ട്വന്‍റി20 ലോകകപ്പ്: ഗാവസ്കറിന്റെ ഇന്ത്യൻ സ്ക്വാഡിൽ രണ്ട് സ്റ്റാർ ബാറ്റ്സ്മാൻമാർക്ക് ഇടമില്ല
text_fieldsന്യൂഡൽഹി: ട്വൻറി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയാണ് ആരാധകർ. മലയാളി താരം സഞ്ജു സാംസണ് സ്ക്വാഡിൽ ഇടം നേടാനാകുമോ എന്ന ആകാംക്ഷയിലാണ് മലയാളികൾ. ഇപ്പോൾ ട്വന്‍റി20 ലോകകപ്പിനുള്ള തന്‍റെ 15 അംഗ സാധ്യത ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിഹാസ താരവും കമേന്ററ്ററുമായ സുനിൽ ഗാവസ്കർ.
പരിമിത ഓവർ ക്രിക്കറ്റിലെ ഇന്ത്യയുടെ മികച്ച ബാറ്റ്സ്മാൻമാരായ ശിഖർ ധവാനെയും ശ്രേയസ് അയ്യറിനെയും ഒഴിവാക്കിയാണ് ഗാവസ്കർ ടീമിനെ തെരഞ്ഞെടുത്തത്. ഐ.സി.സി ടൂർണമെന്‍റുകളിലെ ഇന്ത്യയുടെ ഭാഗ്യതാരമായിരുന്നു ധവാൻ. ഏറെ നാളായി തലവേദനയായിരുന്ന നാലാം നമ്പർ ബാറ്റ്സ്മാന്റെ റോളിൽ സമീപകാലത്ത് തിളങ്ങി നിന്നിരുന്ന അയ്യർ തന്‍റെ സ്ഥാനത്തിന് ഇളക്കം തട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. ശ്രീലങ്കൻ പര്യടനത്തിൽ നിരാശപ്പെടുത്തിയതോടെ സഞ്ജു സാംസണിന് ഗാവസ്കറിന്റെ ടീമിൽ സ്ഥാനം നേടാനായില്ല.
ഐ.പി.എല്ലിലടക്കം മികച്ച പ്രകടനം നടത്തുന്ന സ്പിൻ ബൗളിങ് ഓൾറൗണ്ടറായ ക്രുനാൽ പാണ്ഡ്യയെ ഗാവസ്കർ ടീമിലെടുത്തു. ഒപ്പം തന്നെ രവീന്ദ്ര ജദേജയുടെയും വാഷിങ്ടൺ സുന്ദറിന്‍റെയും സേവനം ഉറപ്പാക്കണമെന്നുമാണ് ഗാവസ്കറിന്റെ പക്ഷം. പരിക്കേറ്റതിനാൽ തന്നെ സുന്ദറിന്‍റെ കാര്യത്തിൽ വ്യക്തതയില്ല.
പേസ് ബൗളർമാരായ ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവർക്കൊപ്പം ചെന്നൈ സൂപ്പർ കിങ്സിന്റെ ദീപക് ചഹറും ശർദുൽ ഠാക്കൂറും ലിറ്റിൽ മാസ്റ്ററുടെ സ്ക്വാഡിൽ ഇടംനേടി. 15 അംഗ സ്ക്വാഡിൽ യൂസ്വേന്ദ്ര ചഹൽ മാത്രമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ.
ഇന്ത്യക്കായി ശ്രീലങ്കയിൽ മികച്ച പ്രകടനം നടത്തിയ സൂര്യകുമാർ യാദവ് ടീമിലുണ്ട്. മൂന്ന് റിസർവ് കളിക്കാരടക്കം 18 പേരെയാണ് ടീമിലെടുക്കേണ്ടത്. സ്ക്വാഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകുമെന്നാണ് സൂചന.
ഗാവസ്കറിന്റെ ടീം:
രോഹിത് ശർമ, വിരാട് കോഹ്ലി (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, രവീന്ദ്ര ജദേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബൂംറ, ജസ്പ്രീത് ബൂംറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, ശർദുൽ ഠാക്കൂർ, യൂസ്വേന്ദ്ര ചഹൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.