13 വയസ്സുകാരന്‍റെ ആറാട്ട്! രാജസ്ഥാന്‍റെ പരിശീലന സെഷനിൽ അടിച്ചുതൂക്കി വൈഭവ് സൂര്യവംശി-Video
text_fieldsഐ.പി.എല്ലിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് സൂര്യവംശി മാറിയിരുന്നു. വെറും13 വയസ്സുള്ള കുട്ടിതാരത്തെ രാജസ്ഥാൻ റോയൽസാണ് ടീമിലെത്തിച്ചത്. ഇപ്പോഴിതാ റോയൽസിനെ നെറ്റ്സിൽ വൈഭവിന്‍റെ അടിച്ചുതകർക്കലിനാണ് ആരാധകർ സാക്ഷിയാക്കുന്നത്.
1.1 കോടി രൂപക്കാണ് അദ്ദേഹത്തെ രാജസ്ഥാൻ ടീമിലെത്തിച്ചത്. പേസ് ബൗളർമാരെയും സ്പിന്നർമാരെയും ഒരുപോലെ വൈഭവ് അടിച്ചുക്കൂട്ടുന്നുണ്ട്. രാജസ്ഥാൻ റോയൽസിന്‍റെ സോഷ്യൽ മീഡിയ പേജിലാണ് താരത്തിന്‍റെ വെടിക്കെട്ട് ബാറ്റിങ് വീഡിയോ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം ക്രിക്കറ്റിന്‍റെ വീറും വാശിയും നിറഞ്ഞ പോർക്കളത്തിൽ കൊച്ചുപയ്യൻ അതിജീവിക്കുമോയെന്നത് കണ്ടറിയണമെന്ന് സന്ദേഹിക്കുന്നവരോട് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് ഒന്നേ പറയാനുള്ളൂ. 'വൈഭവ് സൂര്യവംശി പുഷ്പംപോലെ പന്തുകൾ ഗ്രൗണ്ടിന് പുറത്തേക്ക് പറത്തുന്നവനാണ്. ആളുകൾ കൂറ്റനടിക്കുള്ള അവൻ്റെ കഴിവിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അവൻ ഐ.പി.എല്ലിന് ഒരുങ്ങിക്കഴിഞ്ഞു'.
'ഇന്നത്തെ കുട്ടികൾക്ക് ഒട്ടും ആത്മവിശ്വാസക്കുറവ് ഇല്ല. അവർ വളരെ ധീരരും ഇന്ത്യൻ ക്രിക്കറ്റിന്റെ നിലവിലെ സാഹചര്യങ്ങൾ മനസ്സിലാക്കുന്നവരുമാണ്. അവന് ഉപദേശം നൽകുന്നതിനേക്കാൾ, ഒരു യുവതാരം എങ്ങനെ ക്രിക്കറ്റ്കളിക്കാൻ ആഗ്രഹിക്കുന്നു, അവന് എന്താണ് ഇഷ്ടം, എന്നിൽനിന്ന് ഏതുതരത്തിലുള്ള പിന്തുണയാണ് വേണ്ടത് എന്ന് നിരീക്ഷിക്കുന്നതിനാണ് ഞാൻ മുൻഗണന നൽകുന്നത്.
വൈഭവ് വളരെ ആത്മവിശ്വാസമുള്ള താരമാണ്. അക്കാദമിയിൽ പരിശീലിക്കുമ്പോഴേ ഗ്രൗണ്ടിനുപുറത്തേക്ക് അവൻ സിക്‌സറുകൾ പറത്താറുണ്ട്. അടിച്ചു തകർക്കാനുള്ള അവന്റെ മിടുക്കിനെക്കുറിച്ച് ആളുകൾ സംസാരിക്കുന്നു. അതിൽ കൂടുതൽ എന്താണ് വേണ്ടത്? അവൻ്റെ കരുത്ത് മനസ്സിലാക്കുകയും പിന്തുണക്കുകയുമാണ് വേണ്ടത്. ഒരു മൂത്ത സഹോദരനെപ്പോലെ അവനോടൊപ്പം ഉണ്ടായിരിക്കും' -എന്നും സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.