വിഘ്നേഷ് പുത്തൂർ; മലപ്പുറം ടു മുംബൈ ഇന്ത്യൻസ്
text_fieldsമലപ്പുറം: തിങ്കളാഴ്ച രാത്രി സൗദി അറേബ്യയിലെ ജിദ്ദയിൽ ഐ.പി.എല്‍ താരലേലം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി... പെരിന്തൽമണ്ണ കുന്നപ്പള്ളി പുത്തൂർ വീട്ടിൽ ടി.വിയിൽ ലേലം കണ്ടുനിന്ന വിഘ്നേഷിനും കുടുംബത്തിനും പ്രതീക്ഷ ഏറക്കുറെ കൈവിട്ടിരുന്നു. എന്നാൽ, ലേലത്തിലെ അവസാനം വിളിച്ച രണ്ടുപേരിൽ ഒരാളായി വിഘ്നേഷിനെ മുംബൈ ഇന്ത്യൻസ് ടീമിലെടുത്തപ്പോൾ അത് സ്വപ്ന സാഫല്യമായി. രണ്ട് ദിവസങ്ങളിലായി സൗദി അറേബ്യയിൽ നടന്ന താരലേലത്തിൽ വിവിധ ടീമുകളിലെത്തിയ 182 പേരിൽ 181ാമനായാണ് വിഘ്നേഷ് മുംബൈ ടീമിൽ ഇടംപിടിച്ചത്. ഇടങ്കയ്യന്‍ സ്പിന്‍ ബൗളറായ 23കാരൻ വിഘ്നേഷിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപ നല്‍കിയാണ് മുംബൈ ടീമിലെത്തിച്ചത്.
ടി.വിയിലൂടെ മാത്രം കണ്ടിരുന്ന രോഹിത് ശർമയും ജസ്പ്രീത് ബുംറയുമടക്കം താരരാജാക്കന്മാരുടെ കൂടെയാണ് ഇനി ഈ മലപ്പുറത്തുകാരന്റെ ‘കൂട്ട്’... മുംബൈ ഇന്ത്യൻസ് ടീമിലെടുത്തപ്പോൾ വിഘ്നേഷിന്റെയും കുടുംബത്തിന്റെയും സന്തോഷം ബൗണ്ടറി കടന്നിരുന്നു. ‘‘ലേലത്തിന് മുമ്പ് മൂന്ന് തവണ മുംബൈ ഇന്ത്യൻസിന്റെ ട്രയൽസിൽ പങ്കെടുത്തിരുന്നു. ഐ.പി.എൽ ലേലത്തിൽ മുംബൈ വിളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു’’ -വിഘ്നേഷ് മനസ്സ് തുറന്നു. എന്നാലും ലേലം അവസാന ലാപ്പിലെത്തിയപ്പോൾ പ്രതീക്ഷ കുറഞ്ഞിരുന്നതായി പിതാവ് പി. സുനിൽ പറഞ്ഞു. മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടിയത് സ്വപ്നതുല്യ നേട്ടമാണെന്നും ഒരുപാടുപേരുടെ പിന്തുണയാണ് നേട്ടത്തിലേക്ക് വഴിതെളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ കേരള സീനിയര്‍ ടീമിന്റെ ജഴ്സി അണിഞ്ഞിട്ടില്ല.
കണ്ടംകളി കാര്യമായി
പെരിന്തല്‍മണ്ണ സ്റ്റാൻഡിലെ ഓട്ടോഡ്രൈവറായ പി. സുനിലിന്റെയും വീട്ടമ്മയായ കെ.പി. ബിന്ദുവിന്റെയും മകനായ വിഘ്നേഷിന് ക്രിക്കറ്റില്‍ പാരമ്പര്യങ്ങളൊന്നുമില്ല. ആറാം ക്ലാസ് മുതലാണ് ക്രിക്കറ്റ് കളിയിലേക്ക് ആകൃഷ്ടനാവുന്നത്. നാട്ടിലെ കളി കണ്ട് പ്രദേശവാസി ഷരീഫാണ് വിഘ്നേഷിലെ കഴിവ് തിരിച്ചറിഞ്ഞ് പെരിന്തൽമണ്ണയിലെ ക്രിക്കറ്റ് പരിശീലകനായ വിജയന്റെ അടുത്തെത്തിക്കുന്നത്. അദ്ദേഹമായിരുന്നു ആദ്യ പരിശീലകൻ. അതിനുശേഷം ക്രിക്കറ്റിൽ ബഹുദൂരം മുന്നോട്ടുപോയി.
കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ കളിച്ചു. ഈ വർഷം നടന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിൽ കളിക്കാൻ അവസരം ലഭിച്ചത് വഴിത്തിരിവായി. ക്രിക്കറ്റിൽ ഏറെ പേരുകേട്ട ചൈനാമാൻ ബൗളിങ്ങാണ് പിന്തുടരുന്നത്. ഈ വർഷം പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളജില്‍ എം.എ പൂർത്തിയാക്കി. തൃശൂർ സെന്റ് തോമസ് കോളജിലായിരുന്നു ബിരുദം. അങ്ങാടിപ്പുറം തരകൻ എച്ച്.എസിലാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.