യുഗാണ്ടയെ തകർത്തെറിഞ്ഞ് അഫ്ഗാനിസ്താൻ
text_fieldsപ്രൊവിഡൻസ് (ഗയാന): ലോകകപ്പ് ഗ്രൂപ് സിയിൽ ഗംഭീര ജയത്തോടെ തുടങ്ങി അഫ്ഗാനിസ്താൻ. നവാഗതരായ യുഗാണ്ടയെ 125 റൺസിനാണ് തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 183 റൺസെടുത്തു. മറുപടിയിൽ 16 ഓവറിൽ വെറും 58 റൺസിന് യുഗാണ്ട കൂടാരം കയറി.
നാല് ഓവറിൽ ഒമ്പത് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഇടംകൈയൻ പേസർ ഫസൽഹഖ് ഫാറൂഖിയാണ് ആഫ്രിക്കൻ സംഘത്തെ തകർത്തത്. ഒന്നാം വിക്കറ്റിൽ റഹ്മത്തുല്ല ഗുർബാസും (45 പന്തിൽ 76) ഇബ്രാഹിം സദ്റനും (46 പന്തിൽ 70) ചേർന്ന് 154 റൺസ് അടിച്ചുകൂട്ടി അഫ്ഗാൻ ഇന്നിങ്സിന് അടിത്തറയിട്ടു.
യുഗാണ്ട ബൗളർമാർക്ക് ഒരവസരവും നൽകാതെ മുന്നേറിയ ഓപണർമാരായ ഗുർബാസും സദ്റനും പത്ത് ഓവർ തികയും മുമ്പെ സ്കോർ നൂറ് കടത്തി. 15ാം ഓവറിലാണ് സദ്റൻ പുറത്താവുന്നത്. പിന്നാലെ ഗുർബാസും വീണു. നജീബുല്ല സദ്റൻ (2), ഗുൽബുദ്ദീൻ നാഇബ് (4), അസ്മത്തുല്ല ഉമർസായി (5) എന്നിവർ വേഗത്തിൽ മടങ്ങി.
14 റൺസുമായി മുഹമ്മദ് നബിയും രണ്ട് റൺസെടുത്ത് ക്യാപ്റ്റൻ റാഷിദ് ഖാനും പുറത്താവാതെ നിന്നു. മറുപടി ബാറ്റിങ്ങിൽ യുഗാണ്ടക്കായി രണ്ടുപേർ മാത്രമാണ് രണ്ടക്കം കടന്നത്, 14 റൺസെടുത്ത റോബിൻ ഒബുയയും 11 റൺസ് നേടിയ റിയാസത്ത് അലി ഷായും. ഫാറൂഖിക്ക് പുറമെ രണ്ട് വീതം വിക്കറ്റെടുത്ത് സ്പിന്നർമാരായ റാഷിദ് ഖാനും മുജീബുർറഹ്മാനും തകർച്ചയുടെ ആഴം കൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.