‘ഭൂതകാലത്തെ തെറ്റുകൾ ആവർത്തിക്കാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു...’; ഫലസ്തീൻ അനുകൂല ഷൂ വിവാദത്തിൽ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് ഉസ്മാൻ ഖ്വാജ
text_fieldsമെൽബൺ: ഫലസ്തീന് ഐക്യദാർഢ്യം അർപ്പിച്ചുള്ള സന്ദേശങ്ങളടങ്ങിയ ഷൂ ധരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്നെ പിന്തുണച്ച ആരാധകർക്ക് നന്ദി പറഞ്ഞ് ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖ്വാജ. ഭൂതകാലത്തെ തെറ്റുകൾ ആവർത്തിക്കാൻ നാം വിധിക്കപ്പെട്ടിരിക്കുകയാണെന്നും നല്ലൊരു ഭാവിക്കായി എല്ലാവർക്കും ഒന്നിച്ചുപോരാടാമെന്നും ഖ്വാജ സമൂഹമാധ്യമത്തിൽ കുറിച്ചു.
വിവാദമായ ഷൂവിന്റെ ചിത്രങ്ങളടക്കം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം. പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയിൽ ഫലസ്തീന് ഐക്യദാർഢ്യം അർപ്പിച്ചുള്ള സന്ദേശങ്ങളടങ്ങിയ ഷൂ ധരിച്ച് കളിക്കാനുള്ള ഖ്വാജയുടെ തീരുമാനമാണ് വിവാദത്തിലേക്ക് നയിച്ചത്. എല്ലാ ജീവിതവും തുല്യമാണെന്നും സ്വാതന്ത്ര്യം മനുഷ്യാവകാശമാണെന്നുമുള്ള സന്ദേശങ്ങളാണ് ഷൂവിൽ എഴുതിയത്.
എന്നാൽ, ഐ.സി.സി വിലക്കിയതിനെ തുടർന്ന് കറുത്ത ആം ബാൻഡ് ധരിച്ച് കളിക്കാനിറങ്ങിയാണ് താരം ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ചാണു ഐ.സി.സി ഷൂ വിലക്കിയത്. ‘പോയ വാരം നിങ്ങൾ തന്ന പിന്തുണക്കും സ്നേഹത്തിനും നന്ദി. എല്ലാം ശ്രദ്ധിച്ചിരുന്നു. വിലപ്പെട്ടതൊന്നും അത്ര എളുപ്പമല്ലല്ലോ. ഭൂതകാലത്തെ തെറ്റുകൾ ആവർത്തിക്കാൻ നാം വിധിക്കപ്പെട്ടിരിക്കുന്നുവെന്നാണു ചരിത്രം തെളിയിക്കുന്നത്. എന്നാലും, നല്ലൊരു ഭാവിക്കായി നമുക്ക് ഒന്നിച്ചു പോരാടാം’ -ഖ്വാജ കുറിച്ചു.
ഫലസ്തീൻ അനുകൂല വാചകമെഴുതിയ അതേ ഷൂ ധരിച്ചെത്തിയ താരം ഐ.സി.സി നിർദേശം കാരണം ആ ഭാഗം സുതാര്യമായ ടേപ്പ് വെച്ച് മറച്ചിരുന്നു. താൻ പക്ഷം പിടിക്കുകയല്ലെന്നും തന്റേത് രാഷ്ട്രീയ പ്രസ്താവനയെല്ലെന്നും പറഞ്ഞ ഖ്വാജ, ജൂതനോ മുസ്‍ലിമോ ഹിന്ദുവോ ആകട്ടെ, എല്ലാ ജീവനും തനിക്ക് തുല്യമാണെന്ന് പറയുക മാത്രമാണ് ചെയ്യുന്നതെന്നും സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ താരം പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.