സച്ചിന്റെ വീട്ടിലും ഉറുസ്; മുടക്കിയത് 4.22 കോടി
text_fieldsമുംബൈ: ലംബോര്‍ഗിനിയുടെ ആഡംബര കാറായ ഉറുസ് എസ്.യു.വി സ്വന്തമാക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുൽകര്‍. അടുത്തിടെ പുറത്തിറക്കിയ ഉറുസ് എസ് മോഡലാണ് ഗാരേജിലെത്തിച്ചത്. 4.22 കോടി രൂപയാണ് ഇതിന്റെ എക്സ് ഷോറൂം വില. മുമ്പിലെയും പിന്നിലെയും ബമ്പറുകളിൽ അടക്കം വ്യത്യാസവുമായാണ് ലംബോർഗിനി ഉറുസ് എസ് മോഡൽ അവതരിപ്പിച്ചിരുന്നത്. എയർ സസ്പെൻഷൻ സിസ്റ്റവും ബോണറ്റിൽ കൂളിങ് വെന്റുകളും ഇതിലുണ്ട്. സഹതാരമായിരുന്ന രോഹിത് ശർമയും അടുത്തിടെ ലംബോർഗിനി സ്വന്തമാക്കിയിരുന്നു.
ബി.എം.ഡബ്ല്യു കാറുകളുടെ ബ്രാന്‍ഡ് അംബാസഡറായ സച്ചിന് പോര്‍ഷെ 911 ടർബോ എസും സ്വന്തമായുണ്ട്. ബി.എം.ഡബ്ല്യു 7 സീരീസ് എൽ.ഐ, ബി.എം.ഡബ്ല്യു എക്സ് 5 എം, ബി.എം.ഡബ്ല്യു ഐ 8, ബി.എം.ഡബ്ല്യു 5 സീരിസ് കാറുകളും സച്ചിന്റെ ഗാരേജിലുണ്ട്. നിസാന്‍ ലിമിറ്റഡ് എഡിഷനായ ജി.ടി-ആര്‍ ഈഗോയിസ്റ്റും മുൻ താരത്തിന്റെ പേരിലുണ്ട്. 43 കാർ മാത്രമാണ് നിസാന്‍ ഈ മോഡലിൽ ഇറക്കിയിരുന്നത്. ഇത് സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനും സച്ചിനായിരുന്നു.
നിലവിൽ ലംബോർഗിനിയുടെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ഉറുസ്. 2018 ജനുവരിയിലാണ് വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചത്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്ററിലെത്താൻ വെറും 3.6 സെക്കഡ് മതി ഉറുസിന്. മണിക്കൂറില്‍ 305 കിലോമീറ്ററാണ് പരമാവധി വേഗത. സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.