തായിട്ടുണ്ട്. ഞങ്ങൾ ദക്ഷിണാഫ്രിക്കയിൽ കളിച്ചപ്പോൾ, അലൻ ഡൊണാൾഡിനേക്കാളും ഷോൺ പൊള്ളോക്കിനേക്കാളും എന്നെ കൂടുതൽ തവണ പുറത്താക്കിയത് ക്രോണിയ തന്നെയാണ്. അദ്ദേഹത്തിന്‍റെ പന്ത് നേരിടുമ്പോഴെല്ലാം നേരെ ഒരു ഫീൽഡറുടെ കൈയിലേക്ക് പോകുന്നതായി തോന്നിയിട്ടുണ്ട്. അവന്‍റെ പന്തുകൾ എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു’ -സചിൻ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു.
ഗ്ലെൻ മഗ്രാത്ത്, ഷെയിൻ വോൺ, വാസിം അക്രം തുടങ്ങിയ ലോകോത്തര ബൗളർമാരെ അനായാസം നേരിട്ടിരുന്ന സചിന്‍റെ ഈ വാക്കുകൾ കൗതുകത്തോടെയാണ് ക്രിക്കറ്റ് ലോകം കേട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.