ടെസ്റ്റ് ക്രിക്കറ്റിലും രണ്ടുതട്ട്; സാധ്യതകൾ ആരാഞ്ഞ് ഐ.സി.സി
text_fieldsസിഡ്നി: ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളെ രണ്ടു തട്ടായി തിരിച്ച് മത്സരങ്ങൾ ക്രമീകരിക്കുന്നത് പരിഗണിക്കാൻ ഐ.സി.സി. ബി.സി.സി.ഐ, ക്രിക്കറ്റ് ആസ്ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് എന്നിവരുടെ പിന്തുണ ഉറപ്പാക്കിയാകും തീരുമാനമെടുക്കുക. വിഷയം പരിഗണിക്കാൻ ഈ മാസാവസാനം പ്രത്യേക യോഗം ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. 2027നു ശേഷമാകും പദ്ധതി നടപ്പാക്കുക.
ബി.സി.സി.ഐയിൽ ജയ് ഷാ പോകുന്ന ഒഴിവിൽ സെക്രട്ടറിയെ കണ്ടെത്താൻ ജനുവരി 12ന് മുംബൈയിൽ യോഗം ചേരാനിരിക്കുകയാണ്. സെക്രട്ടറി പദവിയിൽ ദേവജിത് സൈകിയക്ക് ആകും ഇടക്കാല ചുമതല. 2016 മുതൽ ഇത്തരം ചർച്ചകൾ നിലവിലുണ്ടെങ്കിലും കടുത്ത എതിർപ്പ് നിലനിൽക്കുന്നതിനാൽ മുന്നോട്ടുപോയിരുന്നില്ല. അന്ന് ബി.സി.സി.ഐ തന്നെ ഇതു വേണ്ടെന്ന നിലപാടിലായിരുന്നു. സിംബാബ്‍വെ, ബംഗ്ലാദേശ് അടക്കം രാജ്യങ്ങളും കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു. ക്രിക്കറ്റിലെ ഇളമുറക്കാർക്ക് വമ്പൻ ടീമുകളുമായി കളിക്കാൻ അവസരം പൂർണമായി നഷ്ടപ്പെടുത്തുന്നതാകും രണ്ടുതട്ടായി തിരിക്കുന്ന തീരുമാനമെന്നാണ് അവർ ഉയർത്തുന്ന പ്രധാന വിഷയം.
മറുവശത്ത്, വമ്പൻ ടീമുകൾ തമ്മിലെ മത്സരങ്ങളുടെ എണ്ണം കൂട്ടാൻ തട്ടുതിരിക്കൽ സഹായിക്കുമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെതിരെ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.