ദാ പുതിയ സൂര്യോദയം! 12ാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം; വൈഭവ് സൂര്യവൻശി ആരെന്നറിയാം...
text_fieldsപന്ത്രണ്ട് വയസ്സു മാത്രമുള്ള ഒരു കുട്ടി താരത്തിന്‍റെ അരങ്ങേറ്റമാണ് ഇത്തവണ രഞ്ജി ട്രോഫിയിലെ ഹൈലൈറ്റ്. അണ്ടർ 16, അണ്ടർ 19 ടീമുകളിൽ കളിക്കേണ്ട പ്രായത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിക്കുക, അതും ഇന്ത്യൻ ടീമിൽ കളിക്കുന്ന താരങ്ങൾ അണിനിരക്കുന്ന ഒരു ആഭ്യന്തര ടൂർണമെന്‍റിൽ.
വെള്ളിയാഴ്ച മുംബൈക്കെതിരായ മത്സരത്തിൽ ബിഹാർ താരമായി വൈഭവ് സൂര്യവൻശി കളിക്കാനിറങ്ങുമ്പോൾ പ്രായം 12 വയസ്സും 284 ദിവസവും. ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് ലോകം സംസാരിക്കുന്നത് ഈ പന്ത്രണ്ടുകാരന്‍റെ ചരിത്ര അരങ്ങേറ്റത്തെ കുറിച്ചാണ്. ആദ്യ ഫസ്റ്റ് ക്ലാസ് മത്സരത്തിൽതന്നെ 28 പന്തിൽ 19 റൺസെടുത്താണ് താരം പുറത്തായത്. അതും മുംബൈയുടെ പേരുകേട്ട ബൗളർമാരായ മോഹിത് അവസത്തി, ശിവം ദുബെ, ഷംസ് മുലാനി എന്നിവരെ സധൈര്യം നേരിട്ട്, നാലു ബൗണ്ടറികളും നേടി.
കഴിഞ്ഞ സീസണിൽ വിനു മങ്കാട് ട്രോഫിയിൽ നടത്തിയ തകർപ്പൻ പ്രകടനമാണ് വൈഭവിന് ബിഹാർ രഞ്ജി ടീമിലേക്കുള്ള വഴി തുറന്നത്. അഞ്ചു ഇന്നിങ്സുകളിൽനിന്നായി ഈ ഇടങ്കൈയൻ ബാറ്റർ അടിച്ചുകൂട്ടിയത് 393 റൺസാണ്. സ്ട്രൈക്ക് റേറ്റ് 101.16. അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് താരത്തിന്‍റെ പേരും ഉയർന്നുകേട്ടെങ്കിലും നിർഭാഗ്യവശാൽ തെരഞ്ഞെടുക്കപ്പെട്ടില്ല. മാസാവസാനം ദക്ഷിണാഫ്രിക്കയിലാണ് ലോകകപ്പ് നടക്കുന്നത്.
ഇംഗ്ലണ്ടും ബംഗ്ലാദേശും ഉൾപ്പെട്ട ചതുർ രാഷ്ട്ര ട്രോഫിയിലും ചലഞ്ചർ ട്രോഫിയിലും ഇന്ത്യയുടെ അണ്ടർ -19 ടീമിന്‍റെ ഭാഗമായിരുന്നു ഈ ബിഹാർ താരം. ചതുർ രാഷ്ട്ര ട്രോഫിയിൽ ആറ് ഇന്നിങ്സുകളിൽനിന്നായി രണ്ടു അർധ സെഞ്ച്വറികളടക്കം 177 റൺസാണ് നേടിയത്. 2023ലെ കൂച്ച് ബെഹര്‍ ട്രോഫിയിൽ ബിഹാറിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു. ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ 128 പന്തില്‍ 151 റണ്‍സ് നേടി. 22 ഫോറും മൂന്ന് സിക്‌സുമാണ് സൂര്യവംശിയുടെ ബാറ്റിൽനിന്ന് പിറന്നത്.
ഫസ്റ്റ് ക്ലാസില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ നാലാമത്തെ ഇന്ത്യന്‍ താരമാണ് വൈഭവ്. 1942-43 സീസണിലാണ് ഏറ്റവും പ്രായം കുറഞ്ഞ ഫസ്റ്റ് ക്ലാസ് ബാറ്റര്‍ പിറവിയെടുത്തത്. അജ്മീറില്‍ ജനിച്ച അലിമുദീനാണ് ഈ ഐതിഹാസിക നേട്ടത്തിനുടമയായ താരം. ബറോഡയിലെ മഹാരാജ പ്രതാപ്‌സിങ് കോറണേഷന്‍ ജിംഖാനയില്‍ നടന്ന രജപുതാന–ബറോഡ മത്സരത്തില്‍ രജപുതാനക്ക് വേണ്ടി കളത്തിലിറങ്ങിയപ്പോള്‍ 12 വയസും 73 ദിവസവുമായിരുന്നു അലിമുദീന്റെ പ്രായം.
ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് സിങ് എന്നിവരെയൊക്കെ വൈഭവ് പിന്തള്ളി. യുവരാജ് 15 വയസും 57 ദിവസവും പ്രായമുള്ളപ്പോഴാണ് അരങ്ങേറിയത്. സചിന്‍ 15 വയസും 230 ദിവസവും പിന്നിട്ടപ്പോള്‍. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി താരോദയമായാണ് ക്രിക്കറ്റ് ലോകം വൈഭവിനെ വിശേഷിപ്പിക്കുന്നത്. ക്രിക്കറ്റിന്‍റെ ബാലപാഠങ്ങൾ പകർന്നുതന്നത് പിതാവ് സഞ്ജീവാണെന്ന് വൈഭവ് പറയുന്നു.
ഒമ്പതാം വയസ്സിലാണ് ആദ്യമായി ക്രിക്കറ്റ് കളിക്കുന്നത്. ഹിറ്റ്മാൻ രോഹിത് ശർമ, മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് എന്നിവരുടെ ട്രേഡ് മാർക്കായ പുൾ ഷോട്ടാണ് വൈഭവിനെ ശ്രദ്ധേയനാക്കുന്നത്. ബിഹാറിനെതിരെയുള്ള മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒന്നാം ഇന്നിങ്സിൽ 251 റൺസിന് പുറത്തായി. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ബിഹാർ ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 89 റൺസെടുത്തിട്ടുണ്ട്. ഇപ്പോഴും 162 റൺസ് പിന്നിലാണ് ബിഹാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.