ഉംബ്രി; വിലയറിയാതെ പോയ പ്രതിഭ
text_fieldsകോഴിക്കോട്: ഭാഷക്കും ദേശത്തിനുംമീതെ ഇന്ത്യയെ ക്രിക്കറ്റ് ഒന്നിപ്പിക്കുവെന്നതിന് ഉദാഹരിക്കാൻ രാഹുൽ ദ്രാവിഡ് ചൂണ്ടിക്കാട്ടിയ താരമായിരുന്നു വെള്ളിയാഴ്ച ആലപ്പുഴയിൽ സ്വയം ജീവിതമവസാനിപ്പിച്ച എം.സുരേഷ് കുമാർ എന്ന ഉംബ്രി. 2011ലെ ഡോൺ ബ്രാഡ്മാൻ പ്രഭാഷണ വേദിയിലായിരുന്നു ദ്രാവിഡ് 1990ൽ ന്യൂസിലൻഡിനെതിരായ അണ്ടർ 19 ടീമിലെ സഹതാരമായ ഉംബ്രിയെ പേരെടുത്തുപറഞ്ഞത്. ദ്രാവിഡ് നായകനായ കൗമാര ടീമിലെ ഒാൾറൗണ്ടറായിരുന്നു ലെഫ്റ്റ് ആം ഒാഫ് സ്പിന്നറായ ഇൗ ആലപ്പുഴക്കാരൻ.
'അന്നൊരു മത്സര ദിവസം ക്രീസിൽ ഉംബ്രിയും ഉത്തർപ്രദേശുകാരൻ ധർമേന്ദ്ര മിശ്രയും. ഉംബ്രിക്ക് മലയാളം മാത്രമേ അറിയൂ. ധർമേന്ദ്രക്ക് ഹിന്ദി മാത്രവും. ഇരുവരും ക്രീസിൽ എങ്ങനെ ആശയവിനിമയം നടത്തുമെന്ന് ഞങ്ങൾ ഡ്രസിങ് റൂമിലിരുന്നു ആശങ്കപ്പെട്ടപ്പോൾ, അതെല്ലാം അസ്ഥാനത്താക്കി ഇരുവരും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി' -ലോകം കേട്ടുകൊണ്ടിരുന്ന പ്രഭാഷണത്തിൽ ദ്രാവിഡ് മലയാളി താരത്തെ സ്മരിച്ചത് ഇങ്ങനെ.
ഇന്ത്യൻ ക്രിക്കറ്റ് സെലക്ഷനിലെ സ്വജന പക്ഷപാതവും േക്വാട്ട സംവിധാനംവെച്ച് വീതിച്ചെടുക്കുന്ന പതിവുമായിരുന്നു ഉംബ്രിക്ക് ദേശീയ സീനിയർ ടീമിലേക്കുള്ള ഇടം നിഷേധിച്ചത്. കേരളത്തിൽ നിന്നും ഇന്ത്യൻ ടീമിലെത്തുന്ന ആദ്യതാരമായാണ് ഉംബ്രി 1990 ന്യൂസിലൻഡ് പര്യടനത്തിനുള്ള അണ്ടർ 19 ടീമിൽ ഇടംപിടിച്ചത്. സ്റ്റീഫൻ െഫ്ലമിങ്, ഡിയോൺ നാഷ് എന്നിവരടങ്ങിയ കിവീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു. ബാറ്റ്സ്മാനും ഫീൽഡറും ഉന്നംപിഴക്കാത്ത ത്രോയുമായി വിസ്മയിപ്പിച്ച ഉംബ്രി ഇന്ത്യ പാഴാക്കിക്കളഞ്ഞ ടാലൻറ് ആയാണ് സമകാലികരും ക്രിക്കറ്റ് വിദഗ്ധരും വിശേഷിപ്പിക്കുന്നത്.
അനന്തപത്മനാഭൻ, രാംപ്രകാശ്, ഉംബ്രി എന്നീ സ്പിന്നർമാർ 1991-99കളിൽ സമ്മാനിച്ച രഞ്ജി വിജയങ്ങൾക്ക് കണക്കില്ല. 72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയടക്കം 1657 റൺസും 196 വിക്കറ്റും നേടി. 12 തവണ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തു. 51 ലിസ്റ്റ് 'എ' മത്സരങ്ങളിൽ 433 റൺസും 52 വിക്കറ്റും വീഴ്ത്തി. വിരമിച്ച ശേഷവും വെറ്ററൻ ക്രിക്കറ്റും മറ്റുമായി സജീവമായിരിക്കേയാണ് ജീവിതം ക്ലീൻബൗൾഡ് ചെയ്ത് ഉംബ്രി തിരിച്ചുനടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.