കേരളത്തിൽ നിന്നും വിഘ്നേഷ് പുത്തൂർ ഐ.പി.എല്ലിലേക്ക്; സ്വന്തമാക്കിയത് മുംബൈ ഇന്ത്യൻസ്; 12 പേരിൽ വിറ്റുപോയത് മൂന്ന് പേർ മാത്രം
text_fieldsകേരളത്തിൽ നിന്നും ഐപിഎല്ലിലെ സർപ്രൈസ് എൻട്രിയായി മലപ്പുറം സ്വദേശിയായ വിഘ്നേഷ് പുത്തൂർ മുംബൈ ഇന്ത്യൻസ് ടീമിൽ. അടിസ്ഥാന വിലയായ 30 ലക്ഷം നൽകിയാണ് മലയാളിയായ ഈ ഓൾറൗണ്ടറിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. കേരള പ്രീമിയർ ലീഗിൽ ആലപ്പി റിപ്പിൾസിന്‍റെ താരമാണ് വിഘ്നേഷ് പുത്തൂർ. കേരള പ്രീമിയർ ലീഗ് മത്സരങ്ങൾ കാണാനെത്തിയ മുംബൈ ഇന്ത്യൻസ് സ്കൗട്ട് അദ്ദേഹത്തെ ട്രയൽസിന് ക്ഷണിച്ചിരുന്നു. പിന്നാലെ ഐ.പി.എല്ലിൽ സ്വന്തമാക്കി. 19 വയസുകാരനായി വിഘ്നേഷ് ചൈനമാൻ ബൗളറാണ്. ഇതുവരെ കേരളത്തിന്‍റെ സീനിയർ ടീമിൽ പോലും അദ്ദേഹം കളിച്ചിട്ടില്ല
വിഷ്ണു വിനോദും സച്ചിൻ ബേബിയുമാണ് ഐ.പി.എൽ ടീമുകൾ വാങ്ങിയ മറ്റു രണ്ടു മലയാളി താരങ്ങൾ. 30 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണു വിനോദിനെ 95 ലക്ഷം രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിനു വേണ്ടിയും വിഷ്ണു വിനോദ് ഏതാനും മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനായി സെഞ്ചുറി നേടിയതാരമാണ് വിഷ്ണു വിനോദ്. കേരള പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയ്‍ലേഴ്സിന്‍റെ നായകനും കേരള ക്രിക്കറ്റിന്‍റെ വെറ്ററൻ താരവുമായ സച്ചിൻ ബേബിയും ഐ.പി.എല്ലിൽ കളിക്കും.
30 ലക്ഷം അടിസ്ഥാന വിലയുള്ള ബേബിയെ അതേ വിലക്ക് സൺ റൈസേഴ്സ് ഹൈദരാബാദാണ് സ്വന്തമാക്കിയത്. 12 മലയാളി താരങ്ങൾ ലേലത്തിൽ പങ്കെടുത്തുവെങ്കിലും മൂന്ന് പേരെ മാത്രമാണ് ടീമുകൾ സ്വന്തമാക്കിയത്. രോഹൻ എസ് കുന്നുമ്മലിനെയും മുഹമ്മദ് അസ്ഹറുദ്ദീനെയും ടീമുകൾ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇവരെ ലേലത്തിൽ വിളിച്ചില്ല. അബ്ദുൽ ബാസിത്, സൽമാൻ നിസാർ എന്നിവരെയും ഒരു ടീമും ലേലത്തിൽ വിളിച്ചില്ല.
തമിഴ്നാടിനു വേണ്ടി കളിക്കുന്ന മലയാളി താരം സന്ദീപ് വാര്യർ രണ്ടുവട്ടം ലേലത്തിൽ വന്നെങ്കിലും ഒരു ടീമും സ്വന്തമാക്കിയില്ല. കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ ലേലത്തിന്റെ രണ്ടാം ദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ അടിസ്ഥാനവിലയായ രണ്ടുകോടി രൂപയ്ക്ക് സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.