വിജയ് ഹസാരെ ട്രോഫി: റെയിൽവേക്കെതിരെ കേരളത്തിന് ഏഴുറൺസ് വിജയം
text_fieldsബംഗളൂരു: വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ റെയിൽവേസിനെതിരെ കേരളത്തിന് ത്രസിപ്പിക്കുന്ന ജയം. ആവേശം അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ ഏഴു റൺസിനായിരുന്നു കേരളത്തിന്‍റെ വിജയം. ആദ്യം ബാറ്റുചെയ്ത കേരളം റോബിൻ ഉത്തപ്പയുടെയും (100) വിഷ്ണു വിനോദിന്‍റെയും (107) തകർപ്പൻ സെഞ്ച്വറികളുടെ മികവിൽ 50 ഓവറിൽ ആറുവിക്കറ്റിന് 351 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റെയിൽവേസ് രണ്ടുപന്ത് ബാക്കി നിൽക്കേ 344 റൺസിന് പുറത്തായി. മൃണാൽ ദേവ്ധർ (79), അരിന്ദം ഘോഷ് (64), സൗരഭ് സിങ് (50), ഹർഷ് ത്യാഗി (58) എന്നിവർ റെയിൽവേക്കായി പൊരുതിനോക്കി.
കേരളത്തിനായി നിതീഷ് എം.ഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രീശാന്ത്, എൻ. ബാസിൽ, സചിൻ ബേബി എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി.
തകർപ്പൻ ഫോമിൽ തുടരുന്ന റോബിൻ ഉത്തപ്പയുടേയും വിഷ്ണുവിനോദിന്റെയും സെഞ്ച്വറികളാണ് കേരളത്തിന്‍റെ ഇന്നിങ്സിന് ഇന്ധനമായത്. പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു സാംസൺ അതിവേഗത്തിൽ അർധ സെഞ്ച്വറി കൂടി കുറിച്ചതോടെ കേരളത്തിന്‍റെ സ്കോർ കുതിച്ചുപാഞ്ഞു. എന്നാൽ തുടർന്നെത്തിയ സചിൻ ബേബി (1), മുഹമ്മദ് അസ്ഹറുദ്ദീൻ (5) എന്നിവർക്ക് തിളങ്ങാനാകാത്തതിനാൽ കേരള സ്കോറിങ് അൽപ്പം തണുത്തു. വാലറ്റത്ത് പൊരുതിയ വത്സലാണ് (46) കേരള സ്കോർ 350 കടത്തിയത്.
104 പന്തുകളിൽ നിന്നും എട്ടു ബൗണ്ടറികളും അഞ്ചുസിക്സറുകളുമടക്കമാണ് ഉത്തപ്പ സെഞ്ച്വറി കുറിച്ചത്. ഇതോടെ വിജയ് ഹസാരെ േട്രാഫിയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരമായി ഉത്തപ്പ മാറി.
11 സെഞ്ച്വറികൾ നേടിയ ഉത്തപ്പ യഷ്പാൽ സിങ്ങിന്‍റെ പത്ത് സെഞ്ച്വറികളെന്ന റെക്കോർഡാണ് പഴങ്കഥയാക്കിയത്. അഞ്ചുബൗണ്ടറികളും നാലുസിക്സറുകളുമടക്കം 107 പന്തിൽ 107 റൺസുമായി വിഷ്ണുവിനോദ് മറുഭാഗത്തും ആഘോഷപൂർവ്വം ബാറ്റുവീശി.
ഉത്തപ്പക്ക് ശേഷം ക്രീസിലെത്തിയ സഞ്ജു തുടക്കം മുതൽ ആക്രമിച്ചാണ് കളിച്ചത്. വെറും 25 പന്തിലാണ് സഞ്ജു അർധ ശതകം പൂർത്തിയാക്കിയത്. 29 പന്തിൽ 61 റൺസെടുത്ത സഞ്ജു റെയിൽവേ ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിയോടിക്കുകയായിരുന്നു. ഏഴാം തവണയാണ് കേരളം ലിസ്റ്റ് എ മത്സരത്തിൽ 300ന് മുകളിൽ സ്കോർ ചെയ്യുന്നത്. ലിസ്റ്റ് എ മത്സരങ്ങളിലെ കേരളത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.