അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് എട്ടാം കിരീടം; ശ്രീലങ്കയെ തകർത്തത് ഒമ്പത് വിക്കറ്റിന്
text_fieldsദുബൈ: അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ കുത്തക നിലനിർത്തി ഇന്ത്യൻ കുതിപ്പ്. ഏകപക്ഷീയമായി മാറിയ ഫൈനലിൽ ശ്രീലങ്കയെ ഒമ്പതു വിക്കറ്റിന് തകർത്താണ് യാഷ് ധുല്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ യുവനിര ഹാട്രിക് കിരീടം സ്വന്തമാക്കിയത്.
ഒമ്പതാം ഏഷ്യ കപ്പിൽ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. മഴ മൂലം ഇടക്ക് സമയം നഷ്ടമായ ഫൈനലിൽ ആദ്യം ബാറ്റുചെയ്ത ലങ്കയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കിയപ്പോൾ പിറന്നത് 38 ഓവറിൽ ഒമ്പത് വിക്കറ്റിന് 106 റൺസ് മാത്രം. മഴമൂലം ഇന്ത്യക്ക് വിജയലക്ഷ്യം നിർണയിക്കപ്പെടത് 32 ഓവറിൽ 102 റൺസ്. 21.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ അത് അനായാസം അടിച്ചെടുക്കുകയും ചെയ്തു. അർധ സെഞ്ച്വറി നേടിയ ഓപണർ അൻഗ്കൃഷ് രഘുവൻഷിയും (56) ശൈഖ് റഷീദും (31) ചേർന്നാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്.
അഞ്ചു റൺസെടുത്ത ഹർനൂർ സിങ്ങാണ് പുറത്തായ ഏക ബാറ്റർ. നേരത്തേ ടോസ് ഭാഗ്യമുണ്ടായെങ്കിലും ബാറ്റിങ് തെരഞ്ഞെടുത്തതുമുതൽ ലങ്കക്ക് നിർഭാഗ്യമായിരുന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഇടംകൈയൻ സ്പിന്നർ വിക്കി ഒസ്ത്വാളും രണ്ടു വിക്കറ്റ് പിഴുത ഓഫ്സ്പിന്നർ കൗശൽ താംബെയും ചേർന്നാണ് ലങ്കക്ക് കൂച്ചുവിലങ്ങിട്ടത്. രാജ്വർധൻ ഹൻഗർഗേക്കർ, രവി കുമാർ, രാജ് ബാവ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യ ഏഴു ബാറ്റർമാരിൽ ആറുപേരും ഒറ്റയക്കത്തിൽ പുറത്തായ ലങ്കൻ നിരയിൽ, വാലറ്റത്തെ യാസിറു റോഡ്രിഗോ (19 നോട്ടൗട്ട്), രവീൻ ഡിസിൽവ (15), മതീഷ പതിരാന (14) എന്നിവരാണ് സ്കോർ നൂറു കടത്തിയത്. ഗ്രൂപ് റൗണ്ടിൽ യു.എ.ഇയെയും അഫ്ഗാനിസ്താനെയും തോൽപിച്ചെങ്കിലും പാകിസ്താനോട് പരാജയപ്പെട്ട ഇന്ത്യ രണ്ടാമതായാണ് സെമിയിലെത്തിയത്. സെമിയിൽ ബംഗ്ലാദേശിനെ തകർത്തായിരുന്നു ഇന്ത്യയുടെ ഫൈനൽ പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.