വിജയ് ഹസാരെ ട്രോഫി: രോഹൻ 134; കേരളം ഗോവയെ തരിപ്പണമാക്കി
text_fieldsബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ ഗോവക്കെതിരെ കേരളത്തിന് ഉജ്ജ്വല ജയം. എതിരാളികൾ ഉയർത്തിയ 242 റൺസ് ലക്ഷ്യം 38.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 17 ബൗണ്ടറിയും നാല് സിക്സുമടക്കം 101 പന്തിൽ 134 റൺസ് നേടിയ രോഹൻ കുന്നുമ്മലിന്റെ തകർപ്പൻ ബാറ്റിങ്ങാണ് കേരളത്തിന് കരുത്തായത്.
ക്യാപ്റ്റൻ സചിൻ ബേബി 51 റൺസുമായി പുറത്താവാതെ നിന്നു. ടോസ് നേടിയ സചിൻ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന്, ആദ്യം ബാറ്റ് ചെയ്ത ഗോവ 50 ഓവറിൽ എട്ട് വിക്കറ്റിന് 241 റൺസെടുത്തു. 69 റൺസ് നേടിയ ദർശൻ മിസാലാണ് ഗോവയുടെ ടോപ് സ്കോറർ.
കേരളത്തിനുവേണ്ടി അഖിൽ സ്കറിയ 10 ഓവറിൽ 34 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. എൻ.പി ബേസിൽ രണ്ടും കെ.എം. ആസിഫും വിനൂപ് മനോഹരനും ഓരോ വിക്കറ്റും വീഴ്ത്തി. പി. രാഹുൽ (14), വത്സൽ ഗോവിന്ദ് (22), വിഷ്ണു വിനോദ് (ഒന്ന്), വിനൂപ് (ആറ്), അക്ഷയ് ചന്ദ്രൻ (ആറ് നോട്ടൗട്ട്) എന്നിങ്ങനെയാണ് കേരളത്തിന്റെ ഇതര ബാറ്റർമാരുടെ സംഭാവനകൾ.
മറ്റു മത്സരങ്ങളിൽ ജമ്മു-കശ്മീർ 99 റൺസിന് നാഗാലാൻഡിനെയും ബറോഡ ഒമ്പത് വിക്കറ്റിന് പഞ്ചാബിനെയും മധ്യപ്രദേശ് ആറ് വിക്കറ്റിന് ഒഡിഷയെയും ഹരിയാന ഒമ്പത് വിക്കറ്റിന് ബിഹാറിനെയും ആന്ധ്ര 261 റൺസിന് അരുണാചൽ പ്രദേശിനെയും ചണ്ഡിഗഢ് നാല് റൺസിന് ത്രിപുരയെയും ഹിമാചൽപ്രദേശ് 199 റൺസിന് മണിപ്പൂരിനെയും ഉത്തർപ്രദേശ് ആറ് വിക്കറ്റിന് ഗുജറാത്തിനെയും ഹൈദരാബാദ് അഞ്ച് വിക്കറ്റിന് സൗരാഷ്ട്രയെയും പുതുച്ചേരി അഞ്ച് വിക്കറ്റിന് സർവിസസിനെയും മഹാരാഷ്ട്ര മൂന്ന് വിക്കറ്റിന് ബംഗാളിനെയും അസം 164 റൺസിന് മേഘാലയെയും വിദർഭ ഏഴ് വിക്കറ്റിന് സിക്കിമിനെയും കർണാടക ആറ് വിക്കറ്റിന് ഝാർഖണ്ഡിനെയും രാജസ്ഥാൻ 52 റൺസിന് ഡൽഹിയെയും തമിഴ്നാട് 14 റൺസിന് ഛത്തിസ്ഗഢിനെയും റെയിൽവേസ് 254 റൺസിന് മിസോറമിനെയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.