ഏഷ്യകപ്പിൽ ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ ലോകകപ്പ് കളിക്കാൻ പാകിസ്താൻ ഇന്ത്യയിലേക്കുമില്ല- മറ്റു വേദികൾ വേണമെന്ന് ആവശ്യം
text_fieldsപാകിസ്താനിൽ നടക്കേണ്ട ഏഷ്യകപ്പിൽ ഇന്ത്യൻ ടീമിന് ബി.സി.സി.ഐ അനുമതി നിഷേധിച്ചാൽ അതുകഴിഞ്ഞ് ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പാകിസ്താനും പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. ഇന്ത്യക്കു പകരം ബംഗ്ലദേശിലോ ശ്രീലങ്കയിലോ മത്സരങ്ങൾ നടത്തണമെന്നാണ് പാകിസ്താന്റെ ആവശ്യം. ഈ വർഷം ഒക്ടോബർ- നവംബർ മാസങ്ങളിലാണ് ലോകകപ്പ്. മത്സരക്രമം വൈകാതെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിടാനിരിക്കെയാണ് പുതിയ സമ്മർദനീക്കം.
‘‘ഏഷ്യ കപ്പിന് ഇന്ത്യൻ ടീമിനെ അയക്കേണ്ടെന്ന് ബി.സി.സി.ഐ തീരുമാനിച്ചാൽ ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ കളിക്കേണ്ടെന്നാണ് ആലോചനയെന്ന് പാക് ക്രിക്കറ്റ് ബോർഡിനെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കു പകരം ശ്രീലങ്ക, ബംഗ്ലദേശ് എന്നിവിടങ്ങളിൽ വേദി വേണമെന്നാണ് ആവശ്യം.
ഏഷ്യകപ്പിൽ പാകിസ്താനല്ലാത്ത വേദികൾ വേണമെന്നും മത്സരങ്ങൾക്കായി പാകിസ്താനിലേക്ക് പോകില്ലെന്നും നേരത്തെ ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന്, മത്സരങ്ങൾ ബംഗ്ലദേശിലേക്ക് മാറ്റുന്ന ചർച്ചകൾ പുരോഗമിക്കുകയാണ്. ഇരുരാജ്യങ്ങളുമായും കൂടുതൽ അടുത്തുള്ള രാജ്യം എന്ന നിലക്കാണ് ബംഗ്ലദേശിന് പരിഗണന.
ഏഷ്യകപ്പിൽ ഇന്ത്യയും ലോകകപ്പിൽ പാകിസ്താനും കളിക്കണമെന്നാണ് ഐ.സി.സി. ആവശ്യം. ഇരു രാജ്യങ്ങളും വിട്ടുനിൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. ഏഷ്യ കപ്പ് മാത്രമല്ല, 2025ൽ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയും പാകിസ്താനിൽ നടക്കേണ്ടതാണ്. ഇതിലും ഇന്ത്യൻ സാന്നിധ്യം വിഷയമാകും.
സെപ്റ്റംബർ ആദ്യത്തിൽ നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപിലാണ്. ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ രാജ്യങ്ങൾ മറ്റു ഗ്രൂപിലും. പാകിസ്താനിൽ നടത്തേണ്ട ഏഷ്യ കപ്പ് മറ്റു വേദിയിലേക്ക് മാറ്റണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടിരുന്നു. പാകിസ്താനിൽനിന്ന് മാറ്റിയാൽ ടീം പിൻമാറുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ രമീസ് രാജയും ഭീഷണിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.