അണ്ടർ 19 വനിത ട്വന്റി 20 ലോകകപ്പ്: ആദ്യ കിരീടം ഇന്ത്യക്ക്
text_fieldsപോചഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക): പ്രഥമ അണ്ടർ 19 വനിത ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യക്ക് കിരീടം. എതിരാളികൾ മുന്നോട്ടുവെച്ച 69 റൺസ് വിജയലക്ഷ്യം ഇന്ത്യ പതിനാലാം ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. പുറത്താവാതെ 24 റൺസെടുത്ത സൗമ്യ തിവാരിയാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ക്യാപ്റ്റൻ ഷെഫാലി വർമ (15), ശ്വേത ഷെറാവത്ത് (അഞ്ച്), ജി. തൃഷ (24) എന്നിവരാണ് പുറത്തായ ഇന്ത്യൻ ബാറ്റർമാർ. ഋഷിത ബസു റൺസെടുക്കാതെ പുറത്താവാതെ നിന്നു.
ഇന്ത്യക്കായി നാലോവറിൽ ആറ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത ടിറ്റസ് സദ്ദുവാണ് കളിയിലെ താരം. 293 റൺസും ഒമ്പത് വിക്കറ്റും നേടി ഇംഗ്ലണ്ടിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗ്രെയ്സ് സ്ക്രിവൻസ് ടൂർണമെന്റിന്റെ താരമായി.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഷെഫാലി വർമ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ഇന്ത്യൻ നിരയിൽ ബാളെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി. മൂർച്ചയേറിയ ബൗളിങ്ങിനു മുമ്പിൽ പിടിച്ചുനിൽക്കാനാവാതെ ഇംഗ്ലീഷ് താരങ്ങൾ ഒന്നൊന്നായി പവലിയനിലേക്ക് മടങ്ങി. 17.1 ഓവറിൽ സ്കോർ ബോർഡിൽ 68 റൺസ് ആയപ്പോഴേക്കും ഇംഗ്ലണ്ടിന്റെ എല്ലാ വിക്കറ്റും നഷ്ടമായിരുന്നു.
19 റൺസെടുത്ത റെയ്ന മക്ഡൊണാൾഡ് ഗേ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. അലക്സ സ്റ്റോൺഹൗസ്, സോഫിയ സ്മെയിൽ എന്നിവർ 11 റൺസ് വീതം നേടിയപ്പോൾ നിയാം ഹോളണ്ട് 10 റൺസ് നേടി. മറ്റുള്ളവർക്കൊന്നും രണ്ടക്കം കടക്കാനായില്ല. ഇന്ത്യക്കായി ടിറ്റസ് സദ്ദു, അർച്ചന ദേവി, പർഷവി ചോപ്ര എന്നിവർ രണ്ട് വിക്കറ്റ് വീതവും ഷെഫാലി വർമ, മന്നത് കശ്യപ്, സോനം യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.