ലോകപോരിലേക്ക് യു.എ.ഇ
text_fieldsകഴിഞ്ഞ ട്വന്‍റി-20 ലോകകപ്പ് യു.എ.ഇയിലാണ് നടന്നതെങ്കിലും ഇമാറാത്തികളുടെ മനിസിൽ ഒരു കരട് കിടക്കുന്നുണ്ടായിരുന്നു. സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്‍റായിട്ട് പോലും സ്വന്തം രാജ്യത്തിന് യോഗ്യത ലഭിക്കാത്തത് ചെറുതായൊന്നുമല്ല അവരെ നിരാശപ്പെടുത്തിയത്. ആതിഥേയർ എന്ന നിലയിൽ സ്വാഭാവികമായും യോഗ്യത ലഭിക്കേണ്ടതായിരുന്നു. എന്നാൽ, ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്‍റ് പെട്ടന്ന് യു.എ.ഇയിലേക്ക് മാറ്റിയതിനാലും യോഗ്യത റൗണ്ടുകൾ അതിനകം പൂർത്തിയായതിനാലും ദേശീയ ടീമിന് ഗാലറിയിലിരുന്ന് കളി കാണേണ്ട അവസ്ഥയുണ്ടായി. ഈ ലോകകപ്പിന് തൊട്ടുപിന്നാലെയാണ് 2022 ലോകകപ്പിനുള്ള യോഗ്യത റൗണ്ടുകൾ തുടങ്ങിയത്. ഒടുവിൽ യു.എ.ഇയിലെ ക്രിക്കറ്റ് പ്രേമികളെ തേടി ആ സന്തോഷ വാർത്ത എത്തിയിരിക്കുന്നു. ഈ വർഷം ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിൽ ഇമാറാത്തിന്‍റെ സ്വന്തം ടീം കളത്തിലുണ്ടാവും. ഇത് മൂന്നാം തവണയാണ് യു.എ.ഇ ക്രിക്കറ്റ് ടീം ലോകകപ്പിന് യോഗ്യത നേടുന്നത്. ഏഴ് വർഷത്തിന് ശേഷം വീണ്ടുമൊരു ലോകകപ്പിന് പാഡണിയാൻ അവസരം കിട്ടിയതിന്‍റെ ആഹ്ലാദത്തിലാണ് യു.എ.ഇ.
ഒമാനിൽ നടന്ന യോഗ്യത മത്സരങ്ങൾക്കിറങ്ങുമ്പോൾ തന്നെ യു.എ.ഇ ഇത് ജീവൻമരണ പോരാട്ടമാണെന്ന് മനസിലുറപ്പിച്ചിരുന്നു. ഒമാൻ, അയർലെൻഡ്, നേപ്പാൾ, ബഹ്റൈൻ പോലുള്ള കുഞ്ഞൻമാർക്കിടയിലെ വമ്പൻ ടീമുകളുമായി ഏറ്റുമുട്ടി വിജയിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എട്ട് ടീമുകളിൽ നിന്ന് ഫൈനലിലെത്തുന്ന രണ്ട് ടീമിന് മാത്രമായിരുന്നു യോഗ്യത. റോബിൻ സിങിന്‍റെ കളരിയിൽ പയറ്റിത്തെളിഞ്ഞ കുട്ടികൾ സകല അടവുകളും പുറത്തെടുക്കാനൊരുങ്ങിയാണ് ഒമാനിലേക്ക് വിമാനം കയറിയത്. ടൂർണമെന്‍റിലെ ഏറ്റവും മികച്ച ടീമായ അയർലെൻഡിന് പുറമെ അട്ടിമറിക്ക് കെൽപുള്ള ബഹ്റൈനും ഉൾപെട്ട ഗ്രൂപിലായിരുന്നു യു.എ.ഇയുടെ സ്ഥാനം. മറ്റൊരു ടീം ജർമനിയായിരുന്നു. ജർമനി എല്ലാ കളിയും തോറ്റതോടെ യു.എ.ഇ, അയർലൻഡ്, ബഹ്റൈൻ ടീമുകൾ പൊയന്‍റ് പട്ടികയിൽ തുല്യനിലയിലായി. മികച്ച റൺറേറ്റിന്‍റെ അടിസ്ഥാനത്തിലാണ് യു.എ.ഇയും ബഹ്റൈനും സെമിയിലെത്തിയത്. ബി ഗ്രൂപ്പിൽ നിന്ന് നേപ്പാളും ഒമാനും സെമിയിലെത്തി. യു.എ.ഇ -അയർലെൻഡ് പോരാട്ടമാണ് ഫൈനലിൽ കണ്ടത്. ആ മത്സരവും ജയിച്ച് കപ്പും ലോകകപ്പ് യോഗ്യതയും സ്വന്തമാക്കിയാണ് യു.എ.ഇ നാട്ടിലേക്ക് മടങ്ങിയത്.
ടോപ് യു.എ.ഇ:
ഇന്ത്യൻ താരങ്ങളാൽ സമ്പന്നമാണ് യു.എ.ഇ ടീം. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ടോപ് സ്കോറർ ചെന്നൈക്കാരനായ 20 വയസുകാരൻ വൃത്യാ അരവിന്ദായിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് 267 റൺസാണ് ഈ വിക്കറ്റ് കീപ്പർ നേടിയത്. രണ്ടാം സ്ഥാനത്ത് സീനിയർ താരം മുഹമ്മദ് വസീമായിരുന്നു. അഞ്ച് മത്സരത്തിൽ നിന്ന് 241 റൺസ്.
ബൗളിങ്ങിലെ ആദ്യ അഞ്ച് താരങ്ങളിൽ യു.എ.ഇക്കാർ ഇടംപിടിച്ചില്ലെങ്കിലും രോഹൻ മുസ്തഫയും ജുനൈദ് സിദ്ദീഖുമെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.