അണ്ടർ 19 ലോകകപ്പ്: ഓസീസിനെ തറപറ്റിച്ച് ഇന്ത്യ ഫൈനലിൽ
text_fieldsആന്റിഗ്വ: അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ആസ്ട്രേലിയക്കെതിരായ രണ്ടാം സെമിയിൽ 96 റൺസിന്റെ മിന്നും ജയം സ്വന്തമാക്കി ഇന്ത്യയുടെ കൗമാര താരങ്ങൾ. ശൈഖ് റശീദും (94) യാഷ് ധൂളും (110) നടത്തിയ വീരോചിത പോരാട്ടത്തിലൂടെ ഇന്ത്യ 291 റൺസെന്ന വിജയലക്ഷ്യമായിരുന്നു കങ്കാരുപ്പടക്ക് മുന്നിലേക്ക് വെച്ചത്. എന്നാൽ, പൊരുതാൻ പോലുമാകാതെ ഓസീസിന്റെ ഇന്നിങ്സ് 41.5 ഓവറിൽ 194 റൺസിന് അവസാനിച്ചു. മറ്റൊരു സെമിയിൽ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ച ഇംഗ്ലണ്ടാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. സ്കോർ: ഇന്ത്യ- 290/5 (50.0)/ ഓസീസ് - 194 (41.5)
ഓസീസ് നിരയിൽ കൊറീ മില്ലർ (46), ലച്ലൻ ഷോ (66) എന്നിവർ മാത്രമാണ് പൊരുതി നോക്കിയത്. ഇന്ത്യക്ക് വേണ്ടി വിക്കി ഒസ്തവാൾ 10 ഓവറിൽ 42 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. രവികുമാറും നിശാന്ത് സിന്ദുവും രണ്ട് വീതം വിക്കറ്റുകളും പിഴുതു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ പ്രതീക്ഷകളെ ഊതിക്കെടുത്തുമെന്നു തോന്നിച്ച് രണ്ടു വിക്കറ്റുകൾ തുടക്കത്തിലേ വീണിരുന്നു. സ്കോർ 16ൽ നിൽക്കെ രഘുവൻഷിയും വൈകാതെ ഹർനൂർ സിങ്ങുമായിരുന്നു മടങ്ങിയത്. പിന്നീട് ഒത്തുചേർന്ന ശൈഖ് റശീദ്-യാഷ് ധൂൾ സഖ്യം ടീമിനെ കരകടത്തുകയെന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കരുതലോടെ നങ്കൂരമിട്ടുനിന്ന റശീദ് ഒരു വശത്ത് വിക്കറ്റ് കാത്ത് പതിയെ ബാറ്റുവീശിയപ്പോൾ മറുവശത്ത് യാഷ് ധൂൾ റൺനിരക്കുയർത്തി. എന്നിട്ടും താരതമ്യേന മികച്ച സ്കോർ അപ്രാപ്യമാകുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഉഗ്രരൂപംപൂണ്ട ഇരുവരും ചേർന്ന് പിന്നീട് നടത്തിയത് സമാനതകളില്ലാത്ത പോരാട്ടം.
ബൗളിങ് മികവിൽ എല്ലാം കൈപ്പിടിയിലാക്കാമെന്നു സ്വപ്നംകണ്ട കങ്കാരുക്കളെ തലങ്ങും വിലങ്ങും പായിച്ച് ഇരുവരും റൺവേട്ട തുടങ്ങി. ബൗണ്ടറികൾ പിറക്കാൻ കാക്കാതെ ഒറ്റയും ഇരട്ടയുമായി അക്കരെയിക്കരെ ഓടിയ കൂട്ടുകെട്ട് വ്യക്തിഗത സ്കോറും ടീം സ്കോറും ഒരേ വേഗത്തിൽ മുന്നോട്ടുനയിച്ചു. അതിനിടെ യാഷ് ധൂൾ സെഞ്ച്വറി തൊട്ടു. 110 പന്തിൽ 110 റൺസിൽ നിൽക്കെ അപ്രതീക്ഷിതമായി ധൂൾ റണ്ണൗട്ടായി. ധൂൾ നോൺ സ്ട്രൈക്കിങ്ങിൽ നിൽക്കെ റശീദ് അടിച്ച ഷോട്ട് ബൗളറുടെ വിരൽ തൊട്ട് വിക്കറ്റിൽ പതിക്കുകയായിരുന്നു. റണ്ണെടുക്കാനായി ഓടിത്തുടങ്ങിയ ധൂൾ ഔട്ട്. തൊട്ടടുത്ത പന്തിൽ റശീദും പുറത്തായി. ജാക് സിൻഫീൽഡിന്റെ പന്തിൽ മനോഹരമായി പായിച്ച ഷോട്ട് ജാക് നിസ്ബെത്തിന്റെ കൈകളിലെത്തിയതോടെ സെഞ്ച്വറിക്ക് ആറ് റൺ അകലെയായിരുന്നു മടക്കം.
പിന്നീട് നിഷാന്തും ഹാംഗർഗേക്കറും ചേർന്ന് അവസാന ഓവറുകളിൽ പിടിച്ചുനിൽക്കാൻ നടത്തിയ ശ്രമം കാര്യമായ ചലനമുണ്ടാക്കിയില്ല. 13 റൺസുമായി ഹാംഗർഗേക്കർ മടങ്ങി. പിന്നീടെത്തിയത് ദിനേഷ് ബാന. അവസാന ഓവറിൽ തകർത്തടിച്ച കൂട്ടുകെട്ട് സ്കോർ 290ലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.