അവസാന പന്തിൽ ജയം; കൊൽക്കത്തയെ തകർത്ത് ചെന്നൈ വീണ്ടും തലപ്പത്ത്
text_fieldsഅബൂദബി: ഐ.പി.എല്ലിൽ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് ജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് കൊൽക്കത്തയെ തകർത്തത്.
ആറ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസായിരുന്നു കൊൽക്കത്തയുടെ സമ്പാദ്യം. ത്രിപാതി (45), നിതീഷ് റാണ (37*) എന്നിവരുടെ ബാറ്റിങ് മികവാണ് കൊൽക്കത്തയെ മികച്ച സ്കോർ കണ്ടെത്താൻ സഹായിച്ചത്. ദിനേശ് കാർത്തിക് (26), റസൽ (20), വെങ്കടേശ് അയ്യർ (18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാൻമാർ. ചെന്നൈക്ക് വേണ്ടി ഹെയ്സൽവുഡും താക്കൂറും രണ്ട് വിക്കറ്റുകൾ നേടി. ജഡേജക്കാണ് ഒരു വിക്കറ്റ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് വേണ്ടി ഓപണർമാരായ ഗെയ്കവാദും ഡുെപ്ലസിസും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 71 റൺസിെൻറ കൂട്ടുെകട്ട് പടുത്തുയർത്തി. പിന്നീട് വന്ന മുഈൻ അലിയും 32 റൺസെടുത്ത് കട്ടക്ക് കൂടെനിന്നു.
എന്നാൽ, തുടർന്ന് ക്രീസിലെത്തിയ അമ്പാട്ടി റായ്ഡുവും റെയ്നവും ക്യാപ്റ്റൻ ധോണിയും കാര്യമായ സംഭാവനകൾ നൽകാതെ പുറത്തായി. അവസാന പന്തുകളിൽ തകർത്തടിച്ച ജദേജയാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. എട്ട് പന്തിൽ 22 റൺസാണ് ജദേജയെടുത്തത്.
അവസാന ഓവറിൽ ജയിക്കാൻ നാല് റൺസ് മാത്രമാണ് ചെന്നൈക്ക് വേണ്ടിയിരുന്നത്. നരെയ്ൻ എറിഞ്ഞ ആദ്യ പന്തിൽ തന്നെ സാം കറാൻ പുറത്തായി. അടുത്ത പന്തിൽ താക്കൂറിന് റണ്ണൊന്നും കണ്ടെത്താനായില്ല. മൂന്നാം പന്തിൽ താക്കൂർ മൂന്ന് റൺസെടുത്തതോടെ ജദേജ ക്രീസിലെത്തി. നാലാം പന്തിൽ വീണ്ടും പൂജ്യം. അഞ്ചാം പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി ജദേജ പുറത്തായതോടെ കളി വീണ്ടും ബലാബലായി. എന്നാൽ, അവസാന പന്തിൽ ദീപക് ചഹാർ ഒരു റൺസെടുത്ത് ചെന്നൈയെ വിജയത്തിലെത്തിച്ചു.
കൊൽക്കത്തക്ക് വേണ്ടി സുനിൽ നരെയ്ൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, ഫെർഗൂസൻ, വരുൺ ചക്രവർത്തി, റസൽ എന്നിവർ ഓരോ വിക്കറ്റുകൾ നേടി. ഈ ജയത്തോടെ 16 പോയിൻറുമായി ചെന്നൈ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. ഡൽഹിക്ക് 16 പോയൻറാണെങ്കിലും റൺറേറ്റിൽ പിറകിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.