'ഇടത് കൈ കൊണ്ട് ലെഗ് സ്പിൻ എറിയൂ'; വിഗ്നേഷ് പുത്തൂരിന്റെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞത് ഷരീഫ് ഉസ്താദ്
text_fieldsമലപ്പുറം: ഇന്ത്യൻ പ്രീമിയർ ലീഗിലെ പുത്തൻ താരോദയമായ മുംബൈ ഇന്ത്യൻസിന്റെ മലയാളി താരം വിഗ്നേഷ് പുത്തൂരിനെ ക്രിക്കറ്റിലേക്ക് കൈപിടിച്ച് ഉയർത്തിയവരുടെ കൂട്ടത്തിൽ ആദ്യത്തെ പേരാണ് ഷരീഫ് ഉസ്താദ്. ഷരീഫ് ഒരു മതപുരോഹിതൻ മാത്രമല്ല ഒന്നാന്തരം കളിക്കാരൻ കൂടിയായിരുന്നു. ബാക്കി കഥ ഷരീഫ് പറയും.
" നാട്ടിൽ അത്യാവശ്യം ക്രിക്കറ്റ് കളിച്ചിരുന്നയാളാണ് ഞാൻ. കളിയെ സീരിയസായി തന്നെ സമീപിച്ചത് കൊണ്ട് വിജയൻ സാറിന്റെ ക്യാമ്പിൽ പരിശീലനത്തിന് പോയിരുന്നു. പരിശീലനത്തിനിടെ ലഭിക്കുന്ന ടെക്നിക്കുകളും മറ്റും നാട്ടിൽ കളിക്കുന്നവർക്ക് കൂടി പറഞ്ഞുകൊടുക്കുമായിരുന്നു. അവിടെ കളിക്കാനെത്തിയതായിരുന്നു കണ്ണൻ(വിഗ്നേഷ്). മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു അവൻ. ആരും ഒന്നും പറഞ്ഞുകൊടുക്കാതെ തന്നെ അവന്റെയുള്ളിൽ നാചുറൽ ടാലന്റ് കാണാമായിരുന്നു.
നാട്ടിൻപുറത്തെ കളിക്ക് പുറമെ വീടിനടുത്തുള്ള റോഡിൽ ഞാനും അവനും സ്റ്റിച്ചിൽ പരിശീലിക്കുമായിരുന്നു. ഇവൻ പാടത്ത് കളിക്കേണ്ടവനല്ല, ക്യാമ്പിലേക്കാണ് പോകേണ്ടത് മനസിലാക്കി തന്റെ പരിശീലകനായ വിജയൻ സാറിനോട് ഞാൻ കണ്ണന്റെ കാര്യം പറഞ്ഞു. അങ്ങനെ വീട്ടുകാരുമായി സംസാരിച്ച് ഞാൻ തന്നെയാണ് വിജയൻ സാറിന്റെ ക്യാമ്പിലെത്തിക്കുന്നത്. തുടക്കത്തിൽ അവൻ മീഡിയം പേസറായിരുന്നു. ഇടത് കൈ കൊണ്ട് എറിഞ്ഞിരുന്നത്. ഇടത് കൈ കൊണ്ട് ലെഗ്സിപിൻ എറിയാൻ കഴിഞ്ഞാൻ അത് മുതൽക്കൂട്ടാവുമെന്ന് ഞാൻ അവനോട് പറഞ്ഞുകൊടുത്തു. കാരണം അങ്ങനെയുള്ളവർ ക്രിക്കറ്റിൽ അപൂർവമാണ്. പറഞ്ഞുകൊടുത്തുവെന്നേയുള്ളൂ. അവന് അത് മനോഹമായി ചെയ്തു. വിജയൻ സാറിന്റെ അടുത്ത് എത്തിയതോടെ സാറ് അത് കൂറേ കൂടി വൃത്തിയായി ചെയ്യാൻ പഠിപ്പിച്ചു. ഞാൻ അണ്ടർ 19 ജില്ല തലം വരെ കളിച്ചു. പിന്നീട് ക്രിക്കറ്റിന് പിറകെ പോകാൻ കഴിഞ്ഞില്ല. വിഗ്നേഷ് നല്ല ടാലന്റ് ഉള്ളത് കൊണ്ട് ട്രാക്കിലേക്ക് കയറി." ഷരീഫ് പറഞ്ഞു.
എന്നാൽ, വിഗ്നേഷിന്റെ ഐ.പി.എല്ലിലെ മിന്നും പ്രകടനം കാണാൻ ഷരീഫിന് കഴിഞ്ഞിട്ടില്ല. റമദാനുമായി ബന്ധപ്പെട്ട തിരക്കുകൾ കഴിഞ്ഞാൽ തീർച്ചയായും കളിക്കൂട്ടുകാരന്റെ കളി കാണുമെന്നും ഷരീഫ് പറയുന്നു.
ചെന്നൈ സൂപ്പർ കിങ്സിനെതിരെ മത്സരത്തിലാണ് മുംബൈക്ക് വേണ്ടി മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വിഗ്നേഷ് പുത്തൂർ അരങ്ങേറ്റം കുറിക്കുന്നത്. ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്വാദിന്റെ ഉൾപ്പെടെ മൂന്ന് വിലപ്പെട്ട വിക്കറ്റുകളാണ് വീഴ്ത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.