ബാല്യകാലത്തെ ഉറ്റസുഹൃത്ത്, ലോക റെക്കോഡിൽ ഒപ്പംനിന്ന അതുല്യ പ്രതിഭ, കാംബ്ലിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് സങ്കടപ്പെട്ട് സചിൻ, മുറുകെപ്പിടിച്ച കൈ വിടാതെ കാംബ്ലിയും..
text_fieldsമുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറും ബാല്യകാല സുഹൃത്തും ഇന്ത്യൻ താരവുമായിരുന്ന വിനോദ് കാംബ്ലിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വൈകാരിക രംഗങ്ങൾ.
കുട്ടിക്കാലത്തുതന്നെ ഇരുവരുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് ക്രിക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയ പരിശീലകൻ രമാകാന്ത് അചരേക്കറുടെ പേരിലുള്ള സ്മാരക അനാച്ഛാദന ചടങ്ങിലാണ് സചിനും കാംബ്ലിയും വീണ്ടും കണ്ടുമുട്ടിയത്. അപൂർവ കൂടിക്കാഴ്ചയിൽ കാംബ്ലി ഏറെ അവശനായിരുന്നു. സ്കൂൾ കാലത്ത് ഇരുവരെയും പരിശീലിപ്പിച്ചത് അചരേക്കറായിരുന്നു. സ്‌കൂൾ ക്രിക്കറ്റിൽ 664 റൺസിന്‍റെ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരുടെയും റെക്കോഡ് ഇനിയും ആരും മറികടന്നിട്ടില്ല.
ശാരദാശ്രം വിദ്യാമന്ദിർ സ്കൂളിലെ പഠന കാലത്ത് ഹാരിസ് ഷീൽഡ് കപ്പ് സെമിഫൈനലിലാണ് റെക്കോഡ് പ്രകടനം.
അപരാജിത ട്രിപ്പ്ൾ സെഞ്ച്വറിയുമായി ഇരുവരും കളംവാണു. പിന്നാലെ സചിൻ ക്രിക്കറ്റിലെ ഇതിഹാസമായി വളർന്നപ്പോൾ, മികച്ച അരങ്ങേറ്റം കുറിച്ചിട്ടും പതിയെ കാംബ്ലി ക്രിക്കറ്റിന്‍റെ വെള്ളിവെളിച്ചത്തിൽനിന്ന് ഓർമയിലേക്ക് പതിച്ചു. ഇന്ത്യക്കായി 17 ടെസ്റ്റുകളിൽനിന്ന് 1084 റൺസും 104 ഏകദിനത്തിൽനിന്ന് രണ്ടു സെഞ്ച്വറിയടക്കം 2,477 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റിൽ രണ്ടു ഡബ്ൾ സെഞ്ച്വറിയും താരത്തിന്‍റെ പേരിലുണ്ട്.
ഇരുവരുടെയും കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വേദിയിലേക്ക് കയറിവരുന്നതിനിടെ സചിൻ കാംബ്ലിയുടെ അടുത്തേക്ക് ചെന്ന് കൈകൊടുക്കുന്നതും സൗഹൃദം പങ്കിടുന്നതും വിഡിയോയിലുണ്ട്. തീരെ അവശനായാണ് കാംബ്ലി വിഡിയോയിലുള്ളത്.
ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന കാംബ്ലി ഇരിപ്പിടത്തിലേക്ക് തിരിച്ചുപോകാനിരുന്ന സചിന്‍റെ കൈ മുറുകെ പിടിച്ച് വിടാൻ വിസമ്മതിക്കുന്നുണ്ട്. മറ്റൊരു വിഡിയോയിൽ പരിപാടിക്കുശേഷം കാംബ്ലി സചിനെ ആലിംഗനം ചെയ്യുകയും തലയിൽ തൊടുന്നതും കാണാം. മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് പരിപാടിയിൽ പങ്കെടുത്തത്.
മോശം ഫോമിനെ തുടർന്ന് ക്രിക്കറ്റിൽനിന്ന് കളമൊഴിഞ്ഞ കാംബ്ലി വലിയ സാമ്പത്തിക പ്രയാസത്തിലായിരുന്നു. ബി.സി.സി.ഐ നൽകുന്ന പെൻഷൻ കൊണ്ടുമാത്രമാണ് താനും കുടുംബവും കഴിയുന്നതെന്ന് വർഷങ്ങൾക്കു മുമ്പ് താരം വെളിപ്പെടുത്തിയിരുന്നു. നേരത്തെ മദ്യപിച്ച് ലക്കുകെട്ട് നിൽക്കുന്ന കാംബ്ലിയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കൂടാതെ, കടുത്ത ആരോഗ്യപ്രശ്നങ്ങളും താരത്തെ അലട്ടുന്നുണ്ട്. 2013ൽ ഹൃദയാഘാതമുണ്ടായ താരം ആൻജിയോ പ്ലാസ്റ്റിക് വിധേയനായിരുന്നു. ഇതിനിടെ നടക്കാൻ ഏറെ പ്രയാസപ്പെടുന്ന താരത്തിന്‍റെ വിഡിയോ പുറത്തുവന്നതും പലവിധ അഭ്യൂഹങ്ങൾക്ക് കാരണമായി. പിന്നാലെ തനിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് താരത്തിന് തന്നെ തുറന്നുപറയേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.