അഡലെയ്ഡിലെ പത്ത് വിക്കറ്റ് തോൽവി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് തിരിച്ചടി; മൂന്നാം സ്ഥാനത്തേക്ക് വീണു
text_fieldsഅഡലെയ്ഡ്: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ദയനീയ തോൽവി വഴങ്ങിയ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും തിരിച്ചടി.
അഡലെയ്ഡിൽ നടന്ന പിങ്ക് ബാൾ ടെസ്റ്റിൽ പത്ത് വിക്കറ്റിനാണ് ഇന്ത്യയെ ആസ്ട്രേലിയ വീഴ്ത്തിയത്. പെർത്തിലെ ഒന്നാം ടെസ്റ്റ് തോൽവിക്കുള്ള തിരിച്ചടി കൂടിയാണ് അഡലെയ്ഡിൽ ആതിഥേയരുടെ തകർപ്പൻ ജയം. ഇന്ത്യൻ ബാറ്റർമാരുടെ മോശം പ്രകടനമാണ് കനത്ത തോൽവി സമ്മാനിച്ചത്. 180, 175 എന്നിങ്ങനെയാണ് ഇരു ഇന്നിങ്സുകളിലെയും ഇന്ത്യയുടെ സ്കോർ. കഷ്ടിച്ചാണ് ഇന്നിങ്സ് തോൽവിയിൽനിന്ന് ഇന്ത്യ രക്ഷപ്പെട്ടത്.
നിതീഷ് കുമാർ റെഡ്ഡിയും ഋഷഭ് പന്തും മാത്രമാണ് ബാറ്റിങ്ങിൽ അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. രണ്ടു ഇന്നിങ്സുകളിലും ഇന്ത്യയുടെ ടോപ് സ്കോറർ നിതീഷ് റെഡ്ഡിയാണ്. 42 റൺസ് വീതം. വെറ്ററൻ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ എന്നിവരെല്ലാം നിരാശപ്പെടുത്തി. വാഷിങ്ടൺ സുന്ദറിനു പകരം പ്ലെയിങ് ഇലവനിലെത്തിയ വെറ്ററൻ സ്പിന്നർ ആർ. അശ്വിനും തിളങ്ങാനായില്ല.
ഇന്ത്യയുടെ നാണംകെട്ട തോൽവി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളിലും വലിയ മാറ്റമുണ്ടാക്കി. ടേബിളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു വീണു. ആസ്ട്രേലിയ ഒന്നാം സ്ഥാനത്തേക്കു കയറി. 60.71 ആണ് ഓസ്ട്രേലിയയുടെ പോയന്റ് ശതമാനം. ഇന്ത്യയുടെ പി.സി.ടി 57.29 ആണ്. ദക്ഷിണാഫ്രിക്കയാണു രണ്ടാം സ്ഥാനത്ത്. 59.26 ആണ് ദക്ഷിണാഫ്രിക്കയുടെ പോയന്റ് ശതമാനം. നാട്ടിൽ ന്യൂസിലൻഡിനെതിരെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതാണ് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രതീക്ഷകൾക്ക് ഭീഷണിയായത്.
ആസ്ട്രേലിയക്കെതിരെ അഞ്ചിൽ നാലു മത്സരങ്ങളും ജയിച്ചാൽ മാത്രമേ, മറ്റു ടീമുകളുടെ ഫലങ്ങൾ നോക്കാതെ ഇന്ത്യക്ക് ഫൈനലിന് നേരിട്ട് യോഗ്യത നേടാനാകു. അടുത്ത മൂന്നു ടെസ്റ്റുകളും ജയിച്ചാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താം. 3-1ന് പരമ്പര ഇന്ത്യ ജയിച്ചാൽ, ദക്ഷിണാഫ്രിക്ക-ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ പ്രതീക്ഷകൾ. രണ്ടാം ടെസ്റ്റിൽ ലങ്ക ജയിച്ചൽ ഇന്ത്യക്ക് നേരിട്ട് ഫൈലിലെത്താനാകും. സമനിലയും ഇന്ത്യയെ ഫൈനലിലെത്തിക്കും.
ബ്രിസ്ബെയ്‍നിൽ ഡിസംബർ 14 മുതലാണ് മൂന്നാം ടെസ്റ്റ്. രണ്ടാം ഇന്നിങ്സിൽ 175 റൺസിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാൻ 19 റൺസ് മതിയായിരുന്നു. ഓപ്പണർമാരായ നഥാൻ മക്സ്വീനെയും (12 പന്തിൽ 10) ഉസ്മാൻ ഖ്വാജയും (എട്ടു പന്തിൽ ഒമ്പത്) അനായാസം ആതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റിൽ ഇന്ത്യ 295 റൺസിന് ജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.