ഇന്ത്യക്ക് കൗമാര കിരീടം
text_fieldsആന്റിഗ്വ: കൗമാര ക്രിക്കറ്റിൽ എതിരാളികളില്ലെന്ന വിളംബരമായി ഇന്ത്യക്ക് അണ്ടർ19 ക്രിക്കറ്റ് ലോകകിരീടം. ഫൈനലിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് കരീബിയൻ മണ്ണിൽ ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. നാല് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 44.5 ഓവറിൽ 189 റൺസിന് എല്ലാവരും പുറത്തായപ്പോൾ ഇന്ത്യ 14 പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം മറികടന്ന് കിരീടം സ്വന്തമാക്കി. സ്കോർ: ഇംഗ്ലണ്ട് 189. ഇന്ത്യ: 47.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 195 .
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഒരു ഘട്ടത്തിലും പിടിച്ചുനിൽക്കാൻ വിടാതെ രാജ് ബവ- രവി കുമാർ കൂട്ടുകെട്ട് എറിഞ്ഞിട്ടപ്പോൾ ബാറ്റിങ്ങിൽ ശൈഖ് റശീദും നിഷാന്ത് സിന്ദുവും രാജ് ബവയും ചേർന്ന് വിജയ തീരത്തെത്തിക്കുകയായിരുന്നു. അഞ്ചു വിക്കറ്റെടുത്ത് രാജ് ബവ, ബാറ്റിങ്ങിലും ഒരു പണത്തൂക്കം മുന്നിൽനിന്നു. രവി കുമാർ നാലു വിക്കറ്റു വീഴ്ത്തിയപ്പോൾ കൗശൽ ടാംബെ അവശേഷിച്ച ഏക വിക്കറ്റിനുടമയായി.
മറുപടി ബാറ്റിങ്ങിൽ ആങ്ക്രിഷ് രഘുവൻഷി പൂജ്യത്തിനും പിന്നാലെ ഹർണൂർ സിങ് 21നും മടങ്ങിയെങ്കിലും പിന്നീടെത്തിയ ശൈഖ് റശീദും നിശാന്ത് സിന്ദുവും രാജ് ബവയും ശ്രദ്ധാപൂർവം ബാറ്റുവീശി വിജയത്തിലേക്ക് ടീം ഇന്ത്യയെ നയിച്ചു. റശീദ് 84 പന്തിൽനിന്ന് 50 റൺസെടുത്തു. രാജ് ബവ 54 പന്തിൽ 35 റൺസും നിശാന്ത് 54 പന്തിൽ 50 റൺസെടുത്ത് പുറത്താകതെയും നിന്നു.
കുട്ടിക്രിക്കറ്റിൽ അഞ്ചാം തവണയാണ് ഇന്ത്യ കിരീടത്തിൽ മുത്തമിടുന്നത്. കഴിഞ്ഞ തവണയും കലാശപ്പോരിൽ ഇന്ത്യയുണ്ടായിരുന്നുവെങ്കിലും ബംഗ്ലദേശിനു മുന്നിൽ വീഴുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.