വൈഭവ് സൂര്യവൻശിയുടെ പ്രായം ആർക്കും പരിശോധിക്കാം; ആരോപണം തള്ളി പിതാവ്
text_fieldsമുംബൈ: ഐ.പി.എൽ ലേല ചരിത്രത്തിൽ ഒരു ടീമുമായി കരാർ ഒപ്പിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് കൗമാരക്കാരൻ വൈഭവ് സൂര്യവൻശി സ്വന്തമാക്കിയത്. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ സ്വന്തമാക്കാനായി സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും സൗദിയിലെ റിയാദിൽ വാശിയേറിയ പോരാട്ടമാണ് നടത്തിയത്. ഒടുവിൽ 1.10 കോടി രൂപക്കാണ് പതിമൂന്നുകാരനെ രാജസ്ഥാൻ ടീമിൽ എത്തിച്ചത്.
നേരത്തെ, ഐ.പി.എൽ താര ലേലത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വൈഭവിന്‍റെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചകൾ കൊഴുക്കുന്നത്. വൈഭവിനു 13 വയസ്സേയുള്ളൂവെന്ന് പറയുന്നത് തട്ടിപ്പാണെന്നാണ് ഒരു വിഭാഗം ആളുകളുടെ ആരോപണം. എന്നാൽ, ആരോപണം തള്ളി താരത്തിന്‍റെ പിതാവ് സഞ്ജീവ് സൂര്യവംശി രംഗത്തെത്തി.
വൈഭവ് ബി.സി.സി.ഐയുടെ പ്രായപരിശോധനക്ക് വിധേയനായിട്ടുള്ള താരമാണെന്നും ഇനിയും പരിശോധനക്ക് വിധേയനാകാൻ മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘വൈഭവിന് എട്ടു വയസ്സുള്ളപ്പോൾ ബി.സി.സി.ഐയുടെ പ്രായപരിശോധനക്ക് വിധേയനായിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി ഇതിനകം അണ്ടർ 19 ടീമിൽ കളിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ആരെയും ഭയമില്ല. വീണ്ടും പ്രായ പരിശോധന നടത്താം’ -പിതാവ് സഞ്ജീവ് സൂര്യവൻശി പറഞ്ഞു.
മകൻ ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എട്ടു വയസ് പ്രായമുള്ളപ്പോൾത്തന്നെ അവൻ ജില്ലതലത്തിൽ അണ്ടർ 16 വിഭാഗത്തിൽ തിളങ്ങി. പിന്നാലെ ക്രിക്കറ്റ് പരിശീലനത്തിനായി സമസ്തിപൂരിലേക്ക് കൊണ്ടുപോയത് താനാണെന്നും പിതാവ് കൂട്ടിച്ചേർത്തു. യൂത്ത് ടെസ്റ്റ് പരമ്പരയിൽ ആസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരെ കഴിഞ്ഞമാസം സെഞ്ചറി നേടിയാണ് വൈഭവ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകുന്നത്. 62 പന്തിൽ 104 റൺസാണ് താരം അടിച്ചെടുത്തത്.
മത്സര ക്രിക്കറ്റിന്‍റെ 170 വർഷത്തെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കി. ഈ സമയം വൈഭവിന്‍റെ പ്രായം 13 വയസ്സും 188 ദിവസവും. 2023-24 രഞ്ജി ട്രോഫിയിൽ അരങ്ങേറ്റ മത്സരം കളിക്കുമ്പോൾ വൈഭവിന്‍റെ പ്രായം 12 വയസ്സും 284 ദിവസവും മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.