അണ്ടർ 19 ലോകകപ്പ്: നേപ്പാളിനെയും തകർത്ത് ഇന്ത്യ സെമിയിൽ
text_fieldsഅണ്ടർ 19 ലോകകപ്പിൽ നേപ്പാളിനെയും തകർത്ത് ഇന്ത്യ സെമിയിൽ. 132 റൺസിനാണ് ഇന്ത്യൻ കൗമാര നിര ജയം പിടിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ക്യാപ്റ്റൻ ഉദയ് സഹറാനും സചിൻ ദാസും സെഞ്ച്വറി നേടിയതോടെ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 297 റൺസാണ് അടിച്ചെടുത്തത്. നേപ്പാളിന്റെ മറുപടി ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 165 റൺസിലൊതുങ്ങുകയായിരുന്നു.
മുന്നൂറിനടുത്ത് വിജയലക്ഷ്യവുമായി ഇറങ്ങിയ നേപ്പാളിന് ഒരവസരത്തിലും ഇന്ത്യക്ക് ഭീഷണിയുയർത്താനായില്ല. ഓപണർമാരായ ദീപക് ബൊഹ്റയും (42 പന്തിൽ 22), അർജുൻ കുമലും (64 പന്തിൽ 26) പിടിച്ചുനിന്നെങ്കിലും ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിൽ റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടു. ക്യാപ്റ്റൻ ദേവ് ഖനലാണ് (53 പന്തിൽ 33 റൺസ്) നേപ്പാളിന്റെ ടോപ് സ്കോറർ. അവസാന വിക്കറ്റിൽ ആകാശ് ചന്ദും (18 നോട്ടൗട്ട്) ദുർഗേഷ് ഗുപ്തയും (29 നോട്ടൗട്ട്) ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തത് നേപ്പാളിന്റെ തോൽവിഭാരം കുറച്ചു. ഇന്ത്യക്കായി സൗമി പാണ്ഡെ നാലുപേരെ മടക്കിയപ്പോൾ അർഷിൻ കുൽകർണി രണ്ടും രാജ് ലിംബാനി, മുരുകൻ അഭിഷേക്, ആരാധ്യ ശുക്ല എന്നിവർ ഓരോന്നും വിക്കറ്റെടുത്തു.
സചിൻ ദാസ്-ഉദയ് സഹ്റാൻ ഷോ
നേരത്തെ 101 പന്തിൽ 116 റൺസെടുത്ത സചിൻ ദാസിന്റെയും 107 പന്തിൽ 100 റൺസെടുത്ത ഉദയ് സഹ്റാന്റെയും ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരെയും ഗുൽസൻ ഝായാണ് വീഴ്ത്തിയത്. സചിൻ ദാസിനെ ദീപക് ബൊഹ്റയും നായകനെ സുഭാഷ് ബണ്ഡാരിയും പിടികൂടുകയായിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത മുഷീർ ഖാൻ ഏഴ് പന്തിൽ ഒമ്പത് റൺസുമായി പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ സ്കോർ ബോർഡിൽ 26 റൺസായപ്പോഴേക്കും ആദ്യ വിക്കറ്റ് വീണിരുന്നു. 18 പന്തിൽ 21 റൺസെടുത്ത ആദർശ് സിങ്ങാണ് ഗുൽസൻ ഝാക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ച് ക്രീസ് വിട്ടത്. പിന്നാലെ 18 റൺസെടുത്ത അർഷിൻ കുൽക്കർണിയും വീണു. 19 റൺസെടുത്ത പ്രിയാൻഷു മോലിയ റണ്ണൗട്ടായും മടങ്ങിയതോടെ ഇന്ത്യ സമ്മർദത്തിലായി. എന്നാൽ, പിന്നീട് ഒരുമിച്ച ഉദയ്-സചിൻ സഖ്യം പിടിച്ചുനിൽക്കുകയായിരുന്നു. 202 പന്തിൽ 215 റൺസ് സ്കോർ ബോർഡിൽ ചേർത്താണ് ഇവർ പിരിഞ്ഞത്. സ്കോർ 300 കടക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇരുവരും പുറത്തായതോടെ അവസാന ഓവറിൽ ഇന്ത്യക്ക് അഞ്ച് റൺസ് ചേർക്കാനേ കഴിഞ്ഞുള്ളൂ. നേപ്പാളിനായി ഗുൽസൻ ഝാ മൂന്നും ആകാശ് ചന്ദ് ഒന്നും വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.