അണ്ടർ 19 ഏഷ്യ കപ്പ് ഫൈനൽ: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 199 റൺസ് വിജയലക്ഷ്യം
text_fieldsദുബൈ: അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 199 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശ് 49.1 ഓവറിൽ 198 റൺസിന് ഓൾ ഔട്ടായി. ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങാണ് എതിരാളികളെ ചെറിയ സ്കോറിലൊതുക്കിയത്.
ടൂർണമെന്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ജേതാക്കളായ ഇന്ത്യ ഒമ്പതാം കിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഇന്ത്യ സെമി ഫൈനലിൽ ബംഗ്ലാദേശിനോട് തോറ്റാണ് പുറത്തായത്. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യക്കായി ചേതൻ ശർമ, യുധജിത് ഗുഹ, ഹാർദിക് രാജ് എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. റിസാൻ ഹുസൈനാണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ. 65 പന്തിൽ 47 റൺസെടുത്താണ് താരം പുറത്തായത്.
ഹാർദിക് രാജിന്‍റെ പന്തിൽ ബൗൾഡാകുകയായിരുന്നു. മുഹമ്മദ് ശിഹാബ് ജെയിംസ് (67 പന്തിൽ 40 റൺസ്), ഫരീദ് ഹസൻ (49 പന്തിൽ 39) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. സവാദ് അബ്രാർ (35 പന്തിൽ 20), കലാം സിദ്ദീഖി (16 പന്തിൽ ഒന്ന്), നായകൻ അസീസുൽ ഹക്കീം (28 പന്തിൽ 16), ദെബാഷിശ് ദെബാ (മൂന്നു പന്തിൽ ഒന്ന്), സമിയൂൻ ബഷീർ (ഏഴു പന്തിൽ നാല്), അൽ ഫഹദ് (അഞ്ച് പന്തിൽ ഒന്ന്), ഇഖ്ബാൽ ഹുസൈൻ (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 11 റൺസുമായി മറൂഫ് പുറത്താകാതെ നിന്നു.
ഇന്ത്യക്കായി കിരൺ ചോർമലെ, കെ.പി. കാർത്തികേയ, ആയുഷ് മാത്രെ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഇക്കുറി പാകിസ്താനോട് തോറ്റാണ് ഇന്ത്യ തുടങ്ങിയത്. തുടർന്ന് ജപ്പാനെയും യു.എ.ഇയെയും തോൽപിച്ച് സെമിയിലെത്തിയ മുഹമ്മദ് അമാനും സംഘവും ശ്രീലങ്കയെയും തകർത്ത് ഫൈനലിലെത്തി. സെമിയിൽ പാകിസ്താനെ പറഞ്ഞുവിട്ടാണ് ബംഗ്ലാദേശിന്റെ വരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.