അണ്ടർ 19 ലോകകപ്പ് ഫൈനൽ; ഇന്ത്യക്ക് 254 റൺസ് വിജയലക്ഷ്യം
text_fieldsബെനോനി (ദക്ഷിണാഫ്രിക്ക): അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 254 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 253 റൺസ് അടിച്ചെടുത്തത്. 64 പന്തിൽ 55 റൺസ് നേടിയ ഹർജസ് സിങ് ആണ് ഓസീസിന്റെ ടോപ് സ്കോറർ.
സ്കോർ ബോർഡിൽ 16 റൺസുള്ളപ്പോഴാണ് ആസ്ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ഓപണർ സാം കോൺസ്റ്റസിനെ രാജ് ലിംബാനി ക്ലീൻ ബൗൾഡാക്കുമ്പോൾ എട്ട് പന്ത് നേരിട്ടിരുന്നെങ്കിലും സ്കോർ ബോർഡിലേക്ക് സംഭാവനയൊന്നും ഉണ്ടായിരുന്നില്ല. തുടർന്നെത്തിയ ക്യാപ്റ്റൻ ഹ്യൂ വെയ്ബ്ജെൻ ഓപണർ ഹാരി ഡിക്സണൊപ്പം കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ മുന്നോട്ട് നയിച്ചു. എന്നാൽ, 48 റൺസെടുത്ത നായകനെ നമൻ തിവാരി മുഷീർ ഖാന്റെ കൈയിലെത്തിച്ചു. സ്കോർ ബോർഡിൽ അഞ്ച് റൺസ് കൂടി ചേർത്തപ്പോഴേക്കും ഹാരി ഡിക്സണും (42) പുറത്തായി. നമൻ തിവാരിയുടെ പന്തിൽ മുരുകൻ അഭിഷേകിന് പിടികൊടുത്തായിരുന്നു മടക്കം.
തുടർന്ന് ഹർജസ് സിങ് മികച്ച ബാറ്റിങ്ങുമായി മുന്നേറുന്നതിനിടെ മറുവശത്ത് റ്യാൻ ഹിക്ക്സും (20) വീണു. ലിംബാനിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. ഹർജസ് സിങ്ങിനെ സൗമി പാണ്ഡെ എൽ.ബി. ഡബ്ലുവിയിൽ കുടുക്കിയതോടെയാണ് ഇന്ത്യക്ക് ആശ്വാസമായത്. വൈകാതെ റാഫ് മാക്മില്ലനെ (2) മുഷീർ ഖാൻ സ്വന്തം ബാളിൽ പിടികൂടി. ചാർലി ആൻഡേഴ്സണെ (13) ലിംബാനി വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ആസ്ട്രേലിയ ഏഴിന് 221 എന്ന നിലയിലേക്ക് വീണു. ഒരുവശത്ത് പിടിച്ചുനിന്ന ഒലിവർ പീക് (43 പന്തിൽ പുറത്താകാതെ 46) ആണ് സ്കോർ 250 കടത്തിയത്. എട്ട് റൺസുമായി ടോം സ്ട്രാക്കർ പുറത്താകാതെ നിന്നു.
ഇന്ത്യക്കായി രാജ് ലിംബാനി പത്തോവറിൽ 38 റൺസ് വഴങ്ങി മൂന്ന് പേരെ മടക്കിയപ്പോൾ നമൻ തിവാരി രണ്ടും സൗമി പാണ്ഡെ, മുഷീർ ഖാൻ എന്നിവർ ഓരോ വിക്കറ്റും നേടി.
അണ്ടർ 19 ലോകകപ്പിൽ ഏറ്റവുമധികം ജേതാക്കളായ ടീമെന്ന ഖ്യാതിയുമായാണ് ഇന്ത്യൻ ടീം കലാശപ്പോരിനിറങ്ങിയത്. മുമ്പ് എട്ട് തവണ കിരീടപ്പോരിൽ മാറ്റുരച്ച ടീം അഞ്ച് തവണയാണ് ജയം കണ്ടത്. ഇത്തവണ അപരാജിത കുതിപ്പോടെയാണ് നീലപ്പട ഫൈനലിലെത്തിയിരിക്കുന്നത്. നാലാം കിരീടമാണ് ആസ്ട്രേലിയയുടെ ലക്ഷ്യം. ആറു തവണ ഫൈനലിലെത്തിയ ഓസീസ് രണ്ട് തവണയും തോറ്റത് ഇന്ത്യയോടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.